FIFA World Cup 2022: മെക്സിക്കൊയെ പരാജയപ്പെടുത്തി ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ് അര്‍ജന്റീന. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ലയണല്‍ മെസിയും കൂട്ടരും ആദ്യ ജയം സ്വന്തമാക്കിയത്. മെസി (64′), എന്‍സൊ ഫെര്‍ണാണ്ടസ് (87′) എന്നിവരാണ് സ്കോര്‍ ചെയ്തത്. ഗോള്‍ നേടുകയും രണ്ടാം ഗോളിന് വഴിയൊരുക്കുകയും ചെയ്ത മെസിയാണ് കളിയിലെ താരം.
അര്‍ജന്റീനയുടെ ജയത്തോടെ ഗ്രൂപ്പ് സിയില്‍ നിന്ന് ആര് അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്ന കാര്യം തെളിയാതെ നില്‍ക്കുകയാണ്. അര്‍ജന്റീനയ്ക്കും മെക്സിക്കോയ്ക്കും പുറമെ പോളണ്ടും സൗദി അറേബ്യയുമാണ് ഗ്രൂപ്പിലുള്ളത്. നാല് പോയിന്റുള്ള പോളണ്ടാണ് ഒന്നാമത്. മൂന്ന് പോയിന്റ് വീതമുള്ള അര്‍ജന്റീനയും സൗദിയും രണ്ടും മൂന്നും സ്ഥാനങ്ങളിലും.

അര്‍ജന്റീനയ്ക്ക് ഇനി അവശേഷിക്കുന്ന മത്സരം പോളണ്ടുമായാണ്. ഗ്രൂപ്പിലെ മറ്റൊരു കളി മെക്സിക്കോയും സൗദി അറേബ്യയും തമ്മിലും. രണ്ട് മത്സരങ്ങളും എല്ലാ ടീമിനും നിര്‍ണായകമായ സാഹചര്യമാണ് നിലവിലുള്ളത്, അര്‍ജന്റീനയുടെ സാധ്യതകള്‍ പരിശോധിക്കാം.
അര്‍ജന്റീന പോളണ്ടിനെ പരാജയപ്പെടുത്തിയാല്‍
പോളണ്ടിനെതിരെ വിജയം സ്വന്തമാക്കിയാല്‍ അനായാസം പ്രീ ക്വാര്‍ട്ടറിലേക്ക് കുതിക്കാന്‍ മെസിപ്പടയ്ക്കാകും.
അര്‍ജന്റീന – പോളണ്ട് മത്സരം സമനിലയിലായാല്‍
മത്സരം സമനിലയാവുകയാണെങ്കില്‍ പോളണ്ടിന്അ ഞ്ച് പോയിന്റും അര്‍ജന്റീനയ്ക്ക് നാല് പോയിന്റുമാകും.
സൗദി അറേബ്യ – മെക്സിക്കൊ മത്സരത്തെ ആശ്രയിച്ചിരിക്കും അര്‍ജന്റീനയുടെ ഭാവി. സൗദി മെക്സിക്കോയെ പരാജയപ്പെടുത്തുകയാണെങ്കില്‍ അര്‍ജന്റീന പുറത്താകും. ആറ് പോയിന്റുള്ള സൗദിയും പോളണ്ടും (5) മുന്നേറും.
മെക്സിക്കൊ സൗദിയെ പരാജയപ്പെടുത്തിയാലും അര്‍ജന്റീനയ്ക്ക് സാധ്യതയുണ്ട്. മൂന്ന് ഗോള്‍ മാര്‍ജിനില്‍ സൗദി തോല്‍ക്കാതിരുന്നാല്‍ മതി. ഗോള്‍ നിലയുടെ തുണയോടെ പ്രീ ക്വാര്‍ട്ടറിലേക്ക് അര്‍ജന്റീന എത്തും.
സൗദി- മെക്സിക്കൊ മത്സരം സമനിലയിലായാല്‍ അര്‍ജന്റീനയ്ക്കും സൗദിക്കും നാല് പോയിന്റ് വീതമാകും. ഗോള്‍ നില തന്നെയായിരുന്നു ഇവിടെയും നിര്‍ണായകമാകുക.
അര്‍ജന്റീന പോളണ്ടിനോട് പരാജയപ്പെട്ടാല്‍
അര്‍ജന്റീന പോളണ്ടിനോട് തോല്‍ക്കുകയാണെങ്കില്‍ ലോകകപ്പില്‍ നിന്ന് പുറത്താകും.