FIFA World Cup 2022: ഖത്തര്‍ ലോകകപ്പില്‍ നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പോളണ്ടിനെതിരായ മത്സരത്തില്‍ ഇരട്ടഗോളുകളോടെ ഈ ലോകകപ്പിലെ ഗോള്‍ വേട്ടക്കാരില്‍ എംബപെ മുന്നിലെത്തി. അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഫ്രാന്‍സ് പോളണ്ടിനെ വീഴ്ത്തിയത്.
മത്സരത്തില്‍ 44 -ാം മിനിറ്റില്‍ ഒലിവര്‍ ജിറൂഡാണ് സ്കോറിങ്ങിന് തുടക്കമിട്ടത്. ഇതോടെ ഫ്രാൻസിനായി രാജ്യാന്തരതലത്തിൽ 51 ഗോളുകൾ നേടിയ തിയറി ഒൻറിയെ ജിറൂദ് മറികടന്നു. എംബാപ്പെ നല്കിയ പാസ് ഇടംകാലിന് അടിച്ചുവിട്ട് ഗോളാക്കിയപ്പോൾ രാജ്യാന്തര ഗോളുകളുടെ എണ്ണത്തിൽ ജിറൂദിന്റെ വക 52 എണ്ണം തികഞ്ഞു.
മത്സരത്തില്‍ 74, 91 മിനിറ്റുകളിലായിരുന്നു എമ്പാപ്പെയുടെ ഗോളുകള്‍. മത്സരം തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ലഭിച്ച പെനാല്‍റ്റി ലെവന്‍ഡോവ്സ്കി വലയിലാക്കി ഒരു ഗോള്‍ മടക്കി.
കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും നിലവിലെ ചാമ്പ്യന്മാര് ആദ്യ റൗണ്ടില്‍ പുറത്തായതിനാല്‍ ആ സമ്മര്‍ദത്തെ കളിമികവുകൊണ്ട് മറികടന്നാണ് ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറിലേക്ക് എത്തിയത്. ലോകകപ്പില്‍ ഏറ്റവും ആദ്യം നോക്കൗട്ടിലേക്ക് എത്തിയ ഫ്രാന്‍സ് അവസാന മത്സരത്തില്‍ ടുണീഷ്യക്കെതിരെ ചില പരീക്ഷണങ്ങള്‍ക്ക് മുതിര്ന്നിരുന്നെങ്കിലും പരാജയം രുചിച്ചു.
മറുവശത്ത് കരുത്തരായ അര്ജന്റീയും മെക്സിക്കോയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് പൊരുതിയാണ് പോളണ്ട് എത്തിയിരിക്കുന്നത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ മെസിപ്പടയോട് പരാജയപ്പെട്ടെങ്കിലും സൗദി അറേബ്യയോട് നേടിയ ജയമാണ് തുണയായത്.
ഇംഗ്ലണ്ട് – സെനഗല്‍
ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് ഗാരത് സൗത്ത്ഗേറ്റിന്റെ ടീം പ്രീ ക്വാര്‍ട്ടറിലെത്തിയത്. ഗോളിന് വഴിയൊരുക്കി ഹാരി കെയിന്‍ മികവ് പുറത്തെടുക്കുമ്പോള്‍ മറ്റ് പ്രമുഖ താരങ്ങളെല്ലാം ഇംഗ്ലണ്ടിനായി ലോകകപ്പില്‍ ലക്ഷ്യം കണ്ടിട്ടുണ്ട്. മുന്‍പന്തില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡ് തന്നെ. മൂന്ന് കളികളില്‍ രണ്ടിലും ഗോള്‍ വഴങ്ങാത്ത പ്രതിരോധ നിരയും ടീമിന്റെ കരുത്താണ്.
സൂപ്പര്‍ താരം സാദിയൊ മാനെ ഇല്ലാതെ ഇറങ്ങുന്ന സെനഗലിനെ എഴുതി തള്ളിയിരുന്നു പലരും. എന്നാല്‍ പ്രീ ക്വാര്ട്ടറിലേക്കെത്തിയാണ് സെനഗല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. നിര്‍ണായകമായ ഗ്രൂപ്പ് മത്സരത്തില്‍ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് സെനഗല്‍ എത്തുന്നത്. ഇംഗ്ലണ്ട് നിരയെ നേരിടുന്ന സെനഗലിന് ആത്മവിശ്വാസത്തിന് ഒട്ടും കുറവുണ്ടാകില്ല.
അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ രാത്രി 12.30 നാണ് മത്സരം.