ലോകകപ്പില്‍ ജര്‍മ്മനിയെ തകര്‍ത്ത് അട്ടിമറി ജയവുമായി ജപ്പാന്. ആദ്യ പകുതിയില്‍ ജര്‍മനി എതിരില്ലാത്ത ഒരു ഗോളിന് മുന്നില്‍ നിന്നെങ്കിലും രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ നേടി ജപ്പാന് തിരിച്ചെത്തി. കരുത്തരായ ജര്‍മ്മനിയുടെ പ്രതിരോധം തകര്‍ത്ത് 2- 1 നായിരുന്നു ജപ്പാന്റെ വിജയം.
അസാനോ, റിറ്റ്സു ഡോവ എന്നിവരാണ് ജപ്പാനായി ഗോളുകള്‍ നേടിയത്.
33-ാം മിനിറ്റില്‍ ഇല്‍കൈ ഗുണ്ടോഗന് പെനാല്‍റ്റിയിലൂടെ നേടിയ ഗോളിലാണ് ജര്‍മനി മുന്നിലെത്തിയത്. ആദ്യ പകുതിയില്‍ പേരുകേട്ട ജര്‍മന്‍ മുന്നേറ്റനിരയെ മികച്ച രീതിയില്‍ പിടിച്ചുകെട്ടാന്‍ ജപ്പാന് സാധിച്ചു. രണ്ടാം പകുതിയില്‍ ആക്രമണം ശക്തമാക്കി ജര്‍മ്മന്‍ പ്രതിരോധവും അവര്‍ തകര്‍ത്തു. മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ തകര്‍പ്പന്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ജര്‍മനിയെ ഞെട്ടിച്ചുകൊണ്ട് ജപ്പാന് വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് കൊടി ഉയര്‍ത്തി. രണ്ടാം പകുതിയില്‍ 75 ാം മിനിറ്റിലും 84 ാം മിനിറ്റിലുമാണ് ജപ്പാന് ഗോളുകള്‍ പിറന്നത്.
2018-ലോകകപ്പിന്റെ കണ്ണീരായിരുന്നു ജര്‍മനി. ലോകചാമ്പ്യന് പട്ടമണിഞ്ഞെത്തിയ ജര്‍മനിക്ക് ആദ്യ റൗണ്ടില്‍ പുറത്താകേണ്ടി വന്നു. സൗത്ത് കൊറിയയോടും മെക്സിക്കോയോടും അന്ന് വഴങ്ങിയ തോല്‍വികളുടെ ഞെട്ടല്‍ ജര്‍മന്‍ ആരാധകര്‍ ഇന്നും മറന്നിട്ടുണ്ടാകില്ല. ഇത്തവണ സ്പെയിനും ജപ്പാനും കോസ്റ്റാറിക്കയും ഉള്‍പ്പെട്ട മരണഗ്രൂപ്പിലാണ് ജര്‍മനി.പരിചയസമ്പത്തും യുവത്വവും സന്തുലിതമായി കൊണ്ടുപോകുന്ന ജര്‍മനി ഇത്തവണയും കിരീടസാധ്യത കല്‍പ്പിക്കുന്ന ടീമുകള്‍ക്കൊപ്പമുണ്ട്.
ക്രൊയേഷ്യ -മൊറോക്കോ പോരാട്ടം ഗോള്‍ രഹിത സമനിലയില്‍
ഇന്നത്തെ ആദ്യ മത്സരത്തില്‍ ക്രൊയേഷ്യ -മൊറോക്കോ പോരാട്ടം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചിരുന്നു. റഷ്യന്‍ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ ഞെട്ടിക്കുന്ന പ്രകടനമാണ് മൊറോക്കോ പുറത്തെടുത്തത്. പ്രതീക്ഷകള്‍ തെറ്റിച്ച് ക്രൊയേഷ്യന്‍ ഗോള്‍മുഖത്തേക്ക് കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയതും മൊറോക്കൊ തന്നെ. എന്നാല്‍ ഫിനീഷിങിലെ പാക്പിഴകള് അവര്‍ക്ക് തിരിച്ചടിയാകുകയായിരുന്നു. ഗോള്‍ അകന്ന് നിന്നത് ഇക്കാരണത്താലാണ്. മോഡ്രിച്ചും സംഘവും നേരിട്ടതും സമാനമായ വെല്ലുവിളികളാണ്.
ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ക്രൊയേഷ്യ ചില മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ പിറന്നില്ല. ഇഞ്ചുറി ടൈം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗോളെന്നുറുച്ച ക്രൊയേഷ്യന്‍ നീക്കം രക്ഷപ്പെടുത്തിയത് മൊറോക്കോ ഗോള്‍ കീപ്പര്‍ നടത്തിയ തകര്‍പ്പന്‍ സേവാണ്.
കളിമികവുകൊണ്ട് എതിരാളികള്‍ ഞെട്ടിച്ച് 2018 ലോകകപ്പില്‍ ഫൈനല്‍ വരെ എത്തിയവരാണ് ക്രൊയേഷ്യ. ലൂക്ക മോഡ്രിച്ച് എന്ന മധ്യനിരയിലെ മാന്ത്രികനായിരുന്നു ക്രൊയേഷ്യയുടെ നട്ടെല്ലായിരുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും തോല്‍വി അറിയാതെ ആത്മവിശ്വാസത്തോടെയാണ് മൊറോക്കൊ ഇറങ്ങിയത്. കഴിഞ്ഞ അഞ്ച് ലോകകപ്പില്‍ ഒന്നില്‍ മാത്രമാണ് മൊറോക്കൊയ്ക്ക് ഗ്രൂപ്പ് സ്റ്റേജ് കടക്കാന്‍ കഴിഞ്ഞത്.
ഇന്ന് ശേഷിക്കുന്ന മത്സരങ്ങളും ഫുട്ബോള്‍ പ്രേമികള്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇ, എഫ് ഗ്രൂപ്പുകളിലെ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. മുന്‍ ലോകചാമ്പ്യന്മാരായ സ്പെയിന്, ജര്‍മനി, 2018-ലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ, സെമി ഫൈനലിസ്റ്റുകളായ ബല്‍ജിയം എന്നീ ടീമുകള്‍ കളത്തിലിറങ്ങും.
സ്പെയിന് – കോസ്റ്റാറിക്ക (ഗ്രൂപ്പ് ഇ)
കോസ്റ്റാറിക്കയുടെ പ്രതിരോധത്തെ എങ്ങനെ മറികടക്കണമെന്ന തന്ത്രങ്ങള്‍ മെനയുകയായിരിക്കും സ്പാനിഷ് പരിശീലകന് ലൂയിസ് എന്റിക്ക്വെ. 2020 യൂറോ കപ്പ് സെമി ഫൈനലിലും യുവേഫ നേഷന്‍സ് ലീഗ് ഫൈനലിലുമെത്തിയ സ്പെയിനിന്റെ യുവനിര ലോകകപ്പിലും മുന്നേറ്റം കാഴ്ചവയ്ക്കാനിടയുണ്ട്.
വരാനിരിക്കുന്ന സ്പെയിന്-ജര്‍മനി മത്സരമായിരിക്കും ഗ്രൂപ്പ് ഇയിലെ ചിത്രം വ്യക്തമാക്കുക. അതുകൊണ്ട് തന്നെ സ്പെയിനിനെ വീഴ്ത്താനായാല്‍ കോസ്റ്റാറിക്കയുടെ സാധ്യതകള്‍ ഉയര്‍ന്നേക്കും. മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. ഇന്ത്യന്‍ സമയം രാത്രി ഒന്‍പതരയ്ക്ക് അല്‍ തുമാമ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
ബല്‍ജിയം – കാനഡ (ഗ്രൂപ്പ് എഫ്)
ഈ ലോകകപ്പില്‍ കിരീടസാധ്യതകള്‍ കല്‍പ്പിക്കുന്ന ടീമുകളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ ഇല്ലെങ്കിലും ബല്‍ജിയത്തെ ഏഴുതിത്തള്ളാനാകില്ല. സൂപ്പര്‍ താരം റൊമേലു ലൂക്കാക്കുവിന്റെ പരിക്ക് ബല്‍ജിയത്തിന് തിരിച്ചടിയാണ്. എങ്കിലും കെവിന് ഡി ബ്രൂയിന്, ഇഡന്‍ ഹസാര്‍ഡ്, തിബൊ കോട്ട്വ എന്നി പ്രതിഭാധനര്‍ അടങ്ങിയ ബല്‍ജിയം കാനഡയ്ക്ക് നല്‍കുക അഗ്നിപരീക്ഷ തന്നെയായിരിക്കും. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനമാണ് കാനഡയ്ക്ക് ആത്മവിശ്വാസം നല്കുന്ന ഒന്ന്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ പന്ത്രണ്ടരയ്ക്കാണ് മത്സരം.
Where to watch live streaming and broadcasting of World Cup matches today? ഇന്നത്തെ ലോകകപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ്ങും സംപ്രേഷണവും എവിടെ കാണാം?
ഇന്നത്തെ മത്സരങ്ങളുടെ തത്സമയ സംപ്രേഷണം സ്പോര്‍ട്ട്സ് 18-നില് കാണാന്‍ സാധിക്കുന്നതാണ്. ലൈവ് സ്ട്രീമിങ് വൂട്ട് ആപ്ലിക്കേഷനിലും ജിയൊ ടിവിയിലും ലഭ്യമാണ്.