FIFA World Cup 2022: ഫിഫ ലോകകപ്പ് 2022 ന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്ന് അര്‍ജന്റീന. ഗ്രൂപ്പ് സിയിലെ നിര്‍ണായക മത്സരത്തില്‍ പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി. അലക്സിസ് അലിസ്റ്റര്‍ (46), ജൂലിയന്‍ ആലവാരസ് (67) എന്നിവരാണ് സ്കോറര്‍മാര്‍. ജയത്തോടെ ഗ്രൂപ്പ് സി ചാമ്പ്യന്മാരായാണ് അര്‍ജന്റീന അവസാന 16-ലേക്ക് കടന്നത്.
ഗ്രൂപ്പിലെ അവസാന മത്സരം എല്ലാ ടീമുകള്‍ക്കും നിര്‍ണായകമായിരുന്നു. പോളണ്ടിനെ കീഴടക്കി അര്‍ജന്റീന ആറ് പോയിന്റ് സ്വന്തമാക്കി. സൗദി അറേബ്യയെ കീഴടക്കി പോളണ്ടിന്റെ പോയിന്റ് നിലയ്ക്ക് ഒപ്പമെത്താന്‍ മെക്സിക്കോയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ മികച്ച ഗോള്‍ ശരാശരിയുടെ അകമ്പടിയോടെയാണ് പോളണ്ട് പ്രീ ക്വാര്‍ട്ടറിലേക്ക് എത്തിയത്.
പോളണ്ടിന് കളത്തില്‍ ഇടം കൊടുക്കാതെയായിരുന്നു അര്‍ജന്റീനയുടെ വിജയം. പന്തടക്കത്തിലും മുന്നേറ്റത്തിലുമെല്ലാം സമ്പൂര്‍ണ ആധിപത്യം. 74 ശതമാനം പന്തടക്കത്തില്‍ 23 ഷോട്ടുകള്‍. ഇതില്‍ 12 എണ്ണവും ഓണ്‍ ടാര്‍ഗറ്റും. പോളണ്ട് നിരയുടെ ഷോട്ടുകള്‍ കേവലം നാലെണ്ണം മാത്രമായിരുന്നു. ഒന്നുപോലും ടാര്ഗറ്റിലെത്തിക്കാനും കഴിഞ്ഞില്ല.
ഗോള്‍ വീഴുമെന്ന് ഓരോ നിമിഷവും തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു മെസിപ്പടയുടെ കളി. 38-ാം മിനിറ്റില്‍ മെസി പെനാലിറ്റി പാഴാക്കിയപ്പോള്‍ വീണ്ടും ചരിത്രം ആവര്‍ത്തിക്കുകയാണോയെന്ന് ആരാധകര്‍ വിചാരിച്ചിട്ടുണ്ടാകും. എന്നാല്‍ ആദ്യ പകുതിയുടെ അധികസമയത്ത് മോളിനയുടെ അളന്നു മുറിച്ചുള്ള പാസ് അലിസ്റ്റിര് വലയിലേക്ക് വഴിതിരിച്ചുവിട്ടു.
67-ാം മിനുറ്റില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ഗോള്‍ മധുരം. എന്‍സൊ ഫെര്‍ണാണ്ടസിന്റെ കുറിയ പാസ് സ്വീകരിച്ച ആല്‍വാരസ് ബോക്സിന്റെ വലതു മൂലയിലേക്ക് തൊടുത്ത ഷോട്ടാണ് അര്‍ജന്റീനയുടെ ലീഡ് ഉയര്‍ത്തിയത്. വീണ്ടും അര്‍ജന്റീന ഗോളിനായി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു.