FIFA World Cup: ഫുട്ബോള്‍ മാമാങ്കത്തിന് മാസങ്ങള്‍ മാത്രം മുന്നില്‍ നില്‍ക്കെ മുന്‍ ലോകകപ്പുകളിലെ രസകരമായ നിമിഷങ്ങള്‍ കളിപ്രേമികളെ ഓര്‍മ്മിപ്പിക്കുന്ന തിരക്കിലാണ് ഫിഫ. അതിശയിപ്പിക്കുന്ന ഗോളുകളും നാടകീയ മുഹൂര്‍ത്തങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. 2002 ലോകകപ്പിലെ ബ്രസീല്‍ – ടര്‍ക്കി ഗ്രൂപ്പ് പോരാട്ടത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ച സംഭവത്തിന്റെ വീഡിയോയാണ് ഫിഫ കഴിഞ്ഞ ദിവസം പങ്കുവച്ചത്.
ബ്രസീല്‍ 2-1 ന് മുന്നില്‍ നില്‍ക്കെ അധികസമയത്തായിരുന്നു നാടകീയ രംഗങ്ങള്‍. ബ്രസീലിന് അനുകൂലമായി റഫറി കോര്‍ണര്‍ വിധിച്ചു. കോര്‍ണറെടുക്കാന്‍ തയാറായത് റിവാല്‍ഡൊയായിരുന്നു. എന്നാല്‍ ടര്‍ക്കി താരം ഹക്കാന്‍ ഉന്‍സാല്‍ അല്‍പ്പം ശക്തിയോടെ പന്ത് കിക്ക് ചെയ്താണ് റിവാല്‍ഡോയ്ക്ക് നല്‍കിയത്. പന്ത് ചെന്ന് കൊണ്ടത് റിവാല്‍ഡോയുടെ കാലിലും.
റിവാല്‍ഡൊ അത് ശരിക്കും മുതലാക്കുകയും ചെയ്തു. പന്ത് ശരീരത്തില്‍ കൊണ്ട നിമിഷം തന്നെ റിവാല്‍ഡൊ മുഖത്തേക്ക് കൈവച്ച് മൈതാനത്തേക്ക് മറിഞ്ഞു വീണു. വേദനകൊണ്ട് പുളയും വിധമായിരുന്നു താരത്തിന്റെ വീഴ്ച. സൈഡ് ലൈന്‍ റഫറിയുടെ സമീപത്തായിരുന്നു റിവാല്‍ഡൊ വീണതും.
ഹക്കാന്റെ കിക്കിന് ടര്‍ക്കി വലിയ വില കൊടുക്കേണ്ടി വന്നു. റിവാല്‍ഡൊ നിലത്തു വീണതോടെ ഇരുടീമുകളുടേയും താരങ്ങള്‍ എത്തുകയും ചെറിയ തോതില്‍ വാക്കേറ്റമാവുകയും ചെയ്തു. അവസാനം ഹക്കാന് റഫറി റെഡ് കാര്‍ഡും നല്‍കി. മത്സര ശേഷം റെഡ് കാര്‍ഡ് നല്‍കിയ റഫറിയുടെ തീരുമാനത്തെച്ചൊല്ലി തന്നെ തര്‍ക്കം നടന്നിരുന്നു.
സുപ്പര്‍ താരം റൊണാള്‍ഡോയും റിവാല്‍ഡോയുമായിരുന്നു അന്ന് ബ്രസീലിനായി സ്കോര്‍ ചെയ്തത്. ടര്‍ക്കിയുടെ ഏക ഗോള്‍ നേടിയത് ഹസന്‍ സാസായിരുന്നു. അതേ ലോകകപ്പിന്റെ സെമി ഫൈനലിലും ഇരു രാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടി. അന്നും ടര്‍ക്കിയുടെ വില്ലനായി റൊണാള്‍ഡൊ അവതരിച്ചു. താരത്തിന്റെ ഏക ഗോളില്‍ ബ്രസീല്‍ ഫൈനലിലേക്കും.
ഫൈനലില്‍ കരുത്തരായ ജര്‍മനിയായിരുന്നു ബ്രസീലിന്റെ എതിരാളികള്‍. റൊണാള്‍ഡൊ മാജിക് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയായിരുന്നു കലാശപ്പോരിലും. താരത്തിന്റെ ഇരട്ടഗോള്‍ മികവില്‍ കാനറികള്‍ക്ക് കിരീടവും.
Also Read: ‘കളത്തില്‍ തോറ്റതിന് പരിശീലകനോട്’; മെദ്വദേവിന് കളിപ്രേമികളുടെ ശകാരം; വീഡിയോ