scorecardresearch
Latest News

മെസിയില്ല, പുതിയ കാലം ജയത്തോടെ തുടങ്ങി ബാഴ്സ; സിറ്റി കീഴടക്കി ടോട്ടനം

നീണ്ട 17 വര്‍ഷത്തിന് ശേഷം മെസിയില്ലാതെ ബാഴ്സലോണ ആദ്യമായി ലാ ലിഗ പോരാട്ടത്തിനിറങ്ങി

മെസിയില്ല, പുതിയ കാലം ജയത്തോടെ തുടങ്ങി ബാഴ്സ; സിറ്റി കീഴടക്കി ടോട്ടനം
Photo: Facebook/ FC Barcelona

മാഡ്രിഡ്: നീണ്ട 17 വര്‍ഷത്തിന് ശേഷം മെസിയില്ലാതെ ബാഴ്സലോണ ആദ്യമായി ലാ ലിഗ പോരാട്ടത്തിനിറങ്ങി. റയല്‍ സോസിഡാഡിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു കറ്റാലന്മാര്‍ പുതിയ കാലത്തെ വരവേറ്റത്. മാര്‍ട്ടിന്‍ ബ്രാത്ത്വെയ്റ്റ്, ജെറാഡ് പിക്വെ, സെര്‍ജി റോബെര്‍ട്ടോ എന്നിവരാണ് ബാഴ്സക്കായി സ്കോര്‍ ചെയ്തത്.

മത്സരത്തിന്റെ 19-ാം മിനിറ്റില്‍ ഹെഡറിലൂടെ ജെറാഡ് പിക്വെ സീസണിലെ ആദ്യ ഗോള്‍ മുന്‍ ചാമ്പ്യന്മാര്‍ക്കായി നേടി. ആദ്യ പകുതിയുടെ അധിക സമയത്തായിരുന്നു ബ്രാത്ത്വെയ്റ്റ് പന്ത് വലയിലെത്തിച്ചത്. 59-ാം മിനിറ്റില്‍ താരം തന്നെ ബാഴ്സയുടെ ലീഡ് മൂന്നായി ഉയര്‍ത്തി.

എന്നാല്‍ മത്സരത്തിന്റെ അവസാന പത്ത് മിനിറ്റില്‍ സോസിഡാഡ് ബാഴ്സയെ വിറപ്പിച്ചു. 82-ാം മിനിറ്റില്‍ ജൂലന്‍ ലോബെറ്റെ ആദ്യ ഗോള്‍ മടക്കി. മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ മിക്കേല്‍ ഒയാസബാള്‍ ബാഴ്സയുടെ പ്രതിരോധം തകര്‍ത്തു. സ്കോര്‍ 3-2. അധിക സമയത്ത് സെര്‍ജി റോബെര്‍ട്ടോ നേടിയ ഗോളാണ് ബാഴ്സയുടെ ജയം ഉറപ്പിച്ചത്.

അതേസമയം, ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ടോട്ടനം പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം. 55-ാം മിനിറ്റില്‍ സണ്‍ ഹ്യൂങ് മിന്നാണ് വിജയ ഗോള്‍ നേടിയത്. മത്സരത്തിലുടനീളം സിറ്റിക്കായിരുന്നു മേല്‍കൈ.

Also Read: 74 വര്‍ഷത്തിന് ശേഷം പ്രീമിയര്‍ ലീഗില്‍; ആദ്യ മത്സരത്തില്‍ ആഴ്സണലിനെ കീഴടക്കി ബ്രന്റ്ഫോര്‍ഡ്

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Fc barcelona beats real sociedad in their season opener