കൊച്ചി: കാല്‍പ്പന്തിനോടുള്ള മലയാളികളുടെ ആവേശം ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഒന്നാണ്. സ്വന്തം വീടുകളിലെ ആഘോഷത്തിനേക്കാള് പ്രാധാന്യം നാട്ടിന്‍പുറങ്ങളിലെ ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് പോലും കളിപ്രേമികള്‍ നല്‍കാറുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) കേരള ബ്ലാസ്റ്റേഴ്സിന്റെ കളികളില്‍ സ്റ്റേഡിയം മഞ്ഞക്കടലാക്കുന്ന ആരാധകരെ വിദേശമാധ്യമങ്ങള്‍ പോലും വാഴ്ത്തിപ്പാടിയിട്ടുണ്ട്. അങ്ങനെയുള്ള മലയാളിക്ക് മുന്നിലേക്കാണ് ഖത്തര്‍ ലോകകപ്പ് എത്തുന്നത്.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ലോകകപ്പിനെത്തുന്ന മിക്ക ടീമുകളുടേയും പടയാളികളുണ്ട്. മുന്‍തൂക്കം എക്കാലത്തേയും പോലെ ബ്രസീലിനും അര്‍ജന്റീനയ്ക്കും തന്നെ. താരങ്ങളുടെ കട്ടൗട്ടുകളും തോരണങ്ങളുമായി നാട്ടിന്‍പുറങ്ങള്‍ ലോകകപ്പിനെ വരവേല്‍ക്കാനൊരുങ്ങിയിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും നെയ്മറും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും തല ഉയര്‍ത്തി നില്ക്കുന്ന പുല്ലാവൂര്‍ പുഴ ഫിഫയുടെ ഔദ്യോഗിക പേജുകളില്‍ ദൃശ്യമായത് ഫുട്ബോള്‍ പ്രേമികള്‍ക്ക് അഭിമാനം നല്കുന്ന ഒന്നായിരുന്നു.

നാട്ടിന്‍പുറങ്ങളില്‍ ഒതുങ്ങി നില്ക്കുന്നതല്ല ആഘോഷങ്ങള്‍, ഇങ്ങ് കൊച്ചിയിലും അതിന് തെല്ലും കുറവില്ല. സ്മാര്‍ട്ട്ഫോണുകളുടെ പറുദീസയായ കൊച്ചിയിലെ പെന്റമേനകയും ലോകകപ്പ് ചൂടിലാണ്. പതിനായിരങ്ങള്‍ ഒഴുകിയെത്തുന്ന പെന്റ മേനകയിയില് ലോകകപ്പിനെ മറക്കാന്‍ കട ഉടമകളും ജീവനക്കാരും തയാറല്ല. രണ്ടാഴ്ചയ്ക്ക് മുന്‍പാണ് പെന്റ മേനകയില്‍ ആദ്യം തോരണങ്ങള്‍ ഉയര്‍ന്നത്. ഒരു ടീമിന്റെ ആരാധകര്‍ കൊടി ഉയര്‍ത്തിയാല്‍ മറ്റുള്ളവര്‍ക്ക് മാറി നില്‍ക്കാനാകില്ലല്ലോ. അങ്ങനെ ബ്രസീല്‍, അര്‍ജന്റീന, സ്പെയിന്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ തുടങ്ങി പ്രമുഖ ടീമുകളുടെ കൊടികളും തോരണങ്ങളും കൊണ്ട് പെന്റ മേനക നിറഞ്ഞിരിക്കുകയാണ്.
വിവിധ ജില്ലയില്‍ നിന്നുള്ള ജീവനക്കാര്‍ പെന്റ മേനകയിലുണ്ട്. കൂടുതലും മലപ്പുറം, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. നാട്ടിലെ ആഘോഷങ്ങള്‍ക്ക് ഒപ്പം എത്തില്ലെങ്കിലും പൊലിമ കുറയ്ക്കാന്‍ പാടില്ലല്ലോയെന്നാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ നസീബ് ചോദിക്കുന്നത്. “ഇതെല്ലാം ഒരു കൂട്ടായ പരിശ്രമത്തില്‍ നിന്ന് വരുന്നതാണ്. ചിലര്‍ ഫാന്‍സ് അസോയിഷേന്‍ പോലെ കൂട്ടംകൂടി ചെയ്യുന്നു. മറ്റുള്ളവര്‍ സ്വയമേ ചെയ്യുന്നുമുണ്ട്. എല്ലാവരും പണം പിരിവിട്ടാണ് കൊടികളും തോരണങ്ങളുമൊക്കെ മേടിക്കുന്നത്. എത്ര വന്നാലും മലപ്പുറത്തെ ആഘോഷം പോലെ വരില്ല. അത് വേറെ തന്നെയാണ്. കട്ടൗട്ടുകളുമൊക്കെയായി ആഘോഷമാണവിടെ. ഇവിടെ അതിനൊന്നും സാധിക്കില്ല,” നസീബ് പറഞ്ഞു.

“ഫുട്ബോളെന്ന് പറയുന്നതെ നമ്മള് മലപ്പുറം ജില്ലക്കാര്‍ക്ക് വികാരമാണ്. ഇവിടെ എത്തിയപ്പോള്‍ അത്തരത്തില്‍ ഉണ്ടാകില്ലെന്നാണ് കരുതിയത്. പക്ഷെ മലപ്പുറത്തേ പോലെതന്നെ ആവേശം ഇവിടിയുമുണ്ട്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ ഫുട്ബോളെന്ന് പറഞ്ഞാല്‍ സംഭവമാണല്ലോ. ഇവിടെ ആരാവമാണ് എല്ലാം. ഫ്ലാഗ് കെട്ടുമ്പോഴും തോരണങ്ങള്‍ കൊണ്ടുവന്നപ്പോഴുമെല്ലാം വലിയ ആര്‍പ്പുവിളികള്‍ വരെ ഉണ്ടായിരുന്നു. നമ്മുടെ നാട്ടിലെ ഫുട്ബോള്‍ കാലം വേറൊരു വൈബ് തന്നെയാണ്. അതില്‍ പങ്കെടുക്കാന്‍ പറ്റാത്തതില്‍ വിഷമമുണ്ട്,” മലപ്പുറം വേങ്ങര സ്വദേശിയായ ലുക്കു പറയുന്നു.
പെന്റ മേനകയില്‍ ആഘോഷങ്ങള്‍ക്ക് കിക്കോഫായിട്ടേയുള്ളു. വരും ദിവസങ്ങളില്‍ ഷോപ്പിങ് കോംപ്ലക്സിനെ വര്‍ണാഭമാക്കാനുള്ള പദ്ധതിയാണ് കടയുടമകള്ക്കുള്ളതെന്ന് വ്യാപാരി വ്യസായി സമിതിയുടെ സിറ്റി യൂണിറ്റ് ജോയിന്റ് സെക്രട്ടറി സിയാദ് പറയുന്നു. “ഇവിടെ എല്ലാ ടീമുകള്‍ക്കും തന്നെ ആരാധകരുണ്ട്. ഇനിയും തോരണങ്ങള്‍ ഉയരാനുണ്ട്. അടുത്തയാഴ്ചയോടെ സംഭവം കൂടുതല്‍ കളറാവും. പെന്റ മേനകയിലെത്തുന്നവര്ക്കായി വിവിധ ഗെയിമുകളൊക്കെ തുടങ്ങാനുള്ള പദ്ധതിയുണ്ട്. കൂടിയാലോചിച്ചതിന് ശേഷമായിരിക്കും അത്തരം കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാകുക,” സിയാദ് വ്യക്തമാക്കി.

ഞായറാഴ്ചയാണ് ഫിഫ ഫുട്ബോള്‍ ലോകകപ്പിന് ഖത്തറില്‍ തുടക്കാമാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. ഒരു മാസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം ഡിസംബര്‍ 18-നാണ്.