FIFA World Cup 2022: ലയണല്‍ മെസിയുടെ ഫുട്ബോള്‍ കരിയറിലെ ഏറ്റവും നിര്‍ണായകമായ ദിവസത്തില്‍ ആശംസകള്‍ സ്വന്തം കൈപ്പടയിലെഴുതി അറിയിച്ചിരിക്കുകയാണ് മകന്‍ തിയാഗൊ. ഈ ലോകകപ്പിലെ അര്‍ജന്റീനയുടെ ഏറ്റവും പ്രശസ്തമായ ഗാനമാണ് തിയാഗൊ കുറിച്ചിരിക്കുന്നത്.
മെസിയുടെ പത്നി അന്റോണെല്ല റോക്കൂസോ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തിയാഗോയുടെ ആശംസകള്‍ പുറം ലോകത്തെ അറിയിച്ചത്. “Muchachos, ahora nos volvimos a ilusionar” (‘നിങ്ങള്‍ ഞങ്ങളുടെ പ്രതീക്ഷകള്‍ വീണ്ടും ഉയര്‍ത്തിയിരിക്കുന്നു’) എന്നാണ് ഗാനത്തിന്റെ പേര്.
അവസാന ലോകകപ്പിനിറങ്ങുന്ന മെസിക്കും കിരീടത്തിനുമിടയിലുള്ളത് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സാണ്. 2014-ല്‍ ജര്‍മനിയോട് ഫൈനലില്‍ ഒരു ഗോളിന് പരാജയപ്പെട്ട് കണ്ണീരണിഞ്ഞ മെസി ഇത്തവണ കളത്തിലെത്തുന്നത് പരിചയസമ്പന്നനായ നായകനായിട്ടാണ്.
ഫ്രാന്‍സിനെതിരായ തന്ത്രം തീരുമാനിച്ചു കഴിഞ്ഞെന്നാണ് മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ അര്‍ജന്റീനയുടെ പരിശീലകന്‍ ലയണല്‍ സ്കലോണി പറഞ്ഞത്.
“ഫ്രാന്‍സിനെ എങ്ങനെ നേരിടണമെന്ന് അറിയാം. അത് ഇനി കളത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ മാത്രം മതിയാകും. ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്സിനെതിരെ പുറത്തെടുത്ത അതെ മനോഭാവം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്,” സ്കലോണി വ്യക്തമാക്കി.
“എംബാപെയെ തടയണമെങ്കില്‍ കൂട്ടായ പരിശ്രമമാണ് ആവശ്യം. ഫ്രാന്‍സ് എന്ന ടീം എംബാപെ മാത്രമല്ല. മെസിയും എംബാപെയും തമ്മിലല്ല, അതിലുപരിയായി അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലാണ് കലാശപ്പോരാട്ടം. ഇത് ലിയോയുടെ (മെസി) അവസാന മത്സരമാണങ്കില്‍ കിരീടം നേടാനാകുമെന്ന് പ്രതീക്ഷിക്കാം,” സ്കലോണി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് ലുസൈല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് ലോകകപ്പ് ഫൈനല്‍.