FIFA World Cup 2022: ഫിഫ ലോകകപ്പില്‍ ഇന്ന് ആവേശപ്പോരാട്ടങ്ങള്‍. പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ കരുത്തരായ അര്‍ജന്റീന ഉള്‍പ്പെടെ ഏഴ് ടീമുകള്‍ ഇറങ്ങും. സി, ഡി ഗ്രൂപ്പുകളിലെ മത്സരങ്ങളാണ് ഇന്ന് നടക്കുക. ഗ്രൂപ്പ് ഡിയില്‍ നിന്ന് ഫ്രാന്‍സ് മാത്രമാണ് യോഗ്യത നേടിയിട്ടുള്ളത്. അതിനാല്‍ ഫ്രാന്‍സ് ഒഴികെ കളത്തിലിറങ്ങുന്ന എല്ലാ ടീമുകള്‍ക്കും മത്സരങ്ങള്‍ നിര്‍ണായകമാണ്.
ഗ്രൂപ്പ് ഡി
ഫ്രാന്‍സ് – ടുണീഷ്യ
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും ജയിച്ച് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാനാകും നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ഇറങ്ങുക. യുവതാരം കെയിലിയന്‍ എംബാപയുടെ ഫോമാണ് ഫ്രാന്‍സിന്റെ കരുത്ത്. രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളാണ് എംബാപെ നേടിയത്. മറുവശത്ത് എതിര് ടീമിന്റെ ഗോള്‍വലയ്ക്കുള്ളില്‍ ഒരു തവണ പോലും പന്ത് വീഴ്ത്താന്‍ ഈ ലോകകപ്പില്‍ ടുണീഷ്യക്കായിട്ടില്ല. ഗ്രൂപ്പ് ഡിയില്‍ ഒരു സമനില മാത്രമുള്ള ടുണീഷ്യ അവസാന സ്ഥാനത്താണ്. ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് എജൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.
ഓസ്ട്രേലിയ – ഡെന്മാര്ക്ക്
ഇരുടീമുകളുടേയും ലോകകപ്പ് ഭാവി നിര്‍ണയിക്കുന്ന മത്സരമായിരിക്കും ഇത്. ടുണീഷ്യയോട് നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലെത്തുന്ന ഓസ്ട്രേലിയക്ക് നേരിയ മേല്‍ക്കൈ ഉണ്ട്. മൂന്ന് പോയിന്റുള്ള ഓസ്ട്രേലിയ ഗ്രൂപ്പില്‍ രണ്ടാമതാണ്. ഒരു ജയമോ സമനിലയോ ഓസ്ട്രേലിയയെ അവസാന പതിനാറിലെത്തിക്കും. കേവലം ഒരു പോയിന്റ് മാത്രമുള്ള ഡെന്മാര്ക്കിന് ജയം അനിവാര്യമാണ്. അല്‍ ജുനൂബ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്കാണ് മത്സരം.
ഗ്രൂപ്പ് സി
പോളണ്ട് – അര്‍ജന്റീന
സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇടം കാലില്‍ വിശ്വാസമര്‍പ്പിച്ചാണ് മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീന ജീവന് മരണ പോരാട്ടത്തിനിറങ്ങുന്നത്. ജയം അനായാസം ടീമിനെ പ്രീ ക്വാര്ട്ടറിലെത്തിക്കും. എന്നാല്‍ പോളണ്ടിനോട് സമനിലയോ തോല്‍വിയോ വഴങ്ങിയാല്‍ മെസിപ്പടയുടെ കാര്യം കഷ്ടത്തിലാകും. സമനില വഴങ്ങിയാല്‍ സൗദി അറേബ്യ – മെക്സിക്കൊ മത്സരഫലത്തെ ആശ്രയിച്ചിരിക്കം അര്‍ജന്റീനയുടെ ഭാവി. മറുവശത്ത് സമനില വഴങ്ങിയാല്‍ പോളണ്ടിന് പ്രീ ക്വാര്‍ട്ടറിലെത്താം. പരാജയപ്പെട്ടാല്‍ സൗദി – മെക്സിക്കൊ പോരാട്ടത്തിന്റെ ഫലം നിര്‍ണയിക്കും പോളണ്ടിന്റെ മുന്നേറ്റം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30-ന് സ്റ്റേഡിയം 974-ല്‍ വച്ചാണ് മത്സരം.
സൗദി അറേബ്യ – മെക്സിക്കൊ
അര്‍ജന്റീനയെ അട്ടിമറിച്ചാണ് ലോകകപ്പിന് സൗദി തുടക്കമിട്ടത്. പോളണ്ടിനെതിരായ മത്സരത്തില്‍ അതെ വീറോടെ പൊരുതിയെങ്കിലും രണ്ട് ഗോളിന് പരാജയപ്പെട്ടിരുന്നു. മെക്സിക്കൊയ്ക്കെതിരയും സമാന പ്രകടനം പുറത്തെടുക്കാനായാല്‍ സൗദിക്ക് പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കാം. ഗ്രൂപ്പില്‍ ഇതുവരെ ഒരു ഗോളോ ജയമോ പോലും സ്വന്തമാക്കാന്‍ കഴിയാത്ത ടീമാണ് മെക്സിക്കൊ. പട്ടികയില്‍ അവസാന സ്ഥാനത്തും. ലൂസൈല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30-നാണ് മത്സരം.