നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2018-ലെ ഫുട്ബോള്‍ ലോകകപ്പ് സമയത്ത്. അര്‍ജന്റീനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനായ റമ പന്റരോട്ടൊ ലയണല്‍ മെസിക്കൊരു ചുവപ്പ് ചരട് സമ്മാനിച്ചു. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീന തിരിച്ചടികള്‍ നേരിട്ട സമയമായിരുന്നു അത്.
അന്ന് ആ ചരട് മെസിക്ക് കൈമാറുന്നതിന് മുന്‍പ് റമ പറഞ്ഞത് ഇപ്രകാരമായിരുന്നു. “ഞാന്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നതിനായി ഒരു ചുവപ്പ് ചരട് സൂക്ഷിക്കും. നിങ്ങള്‍ക്ക് വേണമെങ്കില്‍ എനിക്കത് തരാന്‍ സാധിക്കും. ഇതെന്റെ അമ്മ എനിക്ക് നല്‍കിയതാണ്. അതുകൊണ്ട് നിങ്ങള്‍ അത് സുരക്ഷിതമായി സൂക്ഷിക്കണം. എന്റെ അമ്മ ഇത് നിങ്ങള്‍ക്ക് നല്‍കാനാണ് പറഞ്ഞിരിക്കുന്നത്”.
പിന്നാലെ നടന്ന മത്സരത്തില്‍ അര്‍ജന്റീനയെ വിജയത്തിലേക്ക് നയിക്കാന്‍ മെസിക്കായി. മത്സരശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മെസി കാത്തിരുന്ന റമയ്ക്ക് ലഭിച്ചത് ജീവിതത്തിലെ തന്നെ ഏറ്റവും വലിയ സര്‍പ്രൈസുകളില്‍ ഒന്നായിരുന്നു. റമ നല്കിയ ചരട് ധരിച്ചായിരുന്നു മെസി അന്ന് കളിച്ചിരുന്നത്.
തന്റെ പ്രിയപ്പെട്ട ഇടം കാലിലായിരുന്നു മെസി ചരട് കെട്ടിയിരുന്നത്. അത് റമയെ മെസി ചൂണ്ടിക്കാണിക്കുകയും ചെയ്തു. ആ ചരട് തീർച്ചയായും ഒരു ഭാഗ്യമാണെന്ന് പറയപ്പെടുന്നു, കാലക്രമേണ മെസി അത് തന്റെ മറ്റ് സഹതാരങ്ങൾക്ക് കൈമാറി.
വീഡിയോ കാണാം:
2018-19 സീസണില്‍ ബാഴ്സലോണയിലായിരുന്നപ്പോള്‍ ബ്രസീലിയന്‍ താരം ഫിലിപ്പി കൗട്ടീഞ്ഞ്യോയും സമാന ചരട് ധരിച്ചുകണ്ട്. 2019-ല്‍ അര്‍ജന്റീനയുടെ യുവതാരം പൗലൊ ഡിബാല അര്‍ജന്റീനയ്ക്കായി ഒരു ടൂര്‍ണമെന്റില്‍ ആദ്യ ഗോള്‍ നേടിയപ്പോഴും അത്തരമൊരു ചരട് ഒപ്പമുണ്ടായിരുന്നു.
കളത്തിലല്ലാത്ത സമയങ്ങളിലും മെസി ഈ ചരട് ധരിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഖത്തറില്‍ നടന്ന ഫൈനലില്‍ അര്‍ജന്റീനയുടെ ഗോള്‍ കീപ്പര്‍ എമിലിയാനൊ മാര്‍ട്ടിനസും ചുവന്ന ചരട് ധരിച്ചിരുന്നു. ഫ്രാന്‍സിന്റെ കിങ്സ്ലി കോമന്റെ പെനാലിറ്റി തടയാനും മാര്‍ട്ടിനസിനായി.