FIFA World Cup 2022: നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരും രണ്ട് തവണ വിശ്വകിരീട ജേതാക്കളുമായ അര്‍ജന്റീന സൗദി അറേബ്യയുമായുള്ള മത്സരത്തോടെ ഖത്തര്‍ ലോകകപ്പിന് തുടക്കം കുറിക്കും. ലോകകിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമുകളുടെ പട്ടികയില്‍ ബഹുദൂരം മുന്നിലാണ് ലയണല്‍ മെസിയും കൂട്ടരും.
ലാറ്റിന്‍ അമേരിക്കന്‍ കരുത്തന്മാരുടെ തുടര്‍ച്ചയായ 13-ാം ലോകകപ്പാണ് ഖത്തറിലേത്. 1974 ല്‍ ജര്‍മനി ആതിഥേയത്വം വഹിച്ച ലോകകപ്പിന് ശേഷം ഒരു ടൂര്‍ണമെന്റ് പോലും അര്‍ജന്റീനയ്ക്ക് നഷ്ടമായിട്ടില്ല.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ യോഗ്യതാ റൗണ്ടില്‍ രണ്ടാമതായി ഫിനിഷ് ചെയ്തായിരുന്നു ഖത്തര്‍ ലോകകപ്പിന് അര്‍ജന്റീന ടിക്കറ്റുറപ്പിച്ചത്. യോഗ്യതാ റൗണ്ടില്‍ ഒരു മത്സരത്തില്‍ പോലും തോല്‍വി വഴങ്ങിയില്ല. 17 മത്സരങ്ങളില്‍ 11 എണ്ണം വിജയിച്ചപ്പോള്‍ ആറെണ്ണം സമനിലയിലായി. ബ്രസീലായിരുന്നു യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തിയത്.
ഇതിഹാസ താരം ലയണല്‍ മെസി നയിക്കുന്ന ടീമില്‍ ഇത്തവണ യുവത്വത്തിന്റെ തുടിപ്പുമുണ്ട്. മെസിയെ മാത്രം ആശ്രയിച്ചായിരിക്കില്ല ഇത്തവണ അര്‍ജന്റീന ലോകകപ്പ് സ്വപ്നങ്ങള്‍ നെയ്യുന്നത്.
ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം ഗോള്‍ നേടിയ ടീമുകളുടെ പട്ടികയില്‍ മൂന്നാമതാണ് അര്‍ജന്റീന. ലോകകപ്പില്‍ ഇതുവരെ 137 തവണയെണാണ് അര്‍ജന്റീന വലകുലുക്കിയിട്ടുള്ളത്. ബ്രസീലും (229) ജര്‍മനിയും (226) മാത്രമാണ് അര്‍ജന്റീനയ്ക്ക് മുന്നിലുള്ളത്.
ലോകകപ്പിലെ അര്‍ജന്റീനയുടെ മത്സരങ്ങള്‍
(തീയതി, മത്സരം, സമയം, സ്റ്റേഡിയം എന്നീ ക്രമത്തില്‍)
- നവംബര്‍ 23: അര്‍ജന്റീന – സൗദി അറേബ്യ : വൈകിട്ട് 3.30 : ലുസൈല്‍ സ്റ്റേഡിയം
- നവംബര്‍ 27: അര്‍ജന്റീന – മെക്സിക്കൊ : പുലര്‍ച്ചെ 12.30 : ലുസൈല്‍ സ്റ്റേഡിയം
- ഡിസംബര്‍ 01: അര്‍ജന്റീന – പോളണ്ട് : പുലര്‍ച്ചെ 12.30 : സ്റ്റേഡിയം 974
ലോകകപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് വൂട്ട് ആപ്പിലും ജിയോ ടിവിയിലും കാണാം.