FIFA World Cup 2022: ഗ്രൂപ്പ് സ്റ്റേജിലെ അട്ടിമറികള്‍ക്കും അപ്രതീക്ഷിത മുന്നേറ്റങ്ങള്‍ക്കും ശേഷം ഫിഫ ലോകകപ്പില്‍ നോക്കൗട്ട് റൗണ്ടുകള്‍ക്ക് തുടക്കമാകും. പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്. നെതര്‍ലന്‍ഡ്സ് അമേരിക്കയേയും അര്‍ജന്റീന ഓസ്ട്രേലിയയേയും നേരിടും. മത്സരവിശദാംശങ്ങള്‍ പരിശോധിക്കാം.
നെതര്‍ലന്‍ഡ്സ് – യുഎസ്എ
ലോകകപ്പില്‍ തോല്‍വിയറിയാതെ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയ ടീമുകളാണ് നെതര്‍ലന്‍ഡ്സും അമേരിക്കയും. മികച്ച പ്രകടനം പുറത്തെടുപ്പ് ഗ്രൂപ്പ് എയില്‍ ഒന്നാമതായാണ് ഓറഞ്ച് പട അവസാന പതിനാറിലേക്ക് കുതിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ടീം മറികടന്നത്.
ഇറാന്, വെയില്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ കരുത്തരായ ടീമുകളോട് പൊരുതിയാണ് അമേരിക്കയുടെ വരവ്. ലോകകപ്പില്‍ അപ്രതീക്ഷിത മുന്നേറ്റമാണ് ടീം ഇതുവരെ പുറത്തെടുത്തത്. നിര്‍ണായക മത്സരത്തില്‍ ഇറാനെ ഒരു ഗോളിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവും അമേരിക്കന്‍ പടയ്ക്കുണ്ടാകും.
ലോകകപ്പില്‍ കോഡി ഗാക്പൊ, ഫ്രെങ്കി ഡി യോങ് തുടങ്ങിയ താരങ്ങള്‍ നെതര്‍ലന്‍ഡ്സിനായി തിളങ്ങിയിട്ടുണ്ട്. എന്നാല്‍ ടീം വര്‍ക്കിന്റെ പോരായ്മ ഗ്രൂപ്പ് ഘട്ടത്തില്‍ തെളിഞ്ഞിരുന്നു. ലോകകപ്പിലെ കറുത്ത കുതിരകളായി വിശേഷിപ്പിക്കപ്പെടാന്‍ കഴിയുന്ന തരത്തിലാണ് അമേരിക്കയുടെ പ്രകടനം. അതിനാല്‍ തന്നെ ഒരു അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ല.
ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്കാണ് മത്സരം.
അര്‍ജന്റീന – ഓസ്ട്രേലിയ
ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് വഴങ്ങിയാണ് അര്‍ജന്റീന തുടങ്ങിയത്. സൗദി അറേബ്യയോട് 2-1 ന്റെ പരാജയം. എന്നാല്‍ മെക്സിക്കൊ, പോളണ്ട് എന്നീ ടീമുകളെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക് എത്താന്‍ ലയണല്‍ മെസിക്കും കൂട്ടര്‍ക്കും സാധിച്ചു.
അര്‍ജന്റീനയേക്കാള്‍ റാങ്കിങ്ങില്‍ 35 സ്ഥാനങ്ങള്‍ പിന്നിലുള്ള ഓസ്ട്രേലിയ സ്വപ്നതുല്യമായ മുന്നേറ്റമാണ് ഖത്തറില്‍ കാഴ്ചവയ്ക്കുന്നത്. ഇതിനോടകം തന്നെ രണ്ട് മത്സരങ്ങള്‍ വിജയിച്ചു. മൈതാനത്ത് ഇന്നിറങ്ങുമ്പോള്‍ ഓസ്ട്രേലിയന്‍ ഫുട്ബോളിലെ തന്നെ ചരിത്ര നിമിഷങ്ങളില്‍ ഒന്നായിരിക്കും.
ക്വാര്‍ട്ടറിലേക്ക് എത്തുക എന്നത് ഓസ്ട്രേലിയക്ക് സ്വപ്നമായിരിക്കാം. എന്നാല്‍ അര്ജന്റീനയ്ക്കത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. കിരീടം നേടാതെ മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടാകില്ല ഡിയഗൊ മരഡോണയുടെ പിന്‍ഗാമികള്‍.
അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30-നാണ് മത്സരം.