ഫിഫ ലോകകപ്പിന്റെ രണ്ടാം ദിനം ഇംഗ്ലണ്ടിന്റേതായിരുന്നു. ഇറാനെ 6-2 എന്ന വമ്പൻ മാർജിനിൽ പരാജയപ്പെടുത്തിയ ത്രീ ലയൺസ് മത്സരത്തിനു മുൻപ് ‘മുട്ടുകുത്തി’ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളേണ്ടതിന്റെ സന്ദേശം പ്രചരിപ്പിച്ചു. കളിക്കളത്തിൽ അവർ ചടുലതയുടെയും കണിശതയുടെയും പരിയായമാപ്പോൾ ഇറാന് മറുപടിയുണ്ടായില്ല.
മത്സരത്തിൽ മോശമായെങ്കിലും ഇറാൻ കളിക്കാരും രാഷ്ട്രീയമായ ഒരു സന്ദേശം മുൻപോട്ടു വയ്ക്കുന്നതിൽ വിജയിച്ചുവെന്നു വേണം കരുതാൻ. തങ്ങളുടെ രാജ്യത്തെ ഭരണകൂടത്തിനെതിരെ നടക്കുന്ന വ്യാപകമായ പ്രതിഷേധങ്ങളുടെ തുടർച്ചയെന്ന പോലെ ദേശീയഗാനത്തിനിടെ ഇറാൻ കളിക്കാർ നിശബ്ദത പാലിച്ചു,
രാജ്യത്തെ കർശനമായ ഡ്രസ് കോഡ് ലംഘിച്ചുവെന്നാരോപിച്ച് സെപ്റ്റംബറിൽ ഇറാന്റെ സദാചാര പൊലീസ് പിടികൂടിയ മഹ്സ അമിനി എന്ന ഇരുപത്തി രണ്ടുകാരിയുടെ കസ്റ്റഡി മരണത്തെത്തുടർന്ന് ആ രാജ്യത്തെ മർദകഭരണകൂടത്തിനെതിരെ ജനകീയപ്രക്ഷോഭങ്ങൾ ശക്തിപ്രാപിച്ചുവരികയാണ്. ഈ വേളയിൽ ഫുട്ബോൾ ടീമിന്റെ പ്രതിഷേധം വിഷയത്തിനു കൂടുതൽ ജനശ്രദ്ധ ലഭിക്കാൻ കാരണമാകും.
അതേസമയം, എല്ലാ രാഷ്ട്രീയനിലപാടുകളും എതിർപ്പുകളില്ലാതെ അംഗീകരിക്കപ്പെട്ടുവെന്നും കരുതാൻ കഴിയില്ല. തിങ്കളാഴ്ച ഫിഫയുടെ ശാസനത്തിനു ശേഷം ഇംഗ്ലണ്ട് ഉൾപ്പെടെ ഏഴ് ടീമുകൾ വൺ ലവ് ആം ബാൻഡ് ധരിക്കാനുള്ള നീക്കം ഉപേക്ഷിച്ചു.
സ്വവർഗരതി നിയമവിരുദ്ധമായ ഖത്തറിൽ എല്‍ജിബിടിക്യു അവകാശങ്ങളെപ്പറ്റിയുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഏഴ് യൂറോപ്യൻ ടീമുകളുടെ ഫുട്ബോൾ ക്യാപ്റ്റൻമാർ മഴവില്ല് ആം ബാൻഡ് (വൺ ലവ്) ധരിക്കാൻ തീരുമാനിച്ചിരുന്നു. വെയിൽസ്, ബെൽജിയം, ഡെൻമാർക്ക്, ജർമനി, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലൻഡ് എന്നീ ടീമുകൾ ആയിരുന്നു ഇംഗ്ലണ്ടിന് ഒപ്പം ഈ ഉദ്യമത്തിന് ഒരുങ്ങിയത്.
ഇംഗ്ലണ്ടിന്റെ യുവനിര പ്രതീക്ഷ നൽകുന്നു
സാറ്റലൈറ്റ് ടെലിവിഷൻ്റെ വരവോടെ, ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ സംപ്രേഷണത്തോടെ, തൊണ്ണൂറുകളുടെ അവസാനമാണ് ഇംഗ്ലണ്ട് ഫുട്ബാൾ ടീമിന് ഇന്ത്യയിൽ ആരാധകരുണ്ടാവുന്നത്. ഡേവിഡ് ബെക്കാമിനെ പോലുള്ള ഒരു ആഗോള സെലിബ്രിറ്റിയുടെ സാന്നിധ്യവും അതിനു വഴിവച്ചുവെന്നു വേണം കരുതാൻ.
എന്നിരുന്നാലും ഇംഗ്ലണ്ടിനെ പിന്തുണച്ചിരുന്ന ഫുട്ബോൾ പ്രേമികൾക്ക് എന്നും നിരാശ മാത്രമാണ് ഒരുകാലത്ത് ലോക വേദികളിൽ ലഭിച്ചിരുന്നത്. കിതച്ചുകൊണ്ട് ആദ്യ റൗണ്ട് കടക്കുകയും മിക്കപ്പോഴും ക്വാർട്ടർ ഫൈനലിൽ പുറത്താവുന്നതും ഇംഗ്ലണ്ടിന്റെ കാര്യത്തിൽ പതിവായിരുന്നു.
2018 ലോകകപ്പില്‍ മാറ്റത്തിൻ്റെ അലകൾ കണ്ടുതുടങ്ങി. ഗാരെത് സൗത്ത്ഗേറ്റ് ഒരു യുവനിരയെ ഹാരി കേനിന്റെ നേതൃത്ത്വത്തിൽ വാർത്തെടുത്തു. സെമിഫൈനലിൽ ക്രോയേഷ്യയോട് തോറ്റു പുറത്തായി, പിന്നീട് രണ്ടു വർഷത്തിന് ശേഷം യൂറോ ടൂർണമെന്റിൽ ഫൈനലിലും ഇംഗ്ലണ്ട് ഇടംപിടിച്ചു. ഇപ്പോൾ ഖത്തറിൽ ആദ്യ മത്സരത്തിൽ തന്നെ എതിരാളികൾക്ക് ഒരു മുന്നറിയിപ്പെന്ന പോലെ തകർപ്പൻ വിജയം.
117 മിനുറ്റ് നീണ്ട ഇംഗ്ലണ്ട്-ഇറാൻ മത്സരം ഒരു റെക്കോർഡ് സൃഷ്ടിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ലോകകപ്പിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരം. ഇറാന്റെ ഗോൾകീപ്പർക്ക് ആദ്യ പകുതിയിൽ പരുക്കേറ്റ് കളി തടസപ്പെട്ടത് 14 മിനുറ്റ് സ്റ്റോപ്പേജ് ടൈം ആദ്യ പകുതിയിൽ അനുവദിക്കാൻ കാരണമായി. രണ്ടാം പകുതിയിൽ ഇത് 13 മിനുറ്റായിരുന്നു.