FIFA World Cup 2022: ട്വിസ്റ്റുകളുടേയും സര്‍പ്രൈസുകളുടേയും ഒരു കുത്തൊഴുക്ക് തന്നെയായിരുന്നു ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ പ്രേമികള്‍ക്കായി കാത്തുവച്ചത്. സൗദി അറേബ്യ, ജപ്പാന്, സൗത്ത് കൊറിയ, ഓസ്ട്രേലിയ, യുഎസ്എ, മൊറോക്കൊ, സെനഗല്‍ തുടങ്ങിയ ചെറിയ ടീമുകള്‍ കരുത്തന്മാരെ മറികടന്നാണ് പ്രീ ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. ബെല്‍ജിയം, ഉറുഗ്വേ, ജര്‍മനി തുടങ്ങിയ വമ്പന്മാര്ക്ക് ഖത്തറില്‍ കപ്പിന് പകരം കണ്ണീരായിരുന്നു ലഭിച്ചത്.
ചെറിയ വീഴ്ചകള്‍ സംഭവിച്ചെങ്കിലും അര്‍ജന്റീന, ബ്രസീല്‍, സ്പെയിന്, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് തുടങ്ങിയ ശക്തികള്‍ പ്രതീക്ഷ തെറ്റിച്ചില്ല. ഇത്തവണയും കിരീട സാധ്യത കല്‍പ്പിക്കുന്ന ബ്രസീലും അര്‍ജന്റീനയും കളത്തില്‍ കവിതയെഴുതുന്നതിനാണ് ലോകകപ്പ് സാക്ഷ്യം വഹിക്കുന്നത്. സൗദി അറേബ്യയോട് തോറ്റ് തുടങ്ങിയ ലയണല്‍ മെസിയുടെ അര്‍ജന്റീന പിന്നീട് വീണ്ടെടുപ്പിന്റെ പാതയിലായിരുന്നു. മെക്സിക്കോയേയും പോളണ്ടിനേയും ആധികാരികമായി കീഴടക്കി, പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയോടും അത് ആവര്‍ത്തിച്ചു.
ബ്രസീലാകട്ടെ ഉറച്ച് ചുവടുകളുമായാണ് തുടങ്ങിയത്. സെര്‍ബിയയെ റിച്ചാര്‍ലിസണിന്റെ കരുത്തില്‍ കീഴടക്കി. സ്വിറ്റ്സര്‍ലന്‍ഡിനെതിരെ കാസിമീറൊ വിജയശില്‍പ്പിയായി, ഒടുവില്‍ കാമറൂണിന്റെ ഷോക്കേറ്റാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. പക്ഷെ, പതിഞ്ഞ താളത്തില്‍ വന്ന ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ കത്തിക്കയറി. പരിക്കില്‍ നിന്ന് മുക്തനായി നെയ്മര്‍ ആക്രമണത്തിന്റെ കുന്തമുനയായപ്പോള്‍ സൗത്ത് കൊറിയയെ 4-1 ന് നിലപരിശാക്കി. ബ്രസീലിയന്‍ ഫുട്ബോളിന്റെ അഴക് ഖത്തറില്‍ വിരിഞ്ഞു.
സാധ്യതകള്‍
ഖത്തറില്‍ ലോകം കാത്തിരിക്കുന്ന അര്‍ജന്റീന – ബ്രസീല്‍ സ്വപ്ന സെമി ഫൈനലിന് കളമൊരുങ്ങിയിരിക്കുകയാണ്. ഇരുടീമുകളും ക്വാര്‍ട്ടര്‍ ഫൈനല്‍ അതിജീവിച്ചാല്‍ നേര്‍ക്കുനേര്‍ വരും. ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളികള്‍ നിസാരക്കാരല്ല, നെതര്‍ലന്‍ഡ്സാണ്. പ്രതിരോധമാണ് കരുത്ത്, വീഴ്ത്താന്‍ മെസിയുടെ മായാജാലത്തിന് കഴിയണം. മറുവശത്ത് ബ്രസീലിന്റെ എതിരാളികള്‍ ക്രൊയേഷ്യയാണ്. ജയം മോഹിച്ച് തന്നെയാകും റ്റിറ്റെയുടെ സംഘമെത്തുക.
ലോകകപ്പില്‍ അര്‍ജന്റീന – ബ്രസീല്‍
ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍ വന്നിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. ഇതുവരെ നാല് തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. 1974, 1978, 1982, 1990 ലോകകപ്പുകളിലായിരുന്നു മത്സരങ്ങള്‍.
1974 – ഗ്രൂപ്പ് എയിലാണ് അര്‍ജന്റീന-ബ്രസീല്‍ മത്സരം വന്നത്. ഒന്നിനെതിരെ രണ്ട് ഗോളിന് ബ്രസീല്‍ ജയിച്ചു. റിവെല്ലിനൊ (32), ജെയര്സിഞ്യൊ (49) എന്നിവരാണ് ബ്രസീലനായി ഗോള്‍ നേടിയത്. മിഗ്വേല്‍ എയ്ഞ്ചല്‍ (35) ആണ് അര്‍ജന്റീനയ്ക്കായി ഗോള്‍ മടക്കിയത്.
1978 – ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു.
1982 – ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യത്തിലായിരുന്നു ബ്രസീലിന്റെ ജയം. 3-1 നാണ് ചിരവൈരികളെ കീഴടക്കിയത്. മഞ്ഞപ്പടയ്ക്കായി സീക്കൊ (11), സെര്ജിഞ്യൊ (67), ലിയൊ ജൂനിയര്‍ (74) എന്നിവര്‍ ലക്ഷ്യം കണ്ടു. റാമോണ്‍ ഡയാസിന്റെ വകയായിരുന്നു (89) അര്‍ജന്റീനയുടെ ആശ്വാസഗോള്‍.
1990 – ബ്രസീലിനെതിരെ അര്‍ജന്റീന ലോകകപ്പില്‍ ആദ്യമായി ജയം രുചിച്ചു. പ്രീ ക്വാര്‍ട്ടറില്‍ ക്ലൗഡിയൊ കനീഹ്യ 81-ാം മിനുറ്റില്‍ നേടിയ ഗോളാണ് തുണയായത്.