ന്യൂഡല്‍ഹി: അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) ഫിഫ എര്‍പ്പെടുത്തിയ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. എഐഎഫ്എഫ് ഭരണത്തില്‍ ബാഹ്യഇടപെടലും ഫിഫ ചട്ടങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 16 നാണ് ഫിഫ വിലക്കേര്‍പ്പെടുത്തിയത്.
സസ്പെന്‍ഷന്‍ നീക്കിയതോടെ അണ്ടര്‍ 17 വനിതാ ലോകകപ്പിന്റെ ആതിഥേയത്വ അവകാശം ഇന്ത്യയ്ക്ക് നഷ്ടമാകില്ല. ഒക്ടോബര്‍ 11-30 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍.
” മൂന്നാം കക്ഷി സ്വാധീനം കാരണം എഐഎഫ്എഫിന് ഏർപ്പെടുത്തിയ സസ്പെൻഷൻ പിൻവലിക്കാൻ ഫിഫ കൗൺസിൽ തീരുമാനിച്ചു,” ഫിഫ പ്രസ്താവനയിൽ പറഞ്ഞു.
ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങളുടെ ചുമതലയ്ക്കായി രൂപീകരിച്ച മൂന്നംഗ സമിതിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചതായും എഐഎഫ്എഫിന്റെ ദൈനംദിന കാര്യങ്ങളുടെ പൂർണ നിയന്ത്രണം ഫെഡറേഷന്‍ വീണ്ടെടുത്തതായും ഫിഫയ്ക്ക് സ്ഥിരീകരണം ലഭിച്ചതിനെ തുടർന്നാണ് തീരുമാനം.
സുപ്രീം കോടതി ഇടപെടലാണ് ഫിഫിയുടെ തീരുമാനത്തില്‍ നിര്‍ണായകമായത്. കഴിഞ്ഞ ദിവസമാണ് അഖിലേന്ത്യാ ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങളുടെ ചുമതലയ്ക്കായി രൂപീകരിച്ച മൂന്നംഗ സമിതിയെ സുപ്രീംകോടതി പിരിച്ച് വിട്ടത്.
ഫെഡറേഷന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ആക്ടിങ് ജനറൽ സെക്രട്ടറി സുനന്ദോ ധറിന് കോടതി നിർദേശം നല്‍കുകയും ചെയ്തു. താത്കാലിക ഭരണസമിതി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഫിഫ പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീംകോടതി പറഞ്ഞിരുന്നു.
അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ എക്സിക്യുട്ടീവ് കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പ് ആഗസ്ത് 28 നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് കോടതി ഒരാഴ്ചത്തേക്ക് നീട്ടി. കൂടാതെ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്ന 36 അംഗങ്ങളുടെ പ്രതിനിധികള്‍ മാത്രമാണ് വോട്ടര്‍മാരുടെ പട്ടികയില്‍ ഉണ്ടാവുകയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.