ദോഹ: ഫിഫ ഫുട്ബോള്‍ ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അര്‍ജന്റീനന്‍ ക്യാമ്പില്‍ ആശങ്ക. 26 അംഗങ്ങളുള്ള ടീമില്‍ മാറ്റങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പരിശീലകന് ലയണല്‍ സ്കലോണി. യുഎഇക്കെതിരായ സന്നാഹ മത്സരത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധ താരം ക്രിസ്റ്റ്യാന്‍ റൊമേറൊ, മുന്‍നിര താരങ്ങളായ നിക്കോളാണ് ഗോണ്‍സാലസ്, അലസാന്‍ഡ്രൊ ഗോമസ്, പൗലോ ഡിബാല എന്നീ സൂപ്പര്‍ താരങ്ങള്‍ യുഎഇക്കെതിരെ കളത്തിലിറങ്ങിയിരുന്നില്ല. ചില അസ്വസ്ഥതകള്‍ ഇവര്‍ പ്രകടിപ്പിച്ചിരുന്നതാണ് സ്കലോണി അറിയിച്ചു.
“ഞങ്ങള്‍ക്ക് കുറച്ച് പ്രശ്നങ്ങളുണ്ട്. ടീം ഘടന സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ദിവസങ്ങള്‍ മുന്നിലുണ്ട്. മാറ്റങ്ങള്‍ വരുത്താം, അങ്ങനെയൊരു സാഹചര്യം വരില്ലെന്നാണ് പ്രതീക്ഷ. പക്ഷെ സാധ്യതയുണ്ട്,” സ്കലോണി വ്യക്തമാക്കി.
“അവരെ ടീമില്‍ നിന്ന് ഒഴിവാക്കുമെന്നല്ല പറയുന്നത്. ചില താരങ്ങള്‍ക്ക് കളിക്കാനുള്ള ക്ഷമതയില്ലായിരുന്നു. അതിനാലാണ് കളത്തില്‍ ഇറങ്ങാത്തത്. എപ്പോഴും ജാഗ്രത പാലിക്കേണ്ടതുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പ് ടീമുകൾക്ക് അവരുടെ മത്സരത്തിന് 24 മണിക്കൂർ മുമ്പ് പരിക്കോ അസുഖമോ ഉള്ള കളിക്കാരെ മാറ്റാമെന്ന് ഫിഫ നിയമങ്ങൾ പറയുന്നു.
ഗ്രൂപ്പ് സിയില്‍ നവംബര്‍ 22-ന് സൗദി അറേബ്യക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. മെക്സിക്കൊ, പോളണ്ട് എന്നിവരുമായാണ് മറ്റ് രണ്ട് ഗ്രൂപ്പ് പോരാട്ടങ്ങള്‍.