ഖത്തര്‍: ഫിഫ ലോകകപ്പിന്റെ നിര്‍ണായകമായ നോക്കൗട്ട് ഘട്ടത്തിന് മുന്നോടി മുന്‍ ചാമ്പ്യന്മാരായ ബ്രസീലിന് ഇരട്ടപ്രഹരം. സൂപ്പര്‍ താരങ്ങളായ ഗ്രബ്രിയേല്‍ ജീസസിനും അലക്സ് ടെല്ലസിനും ലോകകപ്പ് നഷ്ടമാകും. കാമറൂണിനെതിരായ മത്സരത്തില്‍ ഇരുവര്‍ക്കും കാല്‍മുട്ടിന് പരുക്കേറ്റിരുന്നു. ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (സിബിഎഫ്) ഇക്കാര്യം സ്ഥിരീകരിച്ചു.
കാമറൂണിനെതിരായ മത്സരത്തിന്റെ 54-ാം മിനുറ്റില്‍ ടെല്ലസിനെ തിരിച്ചു വിളിച്ചിരുന്നു. പത്ത് മിനുറ്റുകള്‍ക്ക് ശേഷം ജീസസും കളം വിട്ടു. മത്സരത്തില്‍ 1-0 ന്റെ അപ്രതീക്ഷിത തോല്‍വിയാണ് ബ്രസീല്‍ നേരിട്ടത്.
പ്രീ ക്വാര്‍ട്ടറില്‍ തിങ്കളാഴ്ച സൗത്ത് കൊറിയക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം. നിലവില്‍ പരുക്കിന്റെ പടിയിലുള്ള നെയ്മര്‍ ഇതുവരെ ശാരീരിക ക്ഷമത പൂര്‍ണമായി വീണ്ടെടുത്തിട്ടില്ല. നോക്കൗട്ട് റൗണ്ടില്‍ താരം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
നെയ്മറിന് പുറമെ പ്രതിരോധ താരങ്ങളായ ഡാനിലൊ, അലക്സ് സാന്‍ഡ്രൊ എന്നിവര്‍ക്കും ടൂര്‍ണമെന്റിനിടെ പരുക്കെറ്റിരുന്നു. മൂവരും തിങ്കളാഴ്ചത്തെ മത്സരത്തില്‍ കളത്തിലെത്തുമൊ എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഡാനിലൊയ്ക്കും അലക്സിനും പകരം മാര്‍ക്വിനസും ഡാനി ആല്വസുമായിരിക്കും ഇറങ്ങുക.