FIFA World Cup 2022: ഫിഫ ലോകകപ്പില്‍ മരണ ഗ്രൂപ്പാകാന് ഒരുങ്ങുകയാണ് ഗ്രൂപ്പ് സി. കിരീട സാധ്യത ഏറെയുള്ള അര്‍ജന്റീനയ്ക്കൊപ്പം പോളണ്ട്, സൗദി അറേബ്യ, മെക്സിക്കൊ എന്നീ ടിമുകളാണ് ഗ്രൂപ്പിലുള്ളത്. അര്‍ജന്റീന അനായാസം പ്രീ ക്വാര്‍ട്ടറിലേക്ക് കുതിക്കുമെന്ന് തോന്നിച്ചിടത്ത് നിന്നാണ് സൗദി അറേബ്യ ഒന്നൊന്നര അട്ടിമറിയോടെ കാര്യങ്ങള്‍ തല കീഴാക്കിയത്.
ഇന്ന് നടന്ന മത്സരത്തില്‍ പോളണ്ട് സൗദിയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയതോടെ ഗ്രൂപ്പിലെ സാഹചര്യം കുറച്ചു കൂടി ആവേശകരമായിരിക്കുകയാണ്. നിലവില്‍ രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റുമായി പോളണ്ടാണ് ഒന്നാമത്. മൂന്ന് പോയിന്റുള്ള സൗദി രണ്ടാമതും ഒരു പോയിന്റുള്ള മെക്സിക്കൊ മൂന്നാമതും. അര്‍ജന്റീനയാണ് നാലാമത്.
ലോകകപ്പിലെ ജീവന്മരണ പോരാട്ടത്തിനാണ് ഇന്ന് അര്‍ജന്റീന ഇറങ്ങുന്നത്. മെക്സിക്കൊയ്ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ലയണല്‍ മെസിയും കൂട്ടരും വിജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രിഹിക്കുന്നില്ല. പോളണ്ട് സൗദിയെ കീഴടക്കിയ സാഹചര്യത്തില്‍ അര്‍ജന്റീനയുടെ ലോകകപ്പ് സാധ്യതകള്‍ എപ്രകാരമെന്ന് പരിശോധിക്കാം.
അര്‍ജന്റീന – മെക്സിക്കൊ ഫലവും സാധ്യതകളും
അര്‍ജന്റീന ജയം സ്വന്തമാക്കിയാല്‍: മെക്സിക്കൊയെ കീഴടക്കാനായാല്‍ പോയിന്റെ ടേബിളില്‍ നാലാം സ്ഥാനത്ത് നിന്ന് കരകയറാന്‍ മെസിപ്പടയ്ക്കാകും. ഇതോടെ സൗദിക്കും അര്‍ജന്റീനയ്ക്കും മൂന്ന് പോയിന്റ് വീതമാകും. അവസാന മത്സരത്തില്‍ പോളണ്ടിനേയും പരാജയപ്പെടുത്തിയാല്‍ മുന്‍ ചാമ്പ്യന്മാര്ക്ക് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ സാധിക്കും. പോളണ്ടുമായി സമനില വഴങ്ങിയാല്‍ സൗദി-മെക്സിക്കൊ മത്സരഫലത്തേയും ഗോള്നിലയേയും ആശ്രയിച്ചിരിക്കും അര്‍ജന്റീനയുടെ ഭാവി.
അര്‍ജന്റീന മെക്സിക്കൊയോട് പരാജയപ്പെട്ടാല്‍: തോല്‍വി അര്‍ജന്റീനയെ ലോകകപ്പിന്റെ പുറത്തേക്കായിരിക്കും നയിക്കുക. അര്‍ജന്റീനയെ പരാജയപ്പെടുത്തിയാല്‍ നാല് പോയിന്റുമായി മെക്സിക്കൊ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തും. അവസാന മത്സരത്തില്‍ പോളണ്ടിനെ കീഴ്പ്പെടുത്തിയാല്‍ പോലും മെസിക്കും കൂട്ടര്‍ക്കും മൂന്ന് പോയിന്റ് മാത്രമാകും നേടാനാകുക.
അര്‍ജന്റീന – മെക്സിക്കൊ മത്സരം സമനിലയിലായാല്‍: ഫലം ഇത്തരത്തിലായാല്‍ പോളണ്ടുമായുള്ള മത്സരത്തില്‍ ഉയര്‍ന്ന മാര്‍ജിനില്‍ ജയിക്കേണ്ടി വരും മുന്‍ ചാമ്പ്യന്മാര്ക്ക്. പോളണ്ടിന്റെ ഗോള്നിലയെ പോയിന്റ് പട്ടികയില്‍ മറികടക്കുകയും ചെയ്യണം. എങ്കില്‍ നാല് പോയിന്റുമായി അര്‍ജന്റീനയ്ക്ക് പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാം.