ആവേശ ജയവുമായി യുണൈറ്റഡ്, റയല്‍, പിഎസ്ജി; അനായാസം ചെല്‍സി

സ്പാനിഷ് ലാ ലിഗയില്‍ വലന്‍സിയക്കെതിരെ 85-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു റയല്‍ മാഡ്രിഡ് വിജയം പിടിച്ചെടുത്തത്

English Premier League, Manchester United
Photo: Facebook/ Manchester United

ലണ്ടണ്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ചെല്‍സിക്കും ജയം. നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മത്സരത്തില്‍ വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. എന്നാല്‍ കരുത്തരായ ടോട്ടനത്തെ ഏകപക്ഷീയമായായിരുന്നു ചെല്‍സി കീഴടക്കിയത്. അതേസമയം, ലെസ്റ്റര്‍ സിറ്റിയെ ബ്രൈറ്റണ്‍ അട്ടിമറിച്ചു.

വെസ്റ്റ് ഹാമിനെതിരെ യുണൈറ്റഡ് പോരാടിയാണ് മൂന്ന് പോയിന്റുകള്‍ നേടിയത്. 30-ാം മിനിറ്റില്‍ സെദ് ബെന്‍രാമയിലൂടെ വെസ്റ്റ് ഹാം മുന്നിലെത്തി. യുണൈറ്റഡ് ജേഴ്സിയില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോള്‍ കണ്ടെത്തി റൊണാള്‍ഡോ ടീമിനെ ഒപ്പമെത്തിച്ചു.

ഫൈനല്‍ വിസിലിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് ജെസി ലിങ്കാര്‍ഡ് വിജയ ഗോള്‍ നേടിയത്. എന്നാല്‍ കളിയുടെ അവസാന നിമിഷം ലഭിച്ച പെനാലിറ്റി ലക്ഷ്യത്തിലെത്തിക്കാന്‍ വെസ്റ്റ് ഹാമിനാകാതെ പോയി. മാര്‍ക്ക് നോബിളിന്റെ കിക്ക് തടഞ്ഞ് ഡി ഹെയ യുണൈറ്റഡിന് വിജയം സമ്മാനിക്കുകയായിരുന്നു.

ടോട്ടനത്തിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെല്‍സി തകര്‍ത്തത്. ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. തിയാഗൊ സില്‍വ (49′) കാന്റെ (57′), അന്റോണിയോ റൂഡിഗര്‍ (90+2′) എന്നിവരാണ് സ്കോര്‍ ചെയ്തത്. ജയത്തോടെ ചെല്‍സി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

സ്പാനിഷ് ലാ ലിഗയില്‍ വലന്‍സിയക്കെതിരെ 85-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം റയല്‍ മാഡ്രിഡ് വിജയം പിടിച്ചെടുത്തു. വിനീഷ്യസ് ജൂനിയറും കരീം ബെന്‍സിമയുമാണ് ഗോള്‍ നേടിയത്. ജയത്തോടെ റയല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ഫ്രഞ്ച് ലീഗില്‍ കരുത്തരായ പാരിസ് സെന്റ് ജര്‍മനും (പിഎസ്ജി) വിജയം സ്വന്തമാക്കിയത് അവസാന നിമിഷത്തില്‍. 54-ാം മിനിറ്റില്‍ ലൂക്കാസ് പക്വേറ്റയിലൂടെ ലിയോണ്‍ ലീഡ് നേടി. എന്നാല്‍ 66-ാം മിനിറ്റില്‍ സൂപ്പര്‍ താരം നെയ്മര്‍ പിഎസ്ജിയെ ഒപ്പമെത്തിച്ചു. മത്സരത്തിന്റെ അധിക സമയത്ത് മൗറൊ ഇക്കാര്‍ഡിയാണ് വിജയഗോള്‍ നേടിയത്.

Also Read: IPL 2021, CSK vs MI: മുംബൈക്കെതിരെ ചെന്നൈക്ക് 20 റൺസ് വിജയം

Get the latest Malayalam news and Football news here. You can also read all the Football news by following us on Twitter, Facebook and Telegram.

Web Title: English premier league united and chelsea wins

The moderation of comments is automated and not cleared manually by malayalam.indianexpress.com