scorecardresearch
Latest News

FIFA World Cup 2022: ഖത്തറില്‍ സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് സാങ്കേതികവിദ്യയുമായി ഫിഫ; അറിയാം

ഓട്ടോമേറ്റഡ് ഓഫ്സൈഡ് സാങ്കേതികവിദ്യ എന്താണെന്നും എപ്രകാരമാണ് ഉപയോഗിക്കുന്നതെന്നും പരിശോധിക്കാം

FIFA World Cup 2022: ഖത്തറില്‍ സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് സാങ്കേതികവിദ്യയുമായി ഫിഫ; അറിയാം

ഖത്തറില്‍ നടക്കാനിരിക്കുന്ന 2022 ഫിഫ ഫുട്ബോള്‍ ലോകകപ്പില്‍ സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ഫിഫ. ഇത് ഉപയോഗിച്ചായിരിക്കും വിഡിയോ ഒഫീഷ്യലുകള്‍ ഓഫ്സൈഡ് നിര്‍ണയിക്കുക. ഇതിനായി സ്റ്റേഡിയത്തിനുള്ളില്‍ 12 ക്യാമറകളും പന്തിനുള്ളില്‍ സെന്‍സറും സ്ഥാപിക്കും.

3ഡി അനിമേഷന്‍ ഉപയോഗിച്ചായിരിക്കും കാണികളുമായുള്ള ആശയവിനിമയം. ഈ സാങ്കേതികവിദ്യ ആദ്യമായാണ് പുരുഷ ലോകകപ്പില്‍ പരീക്ഷിക്കുന്നത്. റഫറി എടുക്കുന്ന തീരുമാനങ്ങള്‍ക്ക് കൂടുതല്‍ വേഗതയും കൃത്യതയും നല്‍കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 2021 ഫിഫ അറബ് കപ്പിലും ഫിഫ ക്ലബ്ബ് ലോകകപ്പിലും ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു.

“സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് സാങ്കേതികവിദ്യ ലോകമെമ്പാടും നടപ്പിലാക്കിയ വാറിന്റെ ഒരു പരിണാമമാണ്. ടീമുകൾക്ക് ഏറ്റവും മികച്ചത് നൽകുന്നതിനായി മൂന്ന് വർഷത്തെ ഗവേഷണത്തിന്റെയും പരിശോധനയുടെയും ഫലമാണ് ഈ സാങ്കേതികവിദ്യ,” ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു.

“എല്ലാ തലങ്ങളിലും ഫുട്ബോൾ മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ ഫിഫ പ്രതിജ്ഞാബദ്ധമാണ്, 2022 ലെ ഫിഫ ലോകകപ്പിൽ സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് സാങ്കേതികവിദ്യയുടെ ഉപയോഗം ഇതിന്റെ ഏറ്റവും വ്യക്തമായ തെളിവാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനം

സ്റ്റേഡിയത്തിന്റെ റൂഫില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളും പന്തിനുള്ളിലെ സെന്‍സറുമാണ് ഇതിനായി ഉപയോഗിക്കുന്നത്. പന്തും കളിക്കാരുടെ ചലനങ്ങളും നിരീക്ഷിക്കുന്നതിനാണ് ക്യാമറകള്‍. കളിക്കാരുടെ ശരീരത്തിലെ അവയവങ്ങള്‍ ഉള്‍പ്പെടെ 29 പോയിന്റുകളാണ് ഓഫ്സൈഡ് നിര്‍ണയിക്കുന്നതിനായി നിരീക്ഷിക്കുന്നത്.

പന്തിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന സെൻസർ വീഡിയോ ഓപ്പറേഷൻ റൂമിലേക്ക് സെക്കൻഡിൽ 500 തവണയാണ് പന്തിന്റെ ചലനത്തെപ്പറ്റി വിവരങ്ങള്‍ കൈമാറുന്നത്. കളിക്കാരന്‍ എവിടെ കിക്ക് ചെയ്തു മറ്റ് താരങ്ങള്‍ എവിടെയെന്നതെല്ലാം കൃത്യതയോടെ അറിയാന്‍ കഴിയും. ഇത്തരത്തില്‍ വീഡിയോ ഓപ്പറേഷൻ റൂമിലെ വീഡിയോ ഓഫീഷ്യലുകള്‍ക്ക് ഒരു ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് അലേർട്ട് ലഭിക്കും.

ഓൺ ഫീൽഡ് റഫറിയെ അറിയിക്കുന്നതിന് മുമ്പ്, വീഡിയോ ഓഫീഷ്യല്‍സ് കിക്ക് പോയിന്റും ഓഫ്‌സൈഡ് ലൈനും പരിശോധിക്കും. ഇത് കളിക്കാരുടെ കൈകാലുകളുടെ സ്ഥാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ശേഷമായിരിക്കും ഓണ്‍ ഫീല്‍ഡ് റഫറിയെ അറിയിക്കുക. ഇതോടെ റഫറിക്ക് ഓഫ്‌സൈഡ് തീരുമാനങ്ങൾ വേഗത്തിലും കൃത്യമായും എടുക്കാൻ കഴിയും.

പ്രസ്തുത പ്രക്രിയകള്‍ക്ക് കേവലം സെക്കന്‍ഡുകള്‍ മാത്രമായിരിക്കും ആവശ്യമായി വരിക. ശേഷം സ്റ്റേഡിയത്തിലുള്ള സ്ക്രീനിലൂടെ 3ഡി അനിമേഷന്‍ ഉപയോഗിച്ച് ഓഫ്സൈഡ് നിര്‍ണയം സംബന്ധിച്ച് കാണികള്‍ക്ക് വ്യക്തത വരുത്തും.

Also Read: FIFA World Cup 2022: ഫുട്ബോള്‍ പ്രേമികളുടെ ശ്രദ്ധയ്ക്ക്; ലോകകപ്പിന് ടിക്കറ്റുറപ്പിക്കാന്‍ അവസാന അവസരം ഇതാ

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Fifa world cup 2022 what is semi automated offside technology