FIFA World Cup 2022, Argentina vs France Final Live Score Updates: ഫിഫ ഫുട്ബോള്‍ ലോകകപ്പ് കിരീടം അര്‍ജന്റീനയ്ക്ക്. പെനാലിറ്റി ഷൂട്ടൗട്ടിലാണ് ലയണല്‍ മെസിയും കൂട്ടരും കപ്പുയര്‍ത്തിയത്. സ്കോര്‍ 4-2.
അര്‍ജന്റീനയ്ക്കായി ഷൂട്ടൗട്ടില്‍ കിക്കെടുത്ത മെസി, ഡിബാല, പരേഡസ്, മൊന്‍ഡിയല്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. എന്നാല്‍ ഫ്രാന്‍സിന്റെ കിങ്സ്ലി കോമനും ചൗമേനിയും പെനാലിറ്റികള്‍ പാഴാക്കുകയായിരുന്നു. എംബാപെയും കൊളൊ മൗനിയും മാത്രമാണ് സ്കോര്‍ ചെയ്തത്.
അധികസമയത്തിന്റെ 108-ാം മിനുറ്റില്‍ മെസി നേടിയ ഗോളാണ് അര്‍ജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചിരുന്നു. എന്നാല്‍ 118-ാം മിനുറ്റില്‍ പെനാലിറ്റി ലക്ഷ്യത്തിലെത്തിച്ച് എംബാപെ ഫ്രാന്‍സിനായി മൂന്നാം ഗോള്‍ നേടി.
ആദ്യ പകുതിയില്‍ ലയണല്‍ മെസി (23′), എയ്ഞ്ചല്‍ ഡി മരിയ (36′) എന്നിവരുടെ ഗോളില്‍ അര്‍ജന്റീന ലീഡ് നേടിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയുടെ 80, 81 മിനുറ്റുകളില്‍ എംബാപെ നേടിയ ഗോളുകളാണ് ഫ്രാന്‍സിനെ ഒപ്പമെത്തിച്ചത്. തുടര്‍ന്ന് അധിക സമയത്തേക്ക് കളി നീങ്ങുകയായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതല്‍ ഫ്രാന്‍സിന് അവസരം നല്‍കാതെ ആക്രമണ ഫുട്ബോളാണ് അര്‍ജന്റീന പുറത്തെടുത്തത്. തുടരെ ഫ്രാന്‍സിന്റെ പ്രതിരോധത്തെ പരീക്ഷിച്ച അര്‍ജന്റീനയ്ക്ക് ഏറ്റവും മികച്ച അവസരം ലഭിച്ചത് 17-ാം മിനുറ്റിലായിരുന്നു. ഫ്രാന്‍സ് ബോക്സില്‍ ഡി പൊളിന്റെ പാസ് വീണ്ടെടുക്കാന്‍ മെസി പരാജയപ്പെട്ടു. എന്നാല്‍ അവസരം ലഭിച്ച ഡി മരിയ തൊടുത്ത ഷോട്ട് ലക്ഷ്യം തെറ്റി.
21-ാം മിനുറ്റില്‍ ഡി മരിയയെ ഫ്രാന്‍സിന്റെ ഡെംബലെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് റഫറി പെനാലിറ്റി വിധിച്ചു. പെനാലിറ്റി ലക്ഷ്യത്തിലെത്തിക്കാന്‍ എത്തിയ മെസിക്ക് പിഴച്ചില്ല. ഹ്യൂഗോ ലോറിസ് പോസ്റ്റിന്റെ ഇടതു ഭാഗത്തേക്ക് നീങ്ങിയപ്പോള്‍ മെസി വലതു മൂലയിലേക്ക് പന്തെത്തിച്ചു. ടൂര്‍ണമെന്റില്‍ മെസി നേടുന്ന ആറാം ഗോളാണിത്. നാലാം തവണയാണ് പെനാലിറ്റിയിലൂടെ സ്കോര്‍ ചെയ്യുന്നത്.
36-ാം മിനുറ്റില്‍ വളരെ അനായാസമായ ടീം പ്ലേയിലൂടെയാണ് അര്‍ജന്റീന ലീഡ് ഉയര്‍ത്തിയത്. സ്വന്തം പ്രതിരോധ നിരയില്‍ നിന്ന് പന്ത് സ്വീകരിച്ച മെസി പന്ത് ഫ്ലിക്ക് ചെയ്ത് മക്കാലിസ്റ്ററിന് നല്‍കി. പ്രതിരോധ താരങ്ങളില്ലാതെ ഒഴിഞ്ഞു കിടന്ന ഫ്രാന്‍സ് പോസ്റ്റിലേക്ക് പന്തുമായി കുതിപ്പ്. ഒടുവില്‍ സ്വയം ഷോട്ടിന് മുതിരാതെ ഡി മരിയ്ക്ക് ഗോള്‍ നേടാനുള്ള ദൗത്യം നല്‍കി. ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ച് ഡി മരിയ അര്‍ജന്റീനയെ രണ്ടടി മുന്നിലെത്തിച്ചു.
രണ്ടാം പകുതിയിലും പ്രതിരോധത്തിലേക്ക് വലിയാതെ ആക്രമിച്ചു കളിക്കുക എന്ന നയം തന്നെയായിരുന്നു അര്‍ജന്റീന സ്വീകരിച്ചത്. 59-ാം മിനുറ്റില്‍ ഹൂലിയന്‍ ആല്‍വാരസിന്റെ ഇടം കാല്‍ ഷോട്ട് ഗോളാകുമെന്ന് കരുതിയെങ്കിലും ഹ്യൂഗൊ ലോറില്‍ കൈപ്പിടിയിലൊതുക്കി. നിമിഷങ്ങള്‍ക്കുള്ളില്‍ ഇടതുവിങ്ങിലൂടെ ഡീ മരിയ ഗോള്‍ അവസരമൊരുക്കി. എന്നാല്‍ ബോക്സിനുള്ളില്‍ പാസ് സ്വീകരിച്ച മെസി തൊടുത്ത ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക്.
70-ാം മിനുറ്റിലായിരുന്നു മത്സരത്തിലെ ഏറ്റവും മികച്ച അവസരം ഫ്രാന്‍സിന് വീണു കിട്ടിയത്. ബോക്സിനുള്ളില്‍ അര്‍ജന്റീനയുടെ പ്രതിരോധ താരങ്ങളെ വകഞ്ഞുമാറ്റി ലക്ഷ്യത്തിലേക്ക് സൂപ്പര്‍ താരം എംബാപെ കുതിച്ചു. താരത്തിന്റെ വലം കാല്‍ ഷോട്ട് ഫ്രാന്‍സിന് നിരാശമാത്രമായിരുന്നു സമ്മാനിച്ചത്. തൊട്ടുപിന്നാലെ തന്നെ അര്‍ജന്റീന പ്രത്യാക്രമണം നടത്തി. മെസിയുടെ പാസില്‍ നിന്ന് എന്‍സൊ ഫെര്‍ണാണ്ടസ് തൊടുത്ത ഷോട്ട് ഹ്യൂഗൊ ലോറിസിനെ മറികടന്നില്ല.
80-ാം മിനുറ്റില്‍ കൊളൊ മൗനിയെ ഒറ്റമെന്‍ഡി ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് റഫറി പെനാലിറ്റി വിധിച്ചു. സൂപ്പര്‍ താരം എംബാപെയുടെ വേഗമേറിയ ഷോട്ട് തടുക്കാന്‍ എമിലിയാനൊ മാര്‍ട്ടിനസിന് സാധിച്ചില്ല. ഫ്രാന്‍സ് ആദ്യ ഗോള്‍ മടക്കി. സ്കോര്‍ 2-1.
ഒന്നാം ഗോളിന്റെ ആഘാതത്തില്‍ നിന്ന് അര്‍ജന്റീന മുക്തമാകുന്നതിന് മുന്‍പ് തന്നെ എംബാപെ രണ്ടാം ഷോക്ക് നല്‍കി. തുരാമിന്റെ പാസില്‍ നിന്ന് ബോക്സിന്റെ ഇടതു മൂലയില്‍ നിന്ന് എംബാപെയുടെ വലംകാല്‍ ഷോട്ട്. മാര്‍ട്ടിനസ് പന്ത് തടയാന്‍ മനസില്‍ പദ്ധതിയിട്ട സമയം കൊണ്ട് ഗോള്‍ വീണു. എംബാപയുടെ ലോകകപ്പിലെ ഏഴാം ഗോള്‍. സ്കോര്‍ 2-2.
രണ്ട് ഗോള്‍ വഴങ്ങിയതോടെ അര്‍ജന്റീനയുടെ കളിമികവില്‍ ഇടിവ് സംഭവിച്ചു. ഫ്രാന്‍സ് മുന്നേറ്റനിര അതിവേഗം അര്‍ജന്റീനയുടെ ഗോള്‍ മുഖത്തിലേക്ക് ആര്‍ത്തിരമ്പി. ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ എംബാപെയ്ക്ക് കഴിഞ്ഞെങ്കിലും പന്ത് ഒരു തവണ പോലും ഗോള്‍ വര കടത്താനായില്ല. അധിക സമയത്തില്‍ മെസി തൊടുത്ത ബുള്ളറ്റ് ഷോട്ട് ഹ്യൂഗോ ലോറിസ് തട്ടിയകറ്റിയതോടെ സമനില തുടര്‍ന്നു.
മെസി ഒറ്റയാള്‍ പോരാട്ടത്തിലേക്ക് നീങ്ങുന്നതാണ് അധികസമയത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ കണ്ടത്. 107-ാം മിനുറ്റില്‍ ബോക്സിന് പുറത്ത് നിന്ന് മെസിയുടെ ഇടം കാല്‍ ഷോട്ട്. എന്നാല്‍ ഹ്യൂഗൊ ലോറിസിന്റെ സേവ് മെസിക്ക് ഗോള്‍ നിഷേധിച്ചു. എന്നാല്‍ അടുത്ത നിമിഷം തന്നെ ഫ്രാന്‍സ് പ്രതിരോധം തകര്‍ന്നു. അവസരം മുതലെടുത്ത മെസി പന്ത് അനായാസം വലയിലെത്തിച്ചു, ടൂര്‍ണമെന്റിലെ ഏഴാം ഗോള്‍. അര്‍ജന്റീനയ്ക്ക് ലീഡ്.
118-ാം മിനുറ്റില്‍ ബോക്സിന് പുറത്ത് നിന്ന് എംബാപെ തൊടുത്ത ഷോട്ട് തടുക്കുന്നതിനിടെ അര്‍ജന്റീനയുടെ മോന്റിയലിന്റെ കൈകളില്‍ പന്ത് തട്ടി. ആദ്യ കാഴ്ചയില്‍ തന്നെ റഫറി പെനാലിറ്റി വിധിച്ചു. ഷോട്ട് എടുത്ത എംബാപെ പന്ത് ബോക്സിന്റെ ഇടതു മൂലയില്‍ നിക്ഷേപിച്ച് ഹാട്രിക്ക് തികച്ചു. ലോകകപ്പിലെ എംബാപെയുടെ എട്ടാം ഗോള്‍. സ്കോര്‍ 3-3.
അര്‍ജന്റീന: 4-4-2
എമിലിയാനൊ മാര്‍ട്ടിനസ് (ഗോളി); മൊളീന, റൊമേറൊ, ഒറ്റമെന്‍ഡി, അക്കൂന (പ്രതിരോധം); ഡി മരിയ, ഡി പൊള്‍, എന്‍സൊ ഫെര്‍ണാണ്ടസ് (മധ്യനിര); ലയണല്‍ മെസി, ഹൂലിയന്‍ ആല്‍വാരസ് (മുന്നേറ്റനിര).
ഫ്രാന്‍സ്: 4-3-3
ഹ്യൂഗൊ ലോറിസ് (ഗോളി); കൂന്‍ഡെ, വരാന്‍, ഉപമെക്കാനൊ, തിയൊ ഹെര്‍ണാണ്ടസ് (പ്രതിരോധം); അന്റോണിയൊ ഗ്രീസ്മാന്‍, ചൗമേനി, റാബിയോട്ട് (മധ്യനിര); ഡെംബലെ, ജിറൂദ്, എംബാപെ (മുന്നേറ്റനിര).
പ്രിവ്യു
ഫ്രാന്‍സും – അര്‍ജന്റീനയും ഏറ്റുമുട്ടുമ്പോള്‍ അത് തന്ത്രങ്ങളുടെ കൂടെ പോരാട്ടമാകും. ലയണല്‍ സ്കലോണിയുടെ കീഴില്‍ ലയണല്‍ മെസിയെ മുന്‍നിര്‍ത്തി കളത്തില്‍ പന്തുകൊണ്ട് കവിത എഴുതുക മാത്രമായിരുന്നില്ല അര്‍ജന്റീന ചെയ്തത്. തോല്‍വിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ഫൈനലിലേക്ക് ആധികാരികമായി മുന്നേറുക കൂടിയായിരുന്നു.
നിലവിലെ ചാമ്പ്യന്മാര്‍ ആദ്യ റൗണ്ടില്‍ പുറത്താകുന്ന പതിവ് തെറ്റിക്കാന്‍ ദിദിയര്‍ ദെഷാംപ്സിന്റെ ഫ്രാന്‍സിന് കഴിഞ്ഞു. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും ജയിച്ചെങ്കിലും ഫ്രാന്‍സിന്റെ മുന്നേറ്റം അത്ര ആധികാരികമായിരുന്നില്ല. എതിര്‍ ടീമിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ വീഴാതെ നില്‍ക്കാന്‍ ഫ്രാന്‍സിനായി.
ഫ്രാന്‍സിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചത് അന്റോണിയ ഗ്രീസ്മാനാണ്. മുന്‍നിരയിലും പിന്‍നിരയിലുമെല്ലാം ഒരുപോലെ സാന്നിധ്യമറിയിക്കുന്ന ഗ്രീസ്മാന്‍ ഇതുവരെ ലോകകപ്പില്‍ സൃഷ്ടിച്ചത് 21 ഗോളവസരങ്ങള്‍. സാക്ഷാല്‍ മെസി പോലും താരത്തിന് കീഴിലാണ്. മൂന്ന് അസിസ്റ്റുകളും ഗ്രീസ്മാന്‍ ഫ്രാന്‍സിനായി ലോകകപ്പില്‍ നല്‍കിയിട്ടുണ്ട്.
2018 റഷ്യ ലോകകപ്പില്‍ എംബാപെയ്ക്കൊപ്പം ഓടിയെത്താന്‍ അര്‍ജന്റീനയ്ക്കായിരുന്നില്ല. അന്ന് മെസിപ്പട വീണതും എംബാപെയുടെ കാലുകള്‍ക്ക് മുന്നിലായിരുന്നു. താരത്തെ തടഞ്ഞു നിര്‍ത്തുക എന്നത് അര്‍ജന്റീനയ്ക്ക് സാധിച്ചാല്‍ കിരീടത്തിലേക്ക് അടുക്കാന്‍ എളുപ്പമാകും. ഇടതുവിങ്ങില്‍ എംബാപെയെ തളയ്ക്കാനുള്ള ചുമതല മൊളീനയ്ക്കായിരിക്കും.
വിശ്വകിരീടമെന്ന ലക്ഷ്യം കീഴടക്കാന്‍ തന്റെ സര്‍വായുധങ്ങളുമായായിരിക്കും മെസി ലുസൈലില്‍ കാലു കുത്തുക. 2014-ല്‍ കലാശപ്പോരില്‍ തലകുനിച്ച് മടങ്ങിയ മെസിക്ക് കണക്ക് തീര്‍ക്കാനുള്ള അവസരം കൂടിയാകും കരിയറിലെ അവസാന ലോകകപ്പ്. അഞ്ച് ഗോളുകള്‍, മൂന്ന് അസിസ്റ്റുകള്‍, 18 ഗോളവസരങ്ങള്‍ അങ്ങനെ നീളുന്നു ഖത്തറിലെ മെസിയുടെ കണക്കുകള്‍.
മെസിയെ പൂട്ടിയാല്‍ മാത്രം മതിയാകില്ല ഫ്രാന്‍സിന് ജയം നേടാന്‍. നാലൊ അഞ്ചൊ പ്രതിരോധ താരങ്ങള്‍ വളഞ്ഞാലും ഹൂലിയന്‍ ആല്‍വാരസിന്റെ ബൂട്ടിലേക്ക് പന്തെത്തിക്കാനാവുമെന്ന് ഇതിനോടകം തന്നെ മെസി തെളിയിച്ചതാണ്. നാലു ഗോളുകളുമായി ഫോമിലുള്ള ആല്‍വാരസിന് ഫിനിഷിങ്ങില്‍ പിഴക്കുമെന്ന് കരുതേണ്ടതില്ല.
അധികസമയത്തിന്റെ 105-ാം മിനുറ്റില്‍ അര്‍ജന്റീനയ്ക്ക് ലീഡ് നേടാന്‍ സുവര്‍ണാവസരമുണ്ടായി. ബോക്സിനുള്ളില്‍ മെസിയുടെ മനോഹര പാസ് പകരക്കാരനായ ലൊത്താരൊ മാര്‍ട്ടിനസിലേക്ക്. താരം തൊടുത്ത ഷോട്ട് ഫ്രാന്‍സ് പ്രതിരോധം മടക്കം. നിമിഷങ്ങള്‍ക്കകം മാര്‍ട്ടിനസിന്റെ ലോറിസ് മാത്രം മുന്നില്‍ നില്‍ക്കെ ഗോള്‍ അവസരം ലഭിച്ചു. വീണ്ടും ലക്ഷ്യത്തിലെത്തിക്കുന്നതില്‍ താരം പരാജയപ്പെട്ടു.
അര്‍ജന്റീന – ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ മത്സരവിശദാംശങ്ങള്‍: Details of Argentina vs France FIFA World Cup Quarter Final Match
Argentina vs France FIFA World Cup Final Match Time: മത്സര സമയം?
അര്‍ജന്റീന – ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് ആരംഭിക്കും.
Where can watch Argentina vs France FIFA World Cup Final Match Live Broadcasting: തത്സമയ സംപ്രേഷണം എവിടെ കാണാം?
അര്‍ജന്റീന – ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ തത്സമയ സംപ്രേഷണം സ്പോര്‍ട്സ് 18-നില്‍ കാണാം.
Where can watch Argentina vs France FIFA World Cup Final Match Live Streaming: ലൈവ് സ്ട്രീമിങ് എവിടെ കാണാം?
അര്‍ജന്റീന – ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ജിയൊ സിനിമയില്‍ കാണാം.