FIFA World Cup 2022, Croatia vs Morocco Live Score Updates: ഫിഫ ലോകകപ്പിലെ മൊറോക്കോയെ കീഴടക്കി ക്രൊയേഷ്യക്ക് മൂന്നാം സ്ഥാനം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം.ക്രൊയേഷ്യക്കായി ജോക്കൊ ഗ്വാര്‍ഡിയോളും മിസ്ലാവ് ഓര്‍സിച്ചും മൊറോക്കോയ്ക്കായി അഷ്റഫ് ദാരിയുമാണ് ഗോളുകള്‍ നേടിയത്.
മൊറോക്കോയുടെ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്താനുള്ള ശ്രമങ്ങളായിരുന്നു തുടക്കം മുതല്‍ ക്രൊയേഷ്യ നടത്തിയത്. ഏഴാം മിനുറ്റില്‍ തന്നെ അത് ഫലം കാണുകയും ചെയ്തു. ലൂക്ക മോഡ്രിച്ചെടുത്ത ഫ്രീകിക്കായിരുന്നു ഗോളിന് വഴിയൊരുക്കിയത്. ബോക്സിനുള്ളലേക്ക് എത്തിയ പന്ത് ഇവാന് പെരിസിച്ച് മറിച്ച് നല്കി. അവസരം കണ്ട ഗ്വാര്‍ഡിയോള്‍ പന്ത് വലയിലുമെത്തിച്ചു.
ക്രൊയേഷ്യയുടെ ലീഡിന്റെ ആയുസ് രണ്ട് മിനുറ്റ് മാത്രമായിരുന്നു. ക്രൊയേഷ്യയുടെ ആദ്യ ഗോള്‍ വീണതിന് സമാനമായിരുന്നു മൊറോക്കോയുടെ ഗോളിലേക്കുള്ള വഴിയും. ബോക്സിന് പുറത്ത് നിന്ന് സിയേച്ച് എടുത്ത് ഫ്രീ കിക്ക് ഗോള്‍ പോസ്റ്റിന് തൊട്ട് മുന്നില്‍ നിന്നാണ് ദാരി ഹെഡ് ചെയ്തത്. ക്രൊയേഷ്യന്‍ ഗോളി ലിവക്കോവിച്ചിന് കാഴ്ചക്കാരന്റെ റോളായിരുന്നു ആ നിമിഷം.
പിന്നീട് ആക്രമണ പ്രത്യാക്രമണങ്ങളുടെ കുത്തൊഴുക്കായിരുന്നു ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍. ക്രൊയേഷ്യന്‍ മുന്നേറ്റത്തില്‍ പല തവണ മൊറോക്കോയുടെ പ്രതിരോധം പരീക്ഷിക്കപ്പെട്ടു. പക്ഷെ ഗോളുകള്‍ അകന്നു നിന്നു. 42-ാം മിനുറ്റില്‍ ബോക്സിന്റെ ഇടതു മൂലയില്‍ നിന്ന് ഓര്‍സിച്ച് തലോടി വിട്ട പന്ത് വലത് ഗോള്‍ പോസ്റ്റിലുരുമി ലക്ഷ്യത്തിലെത്തുകയായിരുന്നു.
കളി ഇതുവരെ
ഇത്തവണ പ്രീക്വാര്‍ട്ടറില്‍ ജപ്പാനെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനേയും തോല്‍പ്പിച്ചാണ് ക്രൊയേഷ്യ സെമിയിലെത്തിയത്. എന്നാല്‍ സെമിയില്‍ അര്‍ജന്റീനയോട് കാലിടറി. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. മോഡ്രിച്ച്, പെരിസിച്ച്, കോവാസിച്ച് തുടങ്ങിയ താരങ്ങളാണ് ക്രൊയേഷ്യയുടെ കരുത്ത്.
മറുവശത്ത് സ്വപ്നക്കുതിപ്പാണ് മൊറോക്കൊ ലോകകപ്പില്‍ പുറത്തെടുത്തത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി സെമിയിലെത്തുന്ന ആഫ്രിക്കന്‍ രാജ്യമെന്ന നേട്ടം സ്വന്തമാക്കി. പ്രീ ക്വാര്‍ട്ടറില്‍ സ്പെയിനേയും ക്വാര്‍ട്ടറില്‍ സാക്ഷാല്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനേയും കീഴടക്കിയാണ് സെമിയിലെത്തിയത്.
എന്നാല്‍ സെമിയില്‍ ഫ്രാന്‍സിനെ കളത്തില്‍ വെള്ളം കുടിപ്പിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം. മികച്ച സ്ട്രൈക്കറുടെ അഭാവമാണ് മൊറോക്കോയ്ക്ക് തിരിച്ചടിയായത്. 2-0 എന്ന സ്കോറിലായിരുന്നു പരാജയം. ഗ്രൂപ്പ് ഘട്ടത്തില്‍ ക്രൊയേഷ്യയും മൊറോക്കോയും നേര്‍ക്കുനേര്‍ വന്നിരുന്നെങ്കിലും മത്സരം സമനിലയില്‍ കലാശിച്ചു.