scorecardresearch

FIFA World Cup 2022: ഇതിഹാസങ്ങളുടെ അവസാന ലോകകപ്പ്; ഖത്തറില്‍ ബൂട്ടഴിക്കാന്‍ സാധ്യതയുള്ള 10 താരങ്ങള്‍

കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകളായി ഫുട്ബോള്‍ ലോകത്ത് നിറഞ്ഞു നിന്ന പല താരങ്ങളുടേയും അവസാന ലോകകപ്പായിരിക്കും ഖത്തറിലേത്. പ്രിയ താരങ്ങള്‍ പന്തു തട്ടുന്നതിനായി ഓരോ ഫുട്ബോള്‍ ആരാധകരും കണ്ണുചിമ്മാതെ കാത്തിരിക്കേണ്ടി വന്നേക്കാം ഖത്തറില്‍

FIFA World Cup 2022: ഇതിഹാസങ്ങളുടെ അവസാന ലോകകപ്പ്; ഖത്തറില്‍ ബൂട്ടഴിക്കാന്‍ സാധ്യതയുള്ള 10 താരങ്ങള്‍

2022 ഫിഫ ലോകകപ്പ് ഫുട്ബോള്‍ പ്രേമികളെ സംബന്ധിച്ച് നിര്‍ണായകമാണ്. കാരണം കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകളായി ഫുട്ബോള്‍ ലോകത്ത് നിറഞ്ഞു നിന്ന പല താരങ്ങളുടേയും അവസാന ലോകകപ്പായിരിക്കും ഖത്തറിലേത്. പട്ടികയില്‍ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലയണല്‍ മെസിയുമെല്ലാം ഉള്‍പ്പെടുന്നു. തങ്ങളുടെ കരിയറിലെ അവസാന ലോകകപ്പിന് ബൂട്ടുകെട്ടുന്ന പ്രധാന താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്ന് പരിശോധിക്കാം.

ലയണല്‍ മെസി (35 വയസ്), അര്‍ജന്റീന

ഫുട്ബോളിലെ മിശിഹയ്ക്ക് ഇനി നേടാന്‍ ബാക്കിയുള്ളത് ലോകകപ്പ് കിരീടം മാത്രമാണ്. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ തിളങ്ങാന്‍ കഴിയുന്നില്ല എന്ന വിമര്‍ശനം മെസി പോയ മാസങ്ങളില്‍ തിരുത്തി. കോപ്പ അമേരിക്ക കിരീടവും ഫൈനലിസിമയും അര്‍ജന്റീനയ്ക്ക് നേടി കൊടുക്കാന്‍ 35 കാരനായി. അവസാന ലോകകപ്പിനായിരിക്കും മെസിയിറങ്ങുക എന്നത് ഏറെക്കുറെ ഉറപ്പാണ്. കാരണം അടുത്ത ലോകകപ്പ് എത്തുമ്പോഴേക്കും താരത്തിന് 39 വയസ് തികയും. ഇത്തവണ ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് മെസിയും കൂട്ടരും. അതുകൊണ്ട് തന്നെ കിരീടത്തോടെ ലോകഫുട്ബോളിന്റെ നെറുകയില്‍ എത്തുക എന്നതാവും അര്‍ജന്റീനയുടെ നായകന്റെ ലക്ഷ്യം.

ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ (37 വയസ്), പോര്‍ച്ചുഗല്‍

പൊര്‍ച്ചുഗലിന്റെ മാത്രമല്ല ലോകഫുട്ബോളിലെ തന്നെ ഇതിഹസങ്ങളില്‍ ഒരാളാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവുമധികം ഗോള്‍ നേടിയിട്ടുള്ള താരം. പൊര്‍ച്ചുഗലിന് യൂറൊ കപ്പും നാഷണല്‍ ലീഗും നേടിക്കൊടുത്ത നായകന്‍ 37 കാരനായ റൊണാള്‍ഡോയുടെ അഞ്ചാം ലോകകപ്പാണിത്. 2006, 2010, 2014, 2018 എന്നീ ലോകകപ്പുകളിലായിരുന്നു താരം ഇതിനു മുന്‍പ് രാജ്യത്തിനായി കളിച്ചത്. അടുത്ത ലോകകപ്പ് എത്തുമ്പോഴേക്കും താരത്തിന് 41 വയസ് തികയും. അതുകൊണ്ട് തന്നെ ഖത്തറില്‍ ലോകകപ്പോടെ താരം വിടപറയാനുള്ള സാധ്യതകളാണ് നിലവിലുള്ളത്. അവസാന ലോകകപ്പില്‍ പോര്‍ച്ചുഗലിന് അഭിമാനിക്കാവുന്ന നേട്ടം സമ്മാനിക്കാനാകും റൊണാള്‍ഡൊ ഇറങ്ങുക.

കരിം ബെന്‍സിമ (34 വയസ്), ഫ്രാന്‍സ്

2021-22 സീസണില്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, ക്രിസ്റ്റ്യനൊ റൊണാള്‍ഡൊ എന്നിവരെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ബെന്‍സിമയുടെ കുതിപ്പ്. ക്ലബ്ബ് ഫുട്ബോളില്‍ 46 മത്സരങ്ങളില്‍ നിന്ന് 44 ഗോളുകള്‍, 15 അസിസ്റ്റുകള്‍. ലോകകപ്പില്‍ കെയിലിയന്‍ എംബാപ്പയ്ക്കൊപ്പം ഫ്രാന്‍സിന്റെ മുന്നേറ്റ നിരയില്‍ ബെന്‍സിമയും ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്. കാരണം തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് താരം. അടുത്ത ലോകകപ്പെത്തുമ്പോള്‍ താരത്തിന് 38 വയസ് തികയുകയും ചെയ്യും. ഉജ്വല ഫോമിലുള്ള ബെന്‍സിമയുടെ പരിചയസമ്പത്ത് കിരീടം നിലനിര്‍ത്താന്‍ ഫ്രാന്‍സിനെ സഹായിക്കുമൊ എന്നാണ് കളിപ്രേമികള്‍ ഉറ്റുനോക്കുന്നത്.

Also Read: FIFA World Cup 2022: ഫുട്ബോള്‍ പ്രേമികളുടെ ശ്രദ്ധയ്ക്ക്; ലോകകപ്പിന് ടിക്കറ്റുറപ്പിക്കാന്‍ അവസാന അവസരം ഇതാ

ലൂക്ക മോഡ്രിച്ച് (36 വയസ്), ക്രൊയേഷ്യ

കഴിഞ്ഞ ലോകകപ്പില്‍ മോഡ്രിച്ചിന്റെ ചിറകിലേറിയായിരുന്നു ക്രൊയേഷ്യ ലോകകപ്പ് ഫൈനലില്‍ എത്തിയത്. ബാലന്‍ ദി ഒറില്‍ മെസി, റൊണാള്‍ഡൊ ആധിപത്യത്തിന് അവസാനം കുറിക്കാനും മോഡ്രിച്ചിന് കഴിഞ്ഞിരുന്നു. 2021-22 സീസണില്‍ റയല്‍ മാഡ്രിഡിനെ ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും കിരീടത്തിലേക്കെത്തിച്ചതില്‍ മോഡ്രിച്ച് നിര്‍ണായക പങ്കു വഹിച്ചിരുന്നു. അടുത്ത ലോകകപ്പിന് പന്തുരുളുമ്പോള്‍ മോഡ്രിച്ച് ക്രൊയേഷ്യന്‍ നിരയില്‍ ഉണ്ടാകില്ലെന്ന് ഉറപ്പാണ്.

സെര്‍ജിയോ റാമോസ് (36 വയസ്), സ്പെയിന്‍

ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച സെന്റര്‍ ബാക്കുകളില്‍ ഒരാളാണ് സെര്‍ജിയൊ റാമോസ്. 2010 ല്‍ സ്പെയിന്‍ ലോകകിരീടം ചൂടിയപ്പോള്‍ പ്രതിരോധ നിരയില്‍ റാമോസുമുണ്ടായിരുന്നു. സ്പെയിനിന്റെ യുറോ നേട്ടങ്ങളിലും നിര്‍ണായകമായിരുന്നു റാമോസിന്റെ നേതൃത്വപാഠവം. എന്നാല്‍ പരിക്ക് മൂലം 2020 യൂറോ കപ്പില്‍ താരത്തിന് ടീമില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല, ശാരീരിക ക്ഷമത വീണ്ടെടുത്താല്‍ തന്റെ അവസാന ലോകകപ്പ് കളിക്കാന്‍ റാമോസും ഉണ്ടായേക്കും.

റൊബര്‍ട്ട് ലെവന്‍ഡോസ്കി (33 വയസ്), പോളണ്ട്

ഫിഫയുടെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം പോയ സീസണില്‍ സ്വന്തമാക്കിയ താരമാണ് പോളണ്ടിന്റെ നായകനായ റോബര്‍ ലെവന്‍ഡോസ്കി. ക്ലബ്ബ് ഫുട്ബോളില്‍ 46 കളികളില്‍ 50 ഗോളും നേടി. ലെവന്‍ഡോസ്കിയുടെ ചിറകിലേറിയാണ് പോളണ്ട് ലോകകപ്പിന് യോഗ്യത നേടിയതും. 33 കാരനായ താരം സ്ഥിരതയോടെ കളിക്കുന്ന സ്ട്രൈക്കര്‍മാരിലൊരാളാണ്. കായികക്ഷമത നഷ്ടപ്പെടാതെ തുടരാന്‍ സാധിച്ചാല്‍ ലെവന്‍ഡോസ്കിക്ക് അടുത്ത ലോകകപ്പിലും പന്ത് തട്ടാന്‍ സാധിച്ചേക്കും.

Also Read: FIFA World Cup 2022: ആരാധകര്‍ അങ്ങനെ ആറാടണ്ട; ഖത്തര്‍ ലോകകപ്പിന് ലൈംഗിക നിയന്ത്രണവും

ലൂയിസ് സുവാരസ് (35 വയസ്), ഉറുഗ്വായ്

ഉറുഗ്വായുടെ മിന്നും താരമാണ് സുവാരസ്. ക്ലബ്ബ് ഫുട്ബോളില്‍ മങ്ങിയ ഫോമില്‍ തുടര്‍ന്നാലും രാജ്യത്തിനു വേണ്ടി തിളങ്ങും സുവാരസ്. ഉറുഗ്വായ്ക്ക് വേണ്ടി ഇതുവരെ 132 മത്സരങ്ങളില്‍ നിന്ന് 68 ഗോളുകളാണ് താരത്തിന്റെ ബൂട്ടില്‍ നിന്ന് പിറന്നിട്ടുള്ളത്. കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടാണ് ഉറുഗ്വായ് പുറത്തായത്. അവസാന ലോകകപ്പിനായിരിക്കും സുവാരസും ഖത്തറില്‍ ബുട്ടണിയുക.

മാനുവല്‍ ന്യൂയര്‍ (36 വയസ്), ജര്‍മനി

ലോക ഫുട്ബോളില്‍ പ്രായം കൂടും തോറും വിര്യവും കൂടുന്ന ഗോള്‍ കീപ്പര്‍, അതാണ് മാനുവല്‍ ന്യൂയര്‍ എന്ന ജര്‍മന്‍കാരന്‍. 2014 ല്‍ ജര്‍മനി ലോക കിരീടം ചൂടുമ്പോള്‍ ന്യൂയറായിരുന്നു ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടത്. ഖത്തറിലും ജര്‍മനിയുടെ വലകാക്കാന്‍ ന്യൂയറുണ്ടായേക്കും. ഗോള്‍ വഴങ്ങാന്‍ മടിയുള്ള, ഏത് കൊമ്പനേയും തടയാന്‍ കെല്‍പ്പുള്ള ന്യൂയറിന്റെ മികവ് ജര്‍മനിക്ക് തുണയാകും.

തിയാഗൊ സില്‍വ (37 വയസ്), ബ്രസീല്‍

ബ്രസിലിന്റെ പ്രതിരോധ നിരയിലെ വിശ്വസ്തനാണ് തിയാഗൊ സില്‍വ. ക്ലബ്ബ് ഫുട്ബോളിലും രാജ്യത്തിന് വേണ്ടിയും ഒരു പോലെ തിളങ്ങുന്ന താരം. 2021 കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ടീമിന്റെ ഭാഗമായിരുന്നു തിയാഗൊ. എന്നാല്‍ ലോകകപ്പ് ടീമില്‍ താരം ഇടം പിടിക്കുമൊ എന്ന കാര്യത്തില്‍ വ്യക്തതയില്ല. തിയാഗൊയുടെ പരിചയസമ്പത്ത് ബ്രസീലിന് മുതല്‍കൂട്ടാണ്. 41-ാം വയസു വരെ കളിക്കുമെന്ന പ്രതീക്ഷ തിയാഗൊ നേരത്തെ പങ്കുവച്ചിരുന്നു.

പെപെ (39 വയസ്), പോര്‍ച്ചുഗല്‍

ലോക ഫുട്ബോളിലെ ഏറ്റവും അപകടകാരിയായ പ്രതിരോധ താരം. ടീമിന്റെ വിജയത്തിനായി എന്തും ചെയ്യാന്‍ പെപെ തയാറാണ്. 2016 ല്‍ പോര്‍ച്ചുഗല്‍ യൂറൊ കപ്പ് നേടുമ്പോള്‍ ടീമിന്റെ നെടും തൂണുകളില്‍ ഒന്നായിരുന്നു പെപെ. 39-ാം വയസിലും പഴയ വീര്യത്തോടു കൂടി തന്നെയാണ് പെപെ പന്തു തട്ടുന്നത്. ഖത്തറില്‍ ക്രിസ്റ്റ്യാനൊയ്ക്കൊപ്പം അവസനാ ലോകകപ്പില്‍ മികവ്‍ തെളിയിക്കാനായിരിക്കും പെപെ എത്തുക.

Also Read: FIFA World Cup 2022: മത്സരങ്ങള്‍ കാണാന്‍ ടിക്കറ്റ് മാത്രം പോരാ, ഹയ്യ കാര്‍ഡും നിര്‍ബന്ധം; എങ്ങനെ അപേക്ഷിക്കാം

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Fifa world cup 2022 players likely to feature their last tournament

Best of Express