FIFA World Cup 2022: ഫിഫ ലോകകപ്പില്‍ ഇന്ന് ആവേശപ്പോരാട്ടങ്ങളില്‍ വമ്പന്മാരിറങ്ങും. മുന്‍ ചാമ്പ്യന്മാരായ സ്പെയിനും ജര്‍മനിയും കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ സെമി ഫൈനലിലെത്തിയ ബെല്‍ജിയം എന്നീ ടീമുകളാണ് അവസാന പതിനാറില്‍ ഇടം നേടാന്‍ ഇറങ്ങുന്നത്. മത്സര വിശദാംശങ്ങള്‍ പരിശോധിക്കാം.
ഗ്രൂപ്പ് എഫ്
ക്രൊയേഷ്യ – ബെല്‍ജിയം
ഗ്രൂപ്പ് എഫിലെ ഏറ്റവും ശക്തിയേറിയ പോരാട്ടത്തിനാണ് ലോകകപ്പില്‍ ഇന്ന് അരങ്ങൊരുങ്ങുന്നത്. മൊറോക്കോയോട് വഴങ്ങിയ അപ്രതീക്ഷിത തോല്‍വിയുടെ ഭാരത്തിലാണ് ബെല്‍ജിയം എത്തുന്നത്. മറുവശത്ത് കാനഡയെ 4-1 ന് തകര്‍ത്താണ് ക്രൊയേഷ്യയുടെ വരവ്. ബല്‍ജിയത്തിന് വിജയം അനിവാര്യമാണ് അടുത്ത റൗണ്ടിലേക്ക് എത്താന്‍. എന്നാല്‍ ക്രൊയേഷ്യക്ക് ഒരു സമനില മതിയാകം. ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് മത്സരം.
മൊറോക്കൊ – കാനഡ
ക്രൊയേഷ്യയെ സമനിലയില്‍ തളച്ചു, ബെല്‍ജിയത്തിനെ കീഴടക്കി. സ്വപ്നക്കുതിപ്പിലാണ് മൊറോക്കൊ. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മൊറോക്കൊ. അതുകൊണ്ട് തന്നെ പ്രീ ക്വാര്‍ട്ടറിലേക്ക് ചുവടുറപ്പിക്കാനാകും കാനഡയെ നേരിടുക. ടൂര്‍ണമെന്റില്‍ ഒരു ജയം പോലും നേടാന്‍ കാനഡയ്ക്കായിട്ടില്ല. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ കാനഡ ലോകകപ്പില്‍ നിന്ന് ഇതിനോടകം തന്നെ പുറത്തായതാണ്. രാത്രി എട്ടരയ്ക്ക് അല്‍ തുമാമ സ്റ്റേഡിയത്തിലാണ് മത്സരം.

ഗ്രൂപ്പ് ഇ
ജപ്പാന് – സ്പെയിന്
ജര്‍മനിയെ കീഴടക്കിയെങ്കിലും കോസ്റ്റാറിക്കയോട് പരാജയപ്പെട്ടാണ് ജപ്പാന്റെ വരവ്. മറുവശത്ത് കോസ്റ്റാറിക്കയെ ഏഴടിച്ച് വീഴ്ത്തിയെങ്കിലും ജര്‍മനിയോട് സ്പെയിനിന് സമനില വഴങ്ങേണ്ടി വന്നു. സമനില മാത്രം മതി സ്പെയിന് അടുത്ത റൗണ്ടിലേക്ക് കുതിക്കാന്‍, എന്നാല്‍ ജപ്പാന് അത് മതിയാവില്ല. സ്പെയിനെ മറികടന്നാല്‍ മാത്രമെ സ്വപ്ന മുന്നേറ്റം സാധ്യമാവുകയുള്ളു. ഇന്ത്യന്‍ സമയം രാത്രി 12.30 ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
ജര്‍മനി – കോസ്റ്റാറിക്ക
കഴിഞ്ഞ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ജര്‍മനി ഇത്തവണയും സമാന അവസ്ഥയിലാണ്. രണ്ട് കളികളില്‍ കേവലം ഒരു പോയിന്റ് മാത്രമാണുള്ളത്. ഗ്രൂപ്പ് ഇയില്‍ അവസാന സ്ഥാനത്തും. കോസ്റ്റാറിക്കയ്ക്കെതിരെ ജയം സ്വന്തമാക്കിയാലും സ്പെയിന്-ജപ്പാന് മത്സര ഫലത്തെക്കൂടി ആശ്രയിച്ചിരിക്കും ജര്‍മനിയുടെ സാധ്യതകള്‍. സ്പെയിന് ജപ്പാനെ പരാജയപ്പെടുത്തിയാല്‍, ജര്‍മനിയ സമനിലയില്‍ തളച്ചാല്‍ കോസ്റ്റാറിക്കയ്ക്കും അവസാന പതിനാറിലെത്താം. അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ രാത്രി 12.30-നാണ് മത്സരം.
