മാഡ്രിഡ്: 18 വര്‍ഷത്തെ കരിയറിന് വിരാമമിട്ട് സ്പാനിഷ് ഇതിഹാസ താരം ഫെര്‍ണാണ്ടോ ടോറസ്. ലോകകപ്പ് നേടിയ സ്‌പെയിന്‍ ടീമിന്റെ നിര്‍ണായക സാന്നിധ്യമായിരുന്നു ടോറസ്.

അത്‌ലറ്റിക്കോ മാഡ്രിഡിനായി 100 ല്‍ കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ള ടോറസ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂളിനു വേണ്ടിയും ചെല്‍സിക്ക് വേണ്ടിയും ടോറസ് ബൂട്ടണിഞ്ഞിട്ടുണ്ട്. ഇറ്റാലിയന്‍ ക്ലബ്ബായ എസി മിലാന്‍ ജഴ്‌സിയിലും ടോറസ് കളിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അത്‌ലറ്റിക്കോയില്‍ നിന്നും ജപ്പാന്‍ ക്ലബ്ബായ സഗന്‍ ടോസുവിലെത്തിയെങ്കിലും അത്‌ലറ്റിക്കോയിലും ലിവര്‍പൂളിനും കാഴ്ചവച്ച മാജിക് ആവര്‍ത്തിക്കാന്‍ ടോറസിനായില്ല.

”18 വര്‍ഷങ്ങള്‍ക്ക് ശേഷം, എന്റെ ഫുട്‌ബോള്‍ കരിയറിന് വിരമമിടാനുള്ള സമയം എത്തിയിരിക്കുകയാണ്” ടോറസ് ട്വീറ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാനായി പത്രസമ്മേളനം വിളിച്ചു ചേര്‍ക്കുമെന്നും 35 കാരനായ താരം അറിയിച്ചു.

സ്‌പെയിന്‍ കുപ്പായത്തില്‍ ടോറസ് അരങ്ങേറുന്നത് 2003ലാണ്. 2008 ലെ യൂറോ കപ്പ് ഫൈനലില്‍ ജര്‍മ്മനിക്കെതിരെ സ്‌പെയിനിന്റെ വിജയഗോള്‍ നേടുന്നത് ടോറസാണ്. 2010 ല്‍ സ്‌പെയിനിനെ ലോകചാമ്പ്യന്മാരാക്കാനും ടോറസിന് സാധിച്ചു.

സ്‌പെയിന്‍ കിരീടം നിലനിര്‍ത്തിയ 2012 ലെ യൂറോയില്‍ ടോറസായിരുന്നു ടോപ് സ്‌കോറര്‍. രാജ്യത്തിനായി 110 മത്സരങ്ങളില്‍ നിന്നും 38 ഗോളുകള്‍ നേടിയിട്ടുണ്ട്. സ്‌പെയിനിന്റെ എക്കാലത്തേയും മികച്ച ഗോള്‍ സ്‌കോററില്‍മാരില്‍ ഡേവിഡ് വിയയ്ക്കും റൗളിനും പിന്നില്‍ മൂന്നാമതാണ് ടോറസ്.

2007 മുതല്‍ 2011 വരെ ലിവര്‍പൂളിനായി കളിച്ച കാലഘട്ടമാണ് ടോറസിന്റെ കരിയറിലെ ഏറ്റവും മികച്ചത്. 142 മത്സരങ്ങളില്‍ നിന്നും 81 തവണ ടോറസ് ലിവര്‍പൂളിനായി വലനിറച്ചു. റെക്കോര്‍ഡ് തുകയ്ക്കാണ് ടോറസ് ചെല്‍സിയിലെത്തിയത്. എഫ്എ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് എന്നിവ ചെല്‍സിയ്‌ക്കൊപ്പം ടോറസ് ഉയര്‍ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook