FIFA World Cup 2022: അര്‍ജന്റീനയുടെ ലോകകപ്പ് യാത്രകള്‍ എല്ലാത്തവണയും ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞതാണ്. ഇത്തവണയും അതിന് മാറ്റമില്ല. തുടക്കത്തില്‍ തന്നെ കാലിടറിയാണ് തുടക്കം, സൗദി അറേബ്യയോട് 2-1 ന്റെ തോല്‍വി. രണ്ടാം മത്സരത്തില്‍ മെക്സിക്കോയെ വീഴ്ത്തി (2-0) ഉയര്‍ത്തെഴുന്നേല്‍പ്പ്. ഇനിമുന്നിലുള്ളത് പോളണ്ടുമായുള്ള പോരാട്ടമാണ്.
അര്‍ജന്റീനയ്ക്കും ആരാധകര്‍ക്കും പോളണ്ടിനെതിരായ മത്സരം കേവലമൊരു കളി മാത്രമല്ല. തോറ്റാല്‍ വിശ്വകിരീടമെന്ന സ്വപ്നം ലയണല്‍ മെസിക്ക് മറക്കേണ്ടി വരും. അര്‍ജന്റീനയുടെ സാധ്യതകള്‍ കണക്കുകൂട്ടി കണ്ടുപിടിക്കുന്ന തിരക്കിലാണ് ആരാധകര്‍. പോളണ്ടുമായി സമനില വഴങ്ങിയാല്‍ പോലും അര്‍ജന്റീനയ്ക്ക് പ്രീ ക്വാര്‍ട്ടറില്‍ കടക്കാം. അതിനും കണക്കിന്റെ കൂട്ടുവേണമെന്ന് മാത്രം.
ഗ്രൂപ്പ് സിയില്‍ നിന്ന് ആര് അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്ന കാര്യം ഇന്നറിയാം. അര്‍ജന്റീനയ്ക്കും പോളണ്ടിനും പുറമെ മെക്സിക്കോയും സൗദി അറേബ്യയുമാണ് ഗ്രൂപ്പിലുള്ളത്. നാല് പോയിന്റുള്ള പോളണ്ടാണ് ഒന്നാമത്. മൂന്ന് പോയിന്റ് വീതമുള്ള അര്‍ജന്റീനയും സൗദിയും രണ്ടും മൂന്നും സ്ഥാനങ്ങളിലും. മെക്സിക്കോയ്ക്ക് ഒരു പോയിന്റ് മാത്രമാണുള്ളത്.

അര്‍ജന്റീനയുടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ വിശദമായി
അര്‍ജന്റീന പോളണ്ടിനെ പരാജയപ്പെടുത്തിയാല്‍
പോളണ്ടിനെതിരെ വിജയം സ്വന്തമാക്കിയാല്‍ അനായാസം പ്രീ ക്വാര്‍ട്ടറിലേക്ക് കുതിക്കാന്‍ മെസിപ്പടയ്ക്കാകും.
അര്‍ജന്റീന – പോളണ്ട് മത്സരം സമനിലയിലായാല്‍
മത്സരം സമനിലയാവുകയാണെങ്കില്‍ പോളണ്ടിന്അ ഞ്ച് പോയിന്റും അര്‍ജന്റീനയ്ക്ക് നാല് പോയിന്റുമാകും.
സൗദി അറേബ്യ – മെക്സിക്കൊ മത്സരത്തെ ആശ്രയിച്ചിരിക്കും അര്‍ജന്റീനയുടെ ഭാവി. സൗദി മെക്സിക്കോയെ പരാജയപ്പെടുത്തുകയാണെങ്കില്‍ അര്‍ജന്റീന പുറത്താകും. ആറ് പോയിന്റുള്ള സൗദിയും പോളണ്ടും (5) മുന്നേറും.
മെക്സിക്കൊ സൗദിയെ പരാജയപ്പെടുത്തിയാലും അര്‍ജന്റീനയ്ക്ക് സാധ്യതയുണ്ട്. മൂന്ന് ഗോള്‍ മാര്‍ജിനില്‍ സൗദി തോല്‍ക്കാതിരുന്നാല്‍ മതി. ഗോള്‍ നിലയുടെ തുണയോടെ പ്രീ ക്വാര്‍ട്ടറിലേക്ക് അര്‍ജന്റീന എത്തും.
സൗദി- മെക്സിക്കൊ മത്സരം സമനിലയിലായാല്‍ അര്‍ജന്റീനയ്ക്കും സൗദിക്കും നാല് പോയിന്റ് വീതമാകും. ഗോള്‍ നില തന്നെയായിരുന്നു ഇവിടെയും നിര്‍ണായകമാകുക.
അര്‍ജന്റീന പോളണ്ടിനോട് പരാജയപ്പെട്ടാല്‍
അര്‍ജന്റീന പോളണ്ടിനോട് തോല്‍ക്കുകയാണെങ്കില്‍ ലോകകപ്പില്‍ നിന്ന് പുറത്താകും.