FIFA World Cup 2022: ഫിഫ ലോകകപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ ആധികാരികമായി തകര്‍ത്ത് പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു വിജയം. ഗോണ്‍സാലൊ റാമോസ് (17′, 51′, 67′), പെപെ (33′), റാഫേല്‍ ഗുറൈറൊ (55′), റാഫേല്‍ ലിയൊ (90+2′) എന്നിവരാണ് സ്കോറര്‍മാര്‍. മാനുവല്‍ അകാഞ്ചിയാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ ഏക ഗോള്‍ നേടിയത്.
ഫുട്ബോള്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് നായകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബഞ്ചിലിരുത്തിയാണ് ഫെര്‍ണാണ്ടൊ സാന്റോസ് ടീമിനെ കളത്തിലിറക്കിയത്. 37-കാരന് റൊണാള്‍ഡൊയ്ക്ക് പകരക്കാരനായി 21 വയസുമാത്രമുള്ള റാമോസെത്തി. പോര്‍ച്ചുഗല്‍ ലീഗിലെ ഫോം ലോകകപ്പിലും റാമോസ് ആവര്‍ത്തിക്കുകയായിരുന്നു.
17-ാം മിനിറ്റില്‍ തന്നെ താരം വരവറിയിച്ചു. ജാവൊ ഫെലിക്സിന്റെ പാസില്‍ നിന്ന് ബോക്സിന്റെ ഇടതുമൂലയില്‍ നിന്ന് ഷോട്ടുതിര്‍ത്തു. വളരെ ദുഷ്കരമായ സാഹചര്യത്തില്‍ നിന്നായിരുന്നു റാമോസിന്റെ ബൂട്ടുകള്‍ ലക്ഷ്യം കണ്ടത്. ആദ്യ പകുതിയുടെ 33-ാം മിനിറ്റില്‍ കോര്‍ണര്‍ ഹെഡ് ചെയ്ത് പെപെ പറങ്കികളുടെ ലീഡുയര്‍ത്തി. സമ്പൂര്‍ണ ആധിപത്യത്തിലാണ് പോര്‍ച്ചുഗല്‍ ആദ്യ പകുതി അവസാനിപ്പിച്ചത്.
നിര്‍ത്തിയ ഇടത്ത് തന്നെ പോര്‍ച്ചുഗല്‍ രണ്ടാം പകുതിയിലും തുടങ്ങി. 51-ാം മിനിറ്റില്‍ ഡലോട്ടിന്റെ ക്രോസ് അനായാസം ഫിനിഷ് ചെയ്ത് റാമോസ് പോര്‍ച്ചുഗലിനെ ക്വാര്‍ട്ടറിലേക്ക് അടുപ്പിച്ചു. മൂന്നാം ഗോളിന്റെ ആഘോഷം കെട്ടടങ്ങും മുന്‍പ് തന്നെ ഗുറൈറൊ സ്കോര്‍ ചെയ്തു. ഇത്തവണ ഗോളിന് വഴിയൊരുക്കിയത് റാമോസായിരുന്നു.
58-ാം മിനിറ്റില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ ആദ്യ ഗോള്‍ വീണു. കോര്‍ണറാണ് ഗോളിലേക്ക് വഴി തെളിച്ചത്. പോര്‍ച്ചുഗല്‍ പ്രതിരോധ നിരയുടെ പിഴവും കൂടിയായപ്പോള്‍ അകാഞ്ചി വലകുലുക്കി. അധികം വൈകിയില്ല. ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് റാമോസ് നേടി. ജാവൊ ഫെലിക്സിന്റെ ത്രൂബോള്‍ ചെറിയ ചിപ്പിലൂടെയാണ് സ്വിസ് ഗോളിയെ കബളിപ്പിച്ച് റാമോസ് ഗോള്‍വര കടത്തിയത്.
തന്റെ ആദ്യ ലോകകപ്പ് മത്സരത്തില്‍ സ്വപ്നതുല്യമായ തുടക്കം. റൊണാള്‍ഡോയ്ക്ക് പകരമെത്തി അദ്ദേഹത്തേക്കാള്‍ മികവ് പുറത്തെടുത്തു. 70 മിനിറ്റുകള്‍ക്ക് ശേഷം റാമോസിനെ വലിച്ച് സാന്റോസ് റൊണാള്‍ഡോയെ കളത്തിലെത്തിച്ചു. ഒരു തവണ താരം ഗോള്‍വലയില്‍ പന്തെത്തിച്ചെങ്കിലും അത് ഓഫ് സൈഡായി മാറിയത് തിരിച്ചടിയായി.
കളിയുടെ അധിക സമയത്താണ് പകരക്കാരനായെത്തിയ ലിയൊ ഗോള്‍ നേടിയത്. അതും ബോക്സിന്റെ ഇടത് ഭാഗത്ത് നിന്ന് മനോഹര ഷോട്ടിലൂടെ. പ്രതീക്ഷിച്ച പോരാട്ടം പോലും കാഴ്ചവയ്ക്കാന്‍ സ്വിസ് പടയ്ക്കായില്ല. 2006 ലോകകപ്പിന് ശേഷം ആദ്യമായി പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിലേക്കും കടന്നു. സ്പെയിനെ അട്ടിമറിച്ചെത്തിയ മൊറോക്കൊയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍.