ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്. ഇതിനോടകം തന്നെ ടിക്കറ്റുകള്‍ ഏറക്കുറെ വിറ്റഴിഞ്ഞു. പ്രിയ താരങ്ങള്‍ പന്ത് തട്ടുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, ലയണല്‍ മെസി തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ അവസാന ലോകകപ്പായിരിക്കും ഖത്തറിലേത്.
പക്ഷെ ലോക ഫുട്ബോളിലെ തന്നെ ചില മികച്ച താരങ്ങള്‍ക്ക് ഖത്തര്‍ ലോകകപ്പ് നഷ്ടമായിട്ടുണ്ട്. സ്വന്തം രാജ്യത്തിന് യോഗ്യത നേടാന്‍ കഴിയാതെ പോയതാണ് പലര്‍ക്കും വിനയായത്. ലോകകപ്പില്‍ ടോപ് സ്കോറര്‍മാരില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ടായിരുന്ന ചിലരും പട്ടികയില്‍ ഉള്‍പ്പെടുന്നു. ആ സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
മുഹമ്മദ് സല
ഈജിപ്ഷ്യന്‍ കിങ് എന്നാണ് ഫുട്ബോള്‍ ലോകത്ത് മുഹമ്മദ് സല അറിയപ്പെടുന്നത്. ലിവര്‍പൂളിന്റെ സൂപ്പര്‍ സ്ട്രൈക്കര്‍. സലയുടെ മികവിലായിരുന്നു 2018 ലോകകപ്പിന് ഈജിപ്ത് യോഗ്യത നേടിയത്. പക്ഷെ 2022 ല്‍ സലയ്ക്ക് അത് ആവര്‍ത്തിക്കാനായില്ല. ആഫ്രിക്കന്‍ രാജ്യങ്ങളുടെ യോഗ്യതാ ടൂര്‍ണമെന്റ് ഫൈനലില്‍ സെനഗളിനോട് 1-3 ന് പരാജയപ്പെട്ട് പുറത്താവുകയായിരുന്നു, കഴിഞ്ഞ സീസണില്‍ 31 ഗോളുകളും 16 അസിസ്റ്റുകളുമാണ് സല നേടിയത്.
എര്‍ളിങ് ഹാളണ്ട്
പ്രായം വെറും 21 വയസ് മാത്രം, നിലവില്‍ ലോക ഫുട്ബോളില്‍ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരുടെ പട്ടികയെടുത്താല്‍ ആദ്യ അഞ്ചില്‍ തന്നെ ഹാളണ്ട് ഉണ്ടാകും. ജര്‍മ്മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ടുമുണ്ടില്‍ നിന്ന് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് അടുത്തിടെയാണ് താരം ചേക്കേറിയത്. എന്നാല്‍ തന്റെ ഗോള്‍ സ്കോറിങ് മികവുകൊണ്ട് നോര്‍വയെ ലോകകപ്പിലേക്കെത്തിക്കാന്‍ ഹാളണ്ടിന് സാധിച്ചില്ല. യോഗ്യതാ റൗണ്ടില്‍ അഞ്ച് ഗോളുകള്‍ താരം നേടിയിരുന്നു.
ജിയാൻലൂജി ഡോണാരുമ്മ
2020 യൂറോക്കപ്പിന്റെ താരമായിരുന്നു ഇറ്റലിയുടെ ഗോള്‍വലയുടെ കാവല്‍ക്കാരനായ ജിയാൻലൂജി ഡോണാരുമ്മ. പക്ഷെ അസൂറിപ്പടയ്ക്ക് യോഗ്യത ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയാതെ പോയതോടെ ഖത്തറില്‍ മികവ് തെളിയിക്കാന്‍ ഡൊണാരുമ്മയ്ക്ക് കഴിയില്ല. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലാണ് മുന്ചാമ്പ്യന്മാരായ ഇറ്റലി യോഗ്യത നേടാതെ പോകുന്നത്. നോര്‍ത്ത് മസഡോണിയയോട് അപ്രതീക്ഷിത തോല്‍വിയാണ് ഇറ്റലിയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടിയായത്.
സ്ലാട്ടാന് ഇബ്രാഹിമോവിച്ച്
വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷവും അന്താരാഷ്ട്ര ഫുട്ബോളിലേക്ക് തിരികെ വന്ന താരമാണ് സ്വീഡന് ഇതിഹാസം സ്ലാട്ടാന് ഇബ്രാഹിമോവിച്ച്. 2022 ഫുട്ബോള്‍ ലോകകപ്പിലേക്ക് സ്വീഡനെ എത്തിക്കുക മാത്രമായിരുന്നു ഇബ്രാഹിമോവിച്ചിന്റെ ലക്ഷ്യം. തലമുറയിലെ തന്നെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ ഇബ്രാഹിമോവിച്ചിന്റെ ലോകകപ്പ് മോഹങ്ങള്‍ ഇത്തവണയും സാധ്യമായില്ല. 2006 ലാണ് അവസാനമായി ഒരു ലോകകപ്പില്‍ ഇബ്ര പന്ത് തട്ടിയത്.
റിയാദ് മഹരസ്
പോയ സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ച താരങ്ങളില്‍ ഒരാളാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ റിയാദ് മഹരസ്. വിങ്ങുകളിലൂടെ അപ്രതീക്ഷിത മുന്നേറ്റം നടത്താനും ഗോളുകള്‍ നേടാനുമുള്ള മികവാണ് അള്‍ജീരിയന്‍ താരത്തെ വ്യത്യസ്തനാക്കുന്നത്. ഖത്തര്‍ ലോകകപ്പില്‍ മഹരസിന്റെ ചടുലതയാര്‍ന്ന നീക്കങ്ങള്‍ ഉണ്ടാകില്ല. ലോകകപ്പ് യോഗ്യതാ പ്ലെ ഓഫില്‍ കാമറൂണിനോട് വഴങ്ങിയ തോല്‍വിയാണ് അള്‍ജീരിയക്ക് വിനയായത്.