വലിയ ഗ്ലാസ് നിറയെ ബിയറുമായി ലയണല്‍ മെസിയും ക്രിസ്റ്റ്യാനൊ റൊണാഡോയുമൊക്കെ ഖത്തറില്‍ പന്തുതട്ടുന്നത് കാണാന്‍ കൊതിച്ചിരിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് നിരാശയായിരിക്കും ഫലം. ഖത്തര്‍ ലോകകപ്പില്‍ സ്റ്റേഡിയത്തിനക്ക് മദ്യ വിതരണമുണ്ടാകില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. വിതരണം മാത്രമല്ല മേടിച്ചുകൊണ്ടു വന്ന് കുടിക്കാനും കഴിയില്ല.
സ്റ്റേഡിയത്തിന്റെ പുറത്ത് കളിക്ക് മുന്‍പും ശേഷവും മാത്രം ബിയര്‍ ലഭ്യമാകുമെന്നാണ് സൂചന. ലോകകപ്പ് സംഘാടക സമിതിയോട് അടുത്തു നില്ക്കുന്ന വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മദ്യം ഉള്‍പ്പടെയുള്ള നിരവധി കാര്യങ്ങളില്‍ നിയന്ത്രണമുള്ള രാജ്യമാണ് ഖത്തര്‍. ഇത്തരം നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യം ആദ്യമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
“സ്റ്റേഡിയത്തിനകത്തെ കാര്യങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ല. എന്നിരുന്നാലും ഇപ്പോഴത്തെ സ്ഥിതിഗതികള്‍ അനുസരിച്ച് സ്റ്റേഡിയത്തിലേക്ക് വരുമ്പോഴും പോകുമ്പോഴും ആരാധകര്‍ക്ക് ബിയര്‍ കഴിക്കാം. പക്ഷെ സ്റ്റേഡിയത്തിനകത്ത് വിതരണം ചെയ്യില്ല,” സംഘാടക സമിതിയോട് അടുത്ത നില്ക്കുന്നവര് റോയിട്ടേഴ്സിനോട് പറഞ്ഞു. ഫുട്ബോള്‍ ആരാധകരുടെ ആവശ്യങ്ങള്‍ ഖത്തര്‍ എങ്ങനെ സാധ്യമാക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
മദ്യവും ഫുട്ബോളും തമ്മിലുള്ള ബന്ധം കുറച്ചു കാലമായി അത്ര സുഖകരമായല്ല മുന്നോട്ടു പോകുന്നത്. 2014 ല്‍ ഫിഫയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ബ്രസീല്‍ മദ്യത്തിനുള്ള വിലക്ക് നീക്കിയത്. ഖത്തര്‍ 2010 ല്‍ ആതിഥേയത്വ കരാര്‍ നേടിയതിന് പിന്നാലെ തന്നെ ആശങ്ക ഉയര്‍ന്നിരുന്നു. എന്നിരുന്നാലും ഫിഫയുടെ ഫാന്‍ സോണില്‍ നിന്ന് ആരാധകര്‍ക്ക് ബിയര്‍ വാങ്ങാന്‍ കഴിയും. പക്ഷെ സാധരണ പോലെ മുഴുവന്‍ സമയവും വില്‍പ്പനയുണ്ടാകില്ല.