FIFA World Cup 2022: ഫിഫ ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലെ അവസാന രണ്ട് സ്ഥാനത്തിനായുള്ള പോരാട്ടങ്ങള്‍ ഇന്ന് നടക്കും. സൗത്ത് കൊറിയ, ഘാന, ഉറുഗ്വേ, സ്വിറ്റ്സര്‍ലന്‍ഡ്, സെര്‍ബിയ, കാമറൂണ്‍ എന്നീ ടീമുകളാണ് പതിനാറിലേക്ക് എത്താനായി കളത്തിലുള്ളത്. അതെസമയം, ഗ്രൂപ്പു ഘട്ടത്തില്‍ സമ്പൂര്‍ണ ജയം തേടി ബ്രസീലും പോര്‍ച്ചുഗലും ഇറങ്ങും.
ഗ്രൂപ്പ് എച്ച്
പോര്‍ച്ചുഗല്‍ – സൗത്ത് കൊറിയ
ഗ്രൂപ്പില്‍ രണ്ട് കളികളും ജയിച്ച ഏക ടീമാണ് പോര്‍ച്ചുഗല്‍. ഘാനയ്ക്കെതിരെ വിറച്ചായിരുന്നു ജയം, എന്നാല്‍ ഉറുഗ്വേയ്ക്കെതിരെ സമ്പൂര്‍ണ ആധിപത്യവും സ്ഥാപിച്ചു. മൂന്നില്‍ മൂന്നും നേടി അടുത്ത റൗണ്ടിലേക്ക് കുതിക്കാനായിരിക്കും ഫെര്‍ണാണ്ടോസ് സാന്റോസിന്റെ ടീം ശ്രമിക്കുക. സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് വിശ്രമം നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. മറുവശത്ത് പോര്‍ച്ചുഗലിനെ കീഴടക്കിയാല്‍ സൗത്ത് കൊറിയക്ക് പ്രീ ക്വാര്‍ട്ടര്‍ സാധ്യതകളുണ്ട്. എന്നാല്‍ ഘാന – ഉറുഗ്വേ മത്സരഫലത്തെക്കൂടി ആശ്രയിച്ചായിരിക്കുമെന്ന് മാത്രം. ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
ഉറുഗ്വേ – ഘാന
രണ്ട് തവണ ലോകകിരീടം ചൂടിയ ഉറുഗ്വേയ്ക്ക് ഈ ലോകകപ്പില്‍ ഒരു ഗോള്‍ പോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഗ്രൂപ്പ് എച്ചില് ഒരു പോയിന്റ് മാത്രമുള്ള ടീം അവസാന സ്ഥാനത്താണ്. ഘാനയ്ക്കെതിരെ വിജയം നേടിയാല്‍ മാത്രമാണ് സാധ്യതകള്‍ തുറക്കുക. പോര്‍ച്ചുഗല്‍ സൗത്ത് കൊറിയയെ പരാജയപ്പെടുത്തുക കൂടി ചെയ്യണം. ഉറുഗ്വേയ്ക്കെതിരെ ജയം നേടിയാല്‍ കണക്കുകൂട്ടലുകളില്ലാതെ ഘാനയ്ക്ക് മുന്നേറാം. അല്‍ ജുനൂബ് സ്റ്റേഡിയത്തില്‍ രാത്രി എട്ടരയ്ക്കാണ് മത്സരം.

ഗ്രൂപ്പ് ജി
ബ്രസീല്‍ – കാമറൂണ്‍
ആറാം ലോകകിരീടം ലക്ഷ്യമിടുന്ന ബ്രസീലിന് ലക്ഷ്യം മൂന്നാം ജയം. ആദ്യ രണ്ട് കളിയും മികവോട് വിജയിച്ച കാനറിപ്പട കാമറൂണിനെ നേരിടുമ്പോള്‍ ടീമില്‍ അഴിച്ചു പണികള്‍ ഉണ്ടായേക്കും. സൂപ്പര്‍ താരങ്ങളെ മാറ്റി നിര്‍ത്തി പരീക്ഷണത്തിന് പരിശീലകന് റ്റിറ്റെ മുതിര്‍ന്നേക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ ഫ്രാന്‍സ് ഒരു ഉദാഹരണമായി മുന്നില്‍ നില്‍ക്കെ കൂടുതല്‍ റിസ്കെ എടുത്തേക്കില്ല ബ്രസീല്‍. ഒരു പോയിന്റ് മാത്രമുള്ള കാമറൂണിന് ബ്രസീലിനെ കീഴടക്കിയാല്‍ മാത്രമെ അടുത്ത റൗണ്ടിലേക്ക് സാധ്യതകള്‍ ഉണ്ടാകു. ഇന്ത്യന്‍ സമയം രാത്രി 12.30-ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
സെര്‍ബിയ – സ്വിറ്റ്സര്‍ലന്‍ഡ്
ബ്രസീല്‍ മുന്നേറ്റ നിരയെ പിടിച്ചു കെട്ടുന്നതില്‍ മികവ് കാട്ടിയതിന്റെ ആത്മവിശ്വാസം സ്വിറ്റ്സര്‍ലന്‍ഡിനുണ്ടാകും. മൂന്ന് പോയിന്റുള്ള സ്വിസ് പടയ്ക്ക് അടുത്ത റൗണ്ടിലേക്ക് കടക്കാന്‍ സാധ്യതകള്‍ മുന്നിലുണ്ട്. ജയമോ സമനിലയോ പ്രീ ക്വാര്‍ട്ടര്‍ വാതിലുകള്‍ തുറന്നു നല്‍കും. മികച്ച ഗോള്‍ മാര്‍ജിനില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ മറികടക്കണം സെര്‍ബിയക്ക്. ഇരുവരും തമ്മിലുള്ള ജീവന് മരണ പോരാട്ടം ഇന്ത്യന്‍ സമയം രാത്രി 12.30-നാണ്. സ്റ്റേഡിയം 974-ലാണ് മത്സരം.
