FIFA World Cup 2022: ഫിഫ ലോകകപ്പില്‍ സൗത്ത് കൊറിയയെ തകര്‍ത്ത് മുന്‍ ചാമ്പ്യന്മാരായ ബ്രസീല്‍ ക്വാര്‍ട്ടറില്‍. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു വിജയം. വിനീഷ്യസ് ജൂനിയര്‍, നെയ്മര്‍, റിച്ചാര്ലിസണ്, ലൂക്കാസ് പക്വേറ്റ എന്നിവരാണ് സ്കോര്‍ ചെയ്തത്. പയ്ക്ക് സ്യൂങ് ഹൊയുടെ ബൂട്ടില്‍ നിന്നാണ് സൗത്ത് കൊറിയയുടെ ആശ്വാസ ഗോള്‍ വീണത്.
സാമ്പ താളത്തിലുള്ള ബ്രസീലിയന്‍ ഫുട്ബോളിന്റെ മനോഹാരിത ഇന്നലെ ഖത്തര്‍ കണ്ടു. ആദ്യ പകുതിയില്‍ തന്നെ നാല് ഗോളുകള്‍. അതും കേവലം 36 മിനിറ്റിനുള്ളില്‍. അതില്‍ മൂന്നെണ്ണം കാണികളുടെ മനസ് നിറച്ചവയായിരുന്നു. ഏഴാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീല്‍ ലീഡ് സ്വന്തമാക്കി.
പരുക്കില്‍ നിന്ന് മുക്തി നേടിയെത്തിയ നെയ്മറായിരുന്നു ഗോളിന് പിന്നില്‍. റഫീഞ്ഞ്യ ബോക്സിനുള്ളിലേക്ക് തൊടുത്ത ക്രോസ് വലയില്‍ വീഴ്ത്താനെത്തിയ നെയ്മറും റിച്ചാര്‍ലിസണും പരാജയപ്പെട്ടു. നെയ്മറിന്റെ ബുട്ടുകളിലുരസി പന്ത് വിനീഷ്യസിലേക്ക്. ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ ബോക്സിനുള്ളില്‍ നിന്ന വിനിഷ്യസിന് മുന്നില്‍ പ്രതിരോധവും തുറന്ന് കിടന്നു. അനായാസ ഗോള്‍.
വൈകാതെ തന്നെ റിച്ചാര്‍ലിസണിനെ ബോക്സില്‍ വീഴ്ത്തിയതിന് റെഫറി പെനാലിറ്റി വിധിച്ചു. കിക്കെടുത്ത നെയ്മറിന്റെ ബൂട്ടുകള്‍ക്ക് പിഴച്ചില്ല. തിരിച്ചുവരവില്‍ ഗോള്‍ നേടി നെയ്മര്‍ കാനറികളുടെ ലീഡ് രണ്ടായി ഉയര്‍ത്തി. ഈ ലോകകപ്പിലെ സൂപ്പര്‍ താരത്തിന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്.
29-ാം മിനിറ്റിലാണ് മത്സരത്തിലെ ഏറ്റവും മികച്ച ഗോള്‍ വീണത്. സൗത്ത് കൊറിയയുടെ പ്രതിരോധ നിര പുറത്തേക്ക് ഉയര്‍ത്തി നല്കിയ പന്ത് റിച്ചാര്ലിസണ് വീണ്ടെടുത്തു. പന്ത് തലയിലിട്ട് അമ്മാനമാടി കൊറിയന്‍ താരങ്ങളെ കീഴടക്കി ബോക്സിലുള്ള മാര്ക്വിനസിന് പാസ്. മാര്ക്വിനസില് നിന്ന് തിയാഗൊ സില്‍വയിലേക്ക് പന്തെത്തി. തിയാഗോ നല്കി ത്രു പാസ് റിച്ചാര്ലിസണ് ഫിനിഷ് ചെയ്തു. സൗത്ത് കൊറിയയുടെ പ്രതിരോധ നിര അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു നിന്നു. ബ്രസീല്‍ താരങ്ങളുടെ സ്കില്‍ സര്‍വത്ര പുറത്തു വന്ന ഗോള്‍.
വിനീഷ്യസ് ജൂനിയറിനെ അസിസ്റ്റും ലൂക്കാസ് പക്വേറ്റയുടെ കിടിലം ഫിനിഷിങ്ങിന്റേയും അവസാനം ബ്രസീലിന് ലഭിച്ചത് നാലാം ഗോള്‍. ആദ്യ പകുതിയില്‍ തന്നെ ബ്രസീല്‍ ആക്രമണ ഫുട്ബോളിന്റെ സൗന്ദര്യം വരച്ചുകാട്ടി. രണ്ടാം പകുതിയില്‍ സൗത്ത് കൊറിയയുടെ പോരാട്ടവീര്യം കണ്ടു. ബോക്സിന് പുറത്ത് സ്യൂങ് ഹൊ തൊടുത്ത ബുള്ളറ്റ് ഷോട്ട് ബ്രസീല്‍ വല കുലുക്കിയപ്പോള്‍ ഒരുപാട് വൈകിയിരുന്നു.