FIFA World Cup 2022: പ്രീ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരെ കീഴടക്കി ഇംഗ്ലണ്ട്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ത്രി ലയണ്‍സിന്റെ വിജയം. ജോര്‍ദാന്‍ ഹെന്‍ഡേഴ്സണ്‍ (38), ഹാരി കെയിന്‍ (45), ബുക്കായൊ സക (57) എന്നിവരാണ് ഇംഗ്ലണ്ടിനായി സ്കോര്‍ ചെയ്തത്. ഇതോടെ ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് – ഇംഗ്ലണ്ട് സൂപ്പര്‍ പോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.
മത്സരത്തിന്റെ 38-ാം മിനുറ്റ് വരെ ഇംഗ്ലണ്ടിന്റെ മുന്‍നിരയെ പിടിച്ചുകെട്ടാന്‍ സെനഗലിന് സാധിച്ചിരുന്നു എന്നാല്‍ ബെല്ലിങ്ഹാമിന്റെ അസിസ്റ്റില്‍ കൃത്യതയാര്‍ന്ന ഫിനിഷിങ്ങിലൂടെ ഹെന്‍ഡേഴ്സണ്‍ ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചു. ഗോള്‍ വീണതോടെ കളം വാഴുന്ന ഇംഗ്ലണ്ടിനെയാണ് പിന്നീട് കണ്ടത്. ആദ്യ പകുതിയുടെ അധിക സമയത്ത് ഇംഗ്ലണ്ട് ലീഡ് ഉയര്‍ത്തുകയും ചെയ്തു.
കഴിഞ്ഞ ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് വിജയിയായ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയിനിന് ഇത്തവണ സ്കോര്‍ ഷീറ്റില്‍ ഇടം പിടിക്കാനായിരുന്നില്ല. എന്നാല്‍ ആ പോരായ്മയ്ക്കും പരിഹാരമായി സെനഗലിനെതിരായ മത്സരത്തില്‍. കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ വന്ന മുന്നേറ്റത്തില്‍ ഫില്‍ ഫോഡന്റെ പാസില്‍ നിന്നാണ് കെയിന്‍ ലക്ഷ്യം കണ്ടത്.
57-ാം മിനുറ്റില്‍ സെനഗലിന് ഒരു തിരിച്ചു വരവിന് സാധ്യത പോലും നല്‍കാതെ മൂന്നാം ഗോള്‍. ഇത്തവണയും വഴിയൊരുക്കിയത് ഫില്‍ ഫോഡന്‍ തന്നെ. ഇടതു വിങ്ങിലൂടെ കുതിച്ച് ബോക്സിലേക്ക് അളന്നു മുറിച്ചുള്ള പാസ്. ബുക്കായൊ സകയ്ക്ക് പന്ത് തട്ടി വലയിലാക്കേണ്ട ചുമതല മാത്രമായിരുന്നു ഉണ്ടായിരുന്നത്. ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ 12-ാം ഗോളാണിത്.