ഫുട്ബോള്‍ പ്രേമികള്‍ക്ക് ഏറെ പ്രിയമുള്ള ടീമാണ് അര്‍ജന്റീന. ഓരോ ലോകകപ്പ് അടുക്കുമ്പോഴും അര്‍ജന്റീന കിരീടം നേടുന്നത് കാണാന്‍ കാത്തിരിക്കുന്നത് കോടിക്കണക്കിന് ആരാധകരും. ഇത്തവണ ഖത്തര്‍ ലോകകപ്പില്‍ പന്തുരുളുമ്പോള്‍ അര്‍ജന്റീനയുടെ കിരീട സാധ്യത കൂടുതലാണ്. കാരണം കോപ്പ അമേരിക്കയും, ഫൈനലിസിമ കിരീടങ്ങളും നേടി ലയണല്‍ മെസിയും കൂട്ടരും ഉജ്വല ഫോമിലാണ്.
കരിയറില്‍ ഇനിയും വര്‍ഷങ്ങള്‍ ബാക്കി കിടക്കുമ്പോഴും ഇതിഹാസമെന്ന പേര് സമ്പാദിച്ച മെസിക്ക് ഫുട്ബോളില്‍ ഇനി സ്വന്തമാക്കാനുള്ളത് ആ സ്വര്‍ണക്കിരീടം മാത്രം. ഖത്തറില്‍ പന്തു തട്ടാനിറങ്ങുന്ന അര്‍ജന്റീനന്‍ നായകന് മുന്നിലെ ലക്ഷ്യവും അത് തന്നെയായിരിക്കും. ലോകകപ്പിനുള്ള തയാറെടുപ്പുകള്‍ അര്‍ജന്റീന തുടങ്ങിക്കഴിഞ്ഞു. ലോകകപ്പ് ജേഴ്സിയും പുറത്തിറക്കിയിരിക്കുകയാണ്.
അര്‍ജന്റീനയുടെ പരമ്പരാഗത ശൈലിയില്‍ ഒരുക്കിയിരിക്കുന്ന ജേഴ്സിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. ലയണല്‍ മെസി, എയ്ഞ്ചല്‍ ഡി മരിയ തുടങ്ങിയ താരങ്ങളെയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വീഡിയോകളില്‍ കാണാന്‍ സാധിക്കുന്നത്. പ്രമുഖ സ്പോര്‍ട്സ് ബ്രാന്‍ഡായ അഡിഡാസാണ് ജേഴ്സി തയാറാക്കിയിരിക്കുന്നത്.