FIFA World Cup 2022: ‘ഇറ്റ്സ് കമിങ് ഹോം’ എന്ന മുദ്രാവാക്യം ഇത്തവണയും യാഥാര്‍ത്ഥ്യമാക്കാന്‍ ഇംഗ്ലണ്ടിനായില്ല. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനോട് 2-1 ന് പരാജയപ്പെട്ട് ലോകകപ്പില്‍ നിന്ന് പുറത്തായി ഗാരത് സൗത്ത്ഗേറ്റും കൂട്ടരും. പെനാലിറ്റി പാഴാക്കി സൂപ്പര്‍ താരം ഹാരി കെയിന്‍ ദുരന്ത നായകനുമായി. ഔറേലിയന്‍ ചമേനി, ഒലിവര്‍ ജിറൂദ് എന്നിവരാണ് ഫ്രാന്‍സിനായി സ്കോര്‍ ചെയ്തത്. ഇംഗ്ലണ്ടിനായി കെയിനും ലക്ഷ്യം കണ്ടു.
തുല്യശക്തികളുടെ പോരാട്ടത്തില്‍ മേല്‍ക്കൈ ഇംഗ്ലണ്ടിനുണ്ടായിരുന്നു. എന്നാല്‍ 17-ാം മിനുറ്റില്‍ തന്നെ പിന്നോട്ട് പോകാനായിരുന്നു വിധി. 25 വാര അകലെ നിന്ന് ചമേനി തൊടുത്ത ഷോട്ട് ഫ്രാന്‍സിന് ലീഡ് നേടിക്കൊടുത്തു. അന്റോണിയൊ ഗ്രീസ്മാനാണ് ഗോളിലേക്ക് വഴിയൊരുക്കിയത്. ലോകകപ്പിലെ ഗ്രീസ്മാന്റെ രണ്ടാമത്തെ അസിസ്റ്റാണിത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഒപ്പമെത്താന്‍ ഇംഗ്ലണ്ടിനായി. ഫ്രാന്‍സ് ഗോള്‍ സ്കോറര്‍ ചമേനി ഇംഗ്ലണ്ടിന്റെ ബുക്കായൊ സകയെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് റഫറി പെനാലിറ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത ഹാരി കെയിന്‍ പന്ത് വലയിലെത്തിച്ചു. ടൂര്‍ണമെന്റിലെ താരത്തിന്റെ രണ്ടാം ഗോളാണിത്.
ഫ്രാന്‍സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായ ഒലിവര്‍ ജിറൂദ് നിര്‍ണായക മത്സരത്തിലും ലക്ഷ്യം കണ്ടതോടെ ഫ്രാന്‍സ് ലീഡെടുത്തു. ഗ്രീസ്മാന്‍ തൊടുത്ത ക്രോസില്‍ തല വച്ചായിരുന്നു പന്ത് വലയിലെത്തിച്ചത്. ലോകകപ്പിലെ ജിറൂദിന്റെ നാലാം ഗോളാണിത്. ഗോള്‍ വേട്ടയില്‍ മെസിക്കൊപ്പം രണ്ടാമനായി താരവുമുണ്ട്.
രണ്ടാം ഗോള്‍ നേടാന്‍ ഇംഗ്ലണ്ടിനായി വീണ്ടും പെനാലിറ്റി പിറന്നു. മാസന്‍ മൗണ്ടിനെ തിയൊ ഹെര്‍ലാണ്ടസ് വീഴ്ത്തിയതിനായിരുന്നു പെനാലിറ്റി. കിക്കെടുത്ത ഹാരി കെയിനിന്റെ ബൂട്ടുകള്‍ക്ക് ഇത്തവണ തെറ്റി. പന്ത് പുറത്തേക്കടിച്ച് നായകന്‍ തന്നെ ഇംഗ്ലണ്ടിന്റെ സാധ്യതകള്‍ക്ക് കര്‍ട്ടനിടുകയായിരുന്നു.