FIFA World Cup 2022: ഫിഫ ലോകകപ്പിലെ അവസാന പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന്. മുന്‍ ലോക ചാമ്പ്യന്മാരായ സ്പെയിന് മൊറൊക്കോയെ നേരിടും. അവസാന ലോകകപ്പിനിറങ്ങുന്ന ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയുടെ പോര്‍ച്ചുഗലിന്റെ എതിരാളികള്‍ സ്വിറ്റ്സര്‍ലന്‍ഡാണ്. മത്സരവിശദാംശങ്ങള്‍ പരിശോധിക്കാം.
സ്പെയിന് – മൊറോക്കൊ
ജപ്പാനോട് പരാജയപ്പെട്ട് ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാരായാണ് സ്പെയിന് പ്രീ ക്വാര്‍ട്ടറിലെത്തിയത്. കഴിഞ്ഞ തവണ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായ നാണക്കേട് തിരുത്തുക എന്ന ലക്ഷ്യവും സ്പെയിനുണ്ടാകും. എന്നാല്‍ പ്രതിരോധ നിരയുടെ കരുത്തില്‍ ഒരു തോല്‍വി പോലും അറിയാതെയാണ് മൊറോക്കോയുടെ വരവ്. ബെല്‍ജിയത്തിന് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തതും മൊറോക്കൊ തന്നെ. സ്പെയിനെതിരെയും കരുത്തുകാട്ടുകയാവും മൊറോക്കോയുടെ തന്ത്രം.
യുവതാരങ്ങളുടെ കളിമികവിലാണ് സ്പെയിനിന്റെ പ്രതീക്ഷ. ആല്‍വാരൊ മൊറാട്ട, ഗവി, പെഡ്രി, അസെന്‍സിയൊ തുടങ്ങി നീണ്ട താരനിരതന്നെയുണ്ട് സ്പെയിന്. എല്ലാവരും ലോകഫുട്ബോളില് ഇതിനോടകം തന്നെ ഇടം കണ്ടെത്തിയവരുമാണ്. ഇതുവരെ മൂന്ന് തവണയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നത്. രണ്ടില്‍ സ്പെയിന് വിജയിച്ചപ്പോള്‍ ഒന്ന് സമനിലയുമായി.
എജൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്കാണ് മത്സരം.
പോര്‍ച്ചുഗല്‍ – സ്വിറ്റ്സര്‍ലന്‍ഡ്
പോര്‍ച്ചുഗല്‍ ടീമും ആരാധകരും വല്ലാത്ത ധര്മ്മസങ്കടത്തിലൂടെയാണ് കടന്നുപോകുന്നത്. കാരണം ടീമിനെല്ലാം നേടിക്കൊടുത്ത സാക്ഷാന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ തന്നെ. അവസാന ലോകകപ്പിനിറങ്ങിയ താരത്തിന്റെ ഫോം തന്നെയാണ് ടീമിന്റെ തിരിച്ചടിയും. അവസരങ്ങള്‍ സൃഷ്ടിക്കാനൊ ലഭിക്കുന്നവ ഗോളാക്കാനൊ റൊണാള്‍ഡോയ്ക്ക് കഴിയുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും റൊണാള്‍ഡോയ്ക്ക് മുഴുവന്‍ സമയവും കളിക്കാനുമായില്ല.
ബ്രൂണൊ ഫെര്‍ണാണ്ടസ്, ബെര്‍ണാദൊ സില്‍വ, ജാവൊ ഫെലിക്സ് തുടങ്ങിയ യുവനിരയിലായിരിക്കും പരിശീലകന് ഫെര്‍ണാണ്ടൊ സാന്റോസിന്റെ പ്രതീക്ഷകള്‍. റൊണാള്‍ഡൊ താളം കണ്ടെത്തിയാല്‍ അത് മുതല്‍ക്കൂട്ടാകും. 1966, 2006 ലോകകപ്പില്‍ മാത്രമാണ് പോര്‍ച്ചുഗല്‍ ഇതിന് മുന്‍പ് ക്വാര്‍ട്ടറില്‍ എത്തിയിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലിനോട് മാത്രമാണ് സ്വിറ്റ്സര്‍ലന്‍ഡ് തോല്‍വി രുചിച്ചത്.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.