FIFA World Cup 2022: ഹ്യൂഗൊ ലോറിസ്, ലോകകപ്പ് ഫൈനലിലെത്തിയ ഫ്രാന്‍സിന്റെ കാവല്‍ക്കാരന്‍. ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ (20) കളിച്ച ഗോള്‍ കീപ്പര്‍ എന്ന നേട്ടം അര്‍ജന്റീനയ്ക്കെതിരായ ഫൈനലോടെ ലോറിസിന് സ്വന്തമാകും.
രണ്ട് ലോകകപ്പ് നേടിയ നായകനെന്ന സവിശേഷത സ്വന്തമാക്കാന്‍ ലോറിസിനാകുമോയെന്ന് ഞായറാഴ്ച അറിയാം. 35-കാരനായ ലോറിസാണ് ഫ്രാന്‍സിനായി ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ളത്.
എന്നാല്‍ ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായ ലോറിസിന് സാക്ഷാല്‍ മെസിയെ തടയാന്‍ കഴിയുമോ. ഇതിന് മുന്‍പ് മൂന്ന് തവണയാണ് ലോറിസിന്റെ കരങ്ങള്‍ ഭേദിച്ച് മെസി പന്ത് വലയിലെത്തിച്ചിട്ടുള്ളത്.
ആദ്യത്തേത് 2009-ലായിരുന്നു. ബാഴ്സലോണയും ലിയോണും തമ്മിലുള്ള മത്സരത്തിലായിരുന്നു മെസിയുടെ ഗോള്‍ നേട്ടം. ബോക്സിന്റെ വലതു ഭാഗത്ത് നിന്ന് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് മെസി തൊടുത്ത ഷോട്ട് ലോറീസിന്റെ ഡൈവിനെ മറികടന്നാണ് ഗോളായത്.
മറ്റ് രണ്ട് ഗോളുകളും പിറന്നത് 2018-ലായിരുന്നു. അന്ന് ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനത്തിന്റെ ഗോളിയായിരുന്നു ലോറിസ്. മെസി ബാഴ്സലോണയില്‍ തന്നെയും. രണ്ട് തവണയും ടോട്ടനം പ്രതിരോധ നിരയെ കബളിപ്പിച്ച് ലൂയിസ് സുവാരസ് പന്ത് തൊടാതെ നിന്നപ്പോള്‍ മെസി ഷോട്ടുതിര്‍ക്കുകയായിരുന്നു.