scorecardresearch
Latest News

FIFA World Cup 2022, ENG vs IRN: ഗോളടിമേളവുമായി ഇംഗ്ലണ്ട്; തകര്‍ന്നടിഞ്ഞ് ഇറാന്‍

ജൂഡ് ബെല്ലിങ്ഹാം, ബുക്കായോ സാക്ക, റഹിം സ്റ്റിര്‍ലിങ് എന്നിവരാണ് ഗോള്‍ നേടിയത്

FIFA World Cup 2022, ENG vs IRN: ഗോളടിമേളവുമായി ഇംഗ്ലണ്ട്; തകര്‍ന്നടിഞ്ഞ് ഇറാന്‍

FIFA World Cup 2022, ENG vs IRN Score Updates: FIFA World Cup 2022, ENG vs IRN Score Updates: ഫിഫ ഫുട്ബോള്‍ ലോകകപ്പില്‍ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ഇറാനെതിരെ ഗോള്‍ മഴയുമായി ഇംഗ്ലണ്ട്. രണ്ടിനെതിരെ ആറ് ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ജൂഡ് ബെല്ലിങ്ഹാം (35′), ബുക്കായോ സാക്ക (43′, 62), റഹിം സ്റ്റിര്‍ലിങ് (45+1), മാര്‍ക്കസ് റാഷ്ഫോര്‍ഡ് (71), ജാക്ക് ഗ്രീലിഷ് (89) എന്നിവരാണ് ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ സമ്പൂര്‍ണ ആധിപത്യമായിരുന്നു ഇംഗ്ലണ്ട് പുറത്തെടുത്തത്. എണ്‍പത് ശതമാനം വരെ പന്ത് കൈവശം വച്ചിരുന്നിട്ടും 35-ാം മിനുട്ട് വരെ ഇറാന്റെ പ്രതിരോധം പൊളിക്കാന്‍ സാധിച്ചില്ല. ലൂക്ക് ഷോയുടെ ക്രോസിന് തല വച്ചാണ് ബല്ലിങ്ഹാം ഇംഗ്ലണ്ടിന് ലീഡ് നേടിക്കൊടുത്തത്. ആദ്യ ഗോള്‍ വീണതിന് പിന്നാലെ ആക്രമണ ഫുട്ബോള്‍ കൂടുതല്‍ ശക്തമാക്കി ഇംഗ്ലണ്ട്. വൈകാതെ തന്നെ അത് ഫലം കാണുകയും ചെയ്തു.

ഹാരി മഗ്വയറിന്റെ ക്രോസില്‍ വോളിയിലൂടെ സാക്ക ഗോള്‍ കണ്ടെത്തി. അധിക സമയത്തിന്റെ ആദ്യ മിനുട്ടിലായിരുന്നു സ്റ്റിര്‍ലിങ്ങിന്റെ ഗോള്‍ പിറന്നത്. ഹാരി കെയിന്‍ ബോക്സിലേക്ക് നല്‍കിയ ക്രോസ് മികച്ച് ഫിനിഷിങ്ങിലൂടെയായിരുന്നു സ്റ്റിര്‍ലിങ് ഗോളാക്കിയത്. ഇറാന്റെ പ്രതിരോധ താരങ്ങള്‍ പന്ത് തടയാന്‍ ചിന്തിക്കുന്നതിന് മുന്‍പ് തന്നെ താരം ഫിനിഷ് ചെയ്തു. ഗ്യാലറിയില്‍ ഇരുന്ന് ഇതിഹാസ താരം ഡേവിഡ് ബക്കാം എഴുന്നേറ്റ് നിന്ന് കയ്യടിച്ചായിരുന്നു ഗോളിനെ വരവേറ്റത്.

രണ്ടാം പകുതിയിലും വേഗത കൈവിടാതെയുള്ള ആക്രമണങ്ങളായിരുന്നു ഇംഗ്ലണ്ടിന് ഗോളുകള്‍ നേടിക്കൊടുത്തത്. 62-ാം മിനുട്ടിലായിരുന്നു സാക്കയുടെ രണ്ടാം ഗോള്‍ വീണത്. ഇറാനിയന്‍ പ്രതിരോധനിരയെ കബളിപ്പിച്ചുകൊണ്ട് തൊടുത്ത ഇടംകാല്‍ ഷോട്ട് അനായാസം ഗോള്‍വല കടന്നു. മൂന്ന് മിനുട്ടുകള്‍ക്ക് ശേഷം മെഹദി തരേമിയിലൂടെ ഇറാന്‍ ഒരു ഗോള്‍ മടക്കി. നാല് ഗോള്‍ വീണതോടെ കളത്തില്‍ ഇംഗ്ലണ്ട് മാറ്റത്തിന് തയാറായി. മാര്‍ക്കസ് റാഷ്ഫോര്‍ഡ്, എറിക്ക് ഡയര്‍, ഗ്രീലിഷ്, ഫില്‍ ഫോഡന്‍ എന്നിവരാണ് പകരക്കാരായി കളത്തിലെത്തിയത്.

മൈതാനത്ത് എത്തിയതിന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ റാഷ്ഫോര്‍ഡ് ഗോള്‍ കണ്ടെത്തി. ഹാരി കെയിനിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു റാഷ്ഫോര്‍ഡ് പന്ത് ലക്ഷ്യത്തിലെത്തിച്ചത്. 89-ാം മിനിട്ടില്‍ ഗോളുമായി ഗ്രീലിഷ് ഇറാനിന്റെ തോല്‍വിയുടെ ആഴം കൂട്ടി. അധികസമയത്ത് ലഭിച്ച പെനാലിറ്റി പാഴാക്കാതെ തരേമി ഇറാന്റെ രണ്ടാം ഗോള്‍ നേടി. വാറിലൂടെയായിരുന്നു റെഫറി പെനാലിറ്റി വിധിച്ചത്.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Fifa world cup 2022 eng vs irn score updates