ദോഹ: ഫിഫ ഫുട്ബോള്‍ ലോകകപ്പിനായി ഖത്തറിലെത്തിയ ഇംഗ്ലണ്ട്, അര്‍ജന്റീന ടീമുകളെ ഇന്ത്യന്‍ ആരാധകര്‍ വലിയ ആരവത്തോടെ സ്വീകരിച്ച വീഡിയോകള്‍ വൈറലയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പല സംശയങ്ങളും ഉയരുകയും ചെയ്തു.
ഖത്തര്‍ പണം നല്കി ആരാധകരെ നിരത്തുകളില്‍ ഇറക്കിയെന്നായിരുന്നു ഉയര്‍ന്ന ആക്ഷേപം. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ സംഘാടകര്‍ തള്ളിയിരുന്നു. ടീമുകളെ സ്വീകരിക്കുന്നതിനായി നിരത്തുകളില്‍ നൂറുകണക്കിന് ഇന്ത്യക്കാര്‍ എത്തിയതോടെയാണ് മാധ്യമപ്രവര്‍ത്തകരും സമൂഹ മാധ്യമങ്ങളിലെ നിരൂപകരും ചോദ്യം ഉന്നയിച്ചത്.
ആരാധകർ ഖത്തറിൽ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികളാണോ അതോ അധികൃതരുടെ നിര്‍ദേശ പ്രകാരം എത്തിയവരാണോ എന്നത് വ്യക്തമല്ല, ഫോക്സ്സ്പോര്ട്ട്സ്.കോം.എയു റിപ്പോര്‍ട്ട് ചെയ്തു.
നിരത്തിലുണ്ടായിരുന്നവരോട് നേരിട്ട് സംസാരിച്ചതായും പണം ലഭിച്ചതിനാല്‍ എത്തിയതാണെന്ന ആരോപണങ്ങള്‍ അവര്‍ നിഷേധിച്ചെന്നും ദി ഗ്വാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു. ആരാധകര്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നും ഇംഗ്ലണ്ട് ടീമിനെക്കുറിച്ചും പ്രീമിയര്‍ ലീഗിനെപ്പറ്റിയും അവര്‍ നിരവധി കാര്യങ്ങള്‍ സംസാരിച്ചെന്നും ഗ്വാര്ഡിയന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ലോകകത്തിന്റെ വിവിധ കോണില്‍ നിന്നുള്ള ഫുട്ബോള്‍ ആരാധകരാണ് ഖത്തറില്‍ നിലവിലുള്ളത്. ഫാന്‍ പരേഡുകളും മറ്റ് ആഘോഷങ്ങളുമായി ഒരു വലിയ വിഭാഗം തന്നെ തെരുവുകള്‍ കീഴടക്കി കഴിഞ്ഞു. കളിക്കാര്‍ താമസിക്കുന്ന ഹോട്ടലുകളിലെത്തിയും ആരാധകര്‍ സ്നഹം അറിയിക്കുന്നുണ്ടെന്നും സംഘാടക സമിതി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ വാങ്ങിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. ഖത്തറില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഫുട്ബോള്‍ പ്രേമികളുടെ പരേഡുകള്‍ പോലും ഉണ്ടായിരുന്നു. ഇംഗ്ലണ്ട്, അര്‍ജന്റീന, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ ജേഴ്സിയും പതാകയുമേന്തിയായിരുന്നു ആഘോഷം.