scorecardresearch
Latest News

നിരാശയുടെ കുപ്പായമഴിച്ച് നീണ്ട നിശബ്ദതയ്ക്ക് ശേഷം അര്‍ജന്റീനന്‍ താരങ്ങളോട് മെസി പറഞ്ഞത്

മത്സരശേഷം ലുസൈല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ ലോക്കര്‍ റൂമില്‍ സമ്പൂര്‍ണ നിശബ്ദതയായിരുന്നു. സഹതാരങ്ങളുടെ നിരാശയെക്കുറിച്ചുള്ള ചോദ്യത്തിന് പടനായകന്‍ ലയണല്‍ മെസിക്ക് നല്‍കാനുണ്ടായിരുന്ന മറുപടി രണ്ട് വാക്കില്‍ ഒതുങ്ങി, ‘അവര്‍ മരിച്ചു’

നിരാശയുടെ കുപ്പായമഴിച്ച് നീണ്ട നിശബ്ദതയ്ക്ക് ശേഷം അര്‍ജന്റീനന്‍ താരങ്ങളോട് മെസി പറഞ്ഞത്
Photo: Facebook/Leo Messi

ലോകകപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് വഴങ്ങേണ്ടി വന്ന തോല്‍വി അര്‍ജന്റീനന്‍ ആരാധകരെ മാത്രമല്ല താരങ്ങളേയും ഉലച്ചിരിക്കുകയാണ്. മത്സരശേഷം ലുസൈല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ ലോക്കര്‍ റൂമില്‍ സമ്പൂര്‍ണ നിശബ്ദതയായിരുന്നു. സഹതാരങ്ങളുടെ നിരാശയെക്കുറിച്ചുള്ള ചോദ്യത്തിന് പടനായകന്‍ ലയണല്‍ മെസിക്ക് നല്‍കാനുണ്ടായിരുന്ന മറുപടി രണ്ട് വാക്കില്‍ ഒതുങ്ങി, ‘അവര്‍ മരിച്ചു’.

“സത്യമാണ് ചോദിക്കുന്നതെങ്കില്‍, അവര്‍ മരിച്ചു. ഇത് വളരെ കഠിനമായ പ്രഹരമാണ്, കാരണം ഈ രീതിയിൽ ലോകകപ്പ് ആരംഭിക്കാനല്ല ഞങ്ങള്‍ ആഗ്രഹിച്ചത്. ആശ്വാസമാകുന്ന മൂന്ന് പോയിന്റുകൾ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. ഒരു കാരണത്താലാണ് എല്ലാം സംഭവിക്കുന്നത്. വരാനിരിക്കുന്ന കാര്യങ്ങൾക്കായി ഞങ്ങൾ തയാറെടുക്കേണ്ടിയിരിക്കുന്നു, വിജയിക്കണം,” മെസി പറഞ്ഞു.

ഒരു മണിക്കൂറോളോം അര്‍ജന്റീനന്‍ താരങ്ങള്‍ ലോക്കര്‍ റൂമില്‍ തുടര്‍ന്നെങ്കിലും മെസി ഒരു വാക്കുപോലും പറഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഹോട്ടലിലേക്കുള്ള യാത്രാമധ്യേ മെസി ഒരു നായകന്റെ കുപ്പായമണിഞ്ഞു. അര്‍ജന്റീനയിലെ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള പത്രമായ ക്ലാരിനില്‍ വിശദാംശങ്ങളുണ്ട്. മെസിയുടെ വാക്കുകളിലേക്ക് പോകുന്നതിന് മുന്‍പ് തലക്കെട്ടായിരുന്നു കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത്. ‘പ്രതികാരം തേടുന്നു’ എന്നായിരുന്നു തലക്കെട്ട്.

ഖത്തറിലെ നാഷണൽ യൂണിവേഴ്‌സിറ്റിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു മെസി ടീം അംഗങ്ങളോട് സംസാരിച്ചത്. “ഈ ഗ്രൂപ്പ് എങ്ങനെ രൂപപ്പെട്ടുവെന്ന് കാണിക്കാനുള്ള അവസരമാണിത്, എന്നത്തേക്കാളും ശക്തരാകുക, മുന്നോട്ടു നോക്കുക,” മെസി പറഞ്ഞു.

അവർ ക്യാമ്പസിലെത്തിയപ്പോൾ, പലരും ലഘുഭക്ഷണത്തിനായി എത്തിയില്ല, മുറിയില്‍ തന്നെ തുടരാനായിരുന്നു എല്ലാവരും തീരുമാനിച്ചിരുന്നത്. പലരും കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും വിളിച്ചതായും റിപ്പോര്‍ട്ടുണ്ട്.

വൈകാതെ തന്നെ പരിശീലകന്‍ ലയണല്‍ സ്കലോണിയുടെ നേതൃത്വത്തില്‍ മീറ്റിങ് വിളിച്ചുചേര്‍ത്തു. “ആത്മവിശ്വാസം ഉയർത്താനുള്ള സംഭാഷണമായിരുന്നുവെന്ന് അവർ പറയുന്നു, പ്രത്യേകിച്ച് ഇത്തരത്തിലുള്ള മത്സരങ്ങളിൽ പരിചയമില്ലാത്തവരുടെ. ടീമിലെ ഭൂരിഭാഗവും ലോക കപ്പിലെ പുതുമുഖങ്ങളാണ്, അതുകൊണ്ടാണ് ഇത്തരത്തിലുള്ള സാഹചര്യത്തിൽ മാനസികമായ പിന്തുണ അവര്‍ക്ക് നല്‍കേണ്ടതുണ്ട്, ”ക്ലാരിൻ റിപ്പോർട്ട് ചെയ്തു.

വൈകാതെ തന്നെ താരങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും വന്നു. തിരിച്ചു വരവിന് മുന്നോടിയായുള്ള പിന്നോട്ടുപോക്കെന്ന പോലെയായിരുന്നു സന്ദേശങ്ങള്‍.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Fifa world cup 2022 what did leo messi tell his team mates after the loss to saudi arabia