/indian-express-malayalam/media/media_files/uploads/2022/11/fifa-world-cup-2022-argentinas-pre-quarter-chances-after-win-against-mexico-724374.jpg)
Photo: Facebook/ Leo Messi
FIFA World Cup 2022: ഖത്തറിലെ ലോകകപ്പ് അര്‍ജന്റീനയ്ക്കായി കാത്തു വച്ചിരുന്നത് അപ്രതീക്ഷിത തുടക്കമായിരുന്നു. സൗദി അറേബ്യയോട് 2-1 ന് പരാജയം രുചിച്ചാണ് മെസിപ്പട ഖത്തറില്‍ കാലു കുത്തിയത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറി വഴങ്ങിയതിന് ശേഷം മെസി പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു, 'ആരാധകരെ നിങ്ങള്‍ ഞങ്ങളെ വിശ്വസിക്കു, നിരാശപ്പെടില്ല'.
ഒടുവില്‍ ആ വാക്കുകളോട് നീതി പുലര്‍ത്തി വിശ്വകിരീടവുമായാണ് ഫുട്ബോളിലെ മിശിഹ മടങ്ങുന്നത്. ലോകകപ്പിലെ ഓരോ മത്സരം കഴിയുമ്പോഴും സ്വര്‍ണക്കിരീടത്തിലേക്ക് കുതിക്കുന്ന 'ഗോട്ടി'നെയായിരുന്നു കളത്തില്‍ കണ്ടത്. ഫൈനലില്‍ എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍ ഉള്‍പ്പെടെ ഏഴ് തവണയാണ് മെസി ഖത്തറില്‍ ലക്ഷ്യം കണ്ടത്. മൂന്ന് അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിക്കാന്‍ അര്‍ജന്റീനയുടെ നായകന് കഴിഞ്ഞു.
ഫൈനലില്‍ പെനാലിറ്റി ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീന കിരീടം നേടിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടിയതോടെയാണ് കിരീടം നിര്‍ണയിക്കാന്‍ പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് കടക്കേണ്ടി വന്നത്. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്കായി കിക്കെടുത്ത നാല് പേര്‍ക്കും പിഴച്ചില്ല. എന്നാല്‍ ഫ്രാന്‍സിന്റെ രണ്ട് താരങ്ങള്‍ പെനാലിറ്റി ലക്ഷ്യത്തിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ സമ്പൂര്‍ണ ആധിപത്യവും അര്‍ജന്റീനയ്ക്കായിരുന്നു. 23-ാം മിനുറ്റില്‍ പെനാലിറ്റിയിലൂടെ മെസി അര്‍ജന്റീനയ്ക്ക് ലീഡ് നേടിക്കൊടുത്തു. 36-ാം മിനുറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ അര്‍ജന്റീനയുടെ രണ്ടാം ഗോളും നേടി. ആദ്യ പകുതിയില്‍ കളത്തില്‍ സാന്നിധ്യം പോലും അറിയിക്കാന്‍ ഫ്രാന്‍സിന് കഴിയാതെ പോയിരുന്നു. അര്‍ജന്റീനയും മെസിയും നിറഞ്ഞാടിയപ്പോള്‍ നിഴല്‍ മാത്രമായി ഫ്രഞ്ച് പട.
രണ്ടാം പകുതിയിലും അര്‍ജന്റീന കളി ശൈലിയില്‍ മാറ്റം വരുത്തിയില്ല. പക്ഷെ 80 മിനുറ്റില്‍ ഫ്രാന്‍സിന് പെനാലിറ്റിയിലൂടെ ഗോള്‍ മടക്കാന്‍ അവസരം ലഭിച്ചു. പന്ത് ലക്ഷ്യത്തിലെത്തിച്ച് എംബാപെ സ്കോര്‍ 2-1 ആക്കി മാറ്റി. കണ്ണടച്ചു തുറക്കുന്നതിനിടെയില്‍ എംബാപെയുടെ ബൂട്ടില്‍ നിന്ന് ബുള്ളറ്റ് ഷോട്ട് പിറന്നു. അര്‍ജന്റീന ഗോളി എമി മാര്‍ട്ടിനസിന്റെ കൈവേഗം പോരായിരുന്നു എംബാപെയുടെ ഷോട്ട് തടയാണ്. ഫ്രാന്‍സ് ഒപ്പമെത്തി.
അധികസമയത്തും ആവേശപ്പോരാട്ടമായിരുന്നു. രണ്ടാം പകുതിയില്‍ ഫ്രാന്‍സ് പ്രതിരോധം മെസിക്കാറ്റില്‍ ഉലഞ്ഞു. വീണ്ടും പിന്നിലായ ഫ്രാന്‍സിനെ പെനാലിറ്റിയിലൂടെ എംബാപെ ഒപ്പമെത്തിച്ചു. അവസാന നിമിഷം വരെ വിജയഗോളിനായി ഇരുടീമുകളും ശ്രമങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us