FIFA World Cup 2022 Ticket Sale and Availability: ഈ വര്‍ഷം ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പിന്റെ അവസാന ടിക്കറ്റുകളുടെ വില്‍പന തീയതി പ്രഖ്യപിച്ചു. ജൂലൈ അഞ്ചാം തീയതി മുതലാണ് ടിക്കറ്റുകള്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് ലഭ്യമാകുക. ഓഗസ്റ്റ് 16 വരെയായിരിക്കും വില്‍പന നടക്കുക.
ജൂലൈ അഞ്ച് പ്രാദേശിക സമയം ഉച്ചയ്ക്ക് 12 (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30) മുതല്‍ ഓഗസ്റ്റ് 16-ാം തീയതി 12 മണിവരെയാണ് വില്‍പന. ആദ്യ രണ്ട് ഘട്ടങ്ങളിലായി 18 ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയിട്ടുള്ളത്. എന്നാല്‍ ഇനിയെത്ര ടിക്കറ്റുകള്‍ വില്‍പനയ്ക്കുണ്ടെന്ന കാര്യത്തില്‍ ഫിഫ ഔദ്യോഗിക വിവരം പങ്കുവച്ചിട്ടില്ല.
Also Read: FIFA World Cup 2022: ഇതിഹാസങ്ങളുടെ അവസാന ലോകകപ്പ്; ഖത്തറില്‍ ബൂട്ടഴിക്കാന്‍ സാധ്യതയുള്ള 10 താരങ്ങള്‍
അടുത്ത ഘട്ട ടിക്കറ്റ് വില്‍പനയ്ക്ക് ആഗോള തലത്തില്‍ മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്ന് ഫിഫ അധികൃതര്‍ പറയുന്നു. ലോകകപ്പില്‍ സ്പോണ്‍സര്‍മാര്‍ക്കുള്‍പ്പടെ ഏകദേശം 30 ലക്ഷം ടിക്കറ്റുകളാണ് ആകെയുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
80,000 പേരെ ഉള്‍ക്കൊള്ളിക്കാവുന്ന ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിന്റെ ടിക്കറ്റിന് 50 ലക്ഷം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നതെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു. നവംബര്‍ 21 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് ഡിസംബര്‍ 18 ന് അവസാനിക്കും.
ആതിഥേയത്വം വഹിക്കുന്ന ഖത്തര്‍ അല്ലാതെ ടിക്കറ്റുകള്‍ ഏറ്റവുമധികം വാങ്ങിച്ചു കൂട്ടുന്ന രാജ്യക്കാരുടെ പട്ടികയില്‍ ഇന്ത്യയുമുണ്ട്. കാനാഡ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, സൗദി അറേബ്യ, സ്പെയിന്‍, യുഎഇ, യുഎസ്എ എന്നിവയാണ് ആദ്യ 10 രാജ്യങ്ങള്‍.
Also Read: FIFA World Cup 2022: ആരാധകര്‍ അങ്ങനെ ആറാടണ്ട; ഖത്തര്‍ ലോകകപ്പിന് ലൈംഗിക നിയന്ത്രണവും