FIFA World Cup 2022, Argentina vs Croatia Semi Final Live Streaming, When and Where to Watch: ഫിഫ ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ക്രൊയേഷ്യയെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ ജയം. ലയണല്‍ മെസി (34′) ജൂലിയന്‍ ആല്‍വാരസ് (39′, 69′) എന്നിവരാണ് ഗോള്‍ നേടിയത്.
തുടക്കം മുതല്‍ പന്ത് കൈവശം വച്ച് അര്‍ജന്റീനയ്ക്ക അവസരം നല്‍കാതെയായിരുന്നു ക്രൊയേഷ്യയുടെ കളി. 30 മിനുറ്റുകളോളം വിജയകരമായി തുടര്‍ന്ന തന്ത്രം വൈകാതെ തന്നെ പാളി. അര്‍ജന്റീനയുടെ മുന്നേറ്റതാരം ആല്‍വാരസിനെ ക്രൊയേഷ്യന്‍ ഗോളി ലിവക്കോവിച്ച് ഫൗള്‍ ചെയ്തതിന് റഫറി പെനാലിറ്റി വിധിച്ചു.
പെനാലിറ്റി പിഴവില്ലാതെ ബോക്സിന്റെ വലത് മൂലയില്‍ നിക്ഷേപിച്ച് മെസി അര്‍ജന്റീനയെ മുന്നിലെത്തിച്ചു. ഖത്തര്‍ ലോകകപ്പിലെ മെസിയുടെ അഞ്ചാം ഗോളാണിത്. ഇതുവരെ ലോകകപ്പുകളിലായി 11 ഗോളുകളാണ് സൂപ്പര്‍ താരം നേടിയത്. അര്‍ജന്റീനയ്ക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് മെസിക്ക് സ്വന്തം.
പെനാലിറ്റി ഗോളിന്റെ ആഘാതം മായുന്നതിന് മുന്‍പ് തന്നെ ക്രൊയേഷ്യ രണ്ടാം ഗോളും വഴങ്ങി. ഉലയാതെ നിന്ന ക്രൊയേഷ്യയുടെ പ്രതിരോധം വീണ അവസരം മുതലാക്കി ജൂലിയന്‍ ആല്‍വാരസാണ് ലക്ഷ്യം കണ്ടത്. ഒറ്റയാള്‍ മുന്നേറ്റത്തില്‍ അസാധ്യ പന്തടക്കത്തോടെയായിരുന്നു ആല്‍വാരസ് പന്ത് വലയിലെത്തിച്ചത്.
രണ്ടാം പകുതിയില്‍ ക്രൊയേഷ്യയുടെ തിരിച്ചു വരവിനുള്ള നീക്കങ്ങള്‍ പ്രതീക്ഷിച്ചവര്‍ക്ക് പിഴച്ചു. അര്‍ജന്റീനയുടെ മുന്നേറ്റ നിര ക്രൊയേഷ്യയുടെ പ്രതിരോധത്തെ നിരന്തരം പരീക്ഷിക്കുകയായിരുന്നു ലുസൈല്‍ സ്റ്റേഡിയത്തില്‍. 58-ാം മിനുറ്റില്‍ മെസിയുടെ മികച്ച നീക്കമുണ്ടായി. ഗോളെന്ന് പ്രതീക്ഷിച്ച പന്ത് ലിവക്കോവിച്ച് തടഞ്ഞു.
70-ാം മിനുറ്റില്‍ ലോകകപ്പ് ഒരിക്കല്‍ക്കൂടി മെസിയുടെ ഇടം കാലിന്റെ വിശ്വരൂപം കണ്ടു. ക്രൊയേഷ്യന്‍ പ്രതിരോധനിരയിലെ ഓരോരുത്തരേയും വകഞ്ഞുമാറ്റി ബോക്സിനുള്ളിലൂടെ നീക്കം. ഒടുവില്‍ പന്ത് ആല്‍വാരസിന്റെ ബൂട്ടിലേക്ക് നല്കി. അനായാസ ഫിനിഷിങ്ങിലൂടെ അര്‍ജന്റീനയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി യുവതാരം.