scorecardresearch
Latest News

UEFA EURO 2020 Final Highlights: കപ്പ് ഇസ് ഗോയിങ് ടു റോം; ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് ഇറ്റലി

England vs Italy, UEFA EURO 2020 Final, Score, Goals, Live Streaming: 1968 ന് ശേഷം ഇറ്റലി ആദ്യമായാണ് യൂറോ കപ്പ് നേടുന്നത്

Photo: Facebook/ UEFA EURO 2020

England vs Italy, UEFA EURO 2020 Final Result, Score, Goals: യൂറോ 2020 ഫൈനൽ മത്സരത്തിൽ ഷൂട്ടൗട്ടിൽ ഇറ്റലിക്ക് ജയം. ഇറ്റലി-ഇംഗ്ലണ്ട് ഫൈനൽ മത്സരം എക്സ്ട്രാ ടൈമിലും സമനമിലയിൽപെട്ട് ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ ഇറ്റലിയുടെ അഞ്ച് ഷോട്ടുകളിൽ മൂന്നും ലക്ഷ്യം കണ്ടപ്പോൾ ഇംഗ്ലണ്ടിന് രണ്ടെണ്ണം മാത്രമാണ് വലയിലെത്തിക്കാൻ കഴിഞ്ഞത്.

വെംബ്ലിയെ ആവേശക്കടലിലാഴ്ത്തിയായിരുന്നു ഇംഗ്ലണ്ടിന്റെ കലാശപ്പോരാട്ടത്തിലെ തുടക്കം. നായകന്‍ ഹാരി കെയിന്റെ ബൂട്ടിലൂടെ ആദ്യ മുന്നേറ്റം. മനോഹരമായൊരു ലോങ് പാസ് മാസന്‍ മൗണ്ടിലേക്ക്.

മൗണ്ടിന്റെ കൃത്യതയാര്‍ന്ന ക്രോസ് ചെന്ന് പതിച്ചത് ലൂക്ക് ഷോയുടെ കാലുകളിലായിരുന്നു. അസൂറിപ്പടയ്ക്ക് പ്രതിരോധിക്കാന്‍ ഒരു നിമിഷം സാവകാശം നല്‍കിയല്ല ഷൊ. 2-ാം മിനിറ്റില്‍ ഇംഗ്ലണ്ട് മുന്നില്‍.

സ്വന്തം ജന്മദിനത്തിന് തൊട്ടുമുമ്പാണ് 25കാരനായ ലൂക്ക് ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനായി രണ്ടാം മിനുറ്റിൽ തന്നെ ഗോൾ നേടിയത്. തിങ്കളാഴ്ചയാണ് 1995 ജൂലൈ 12ന് ജനിച്ച ലൂക്കിന്റെ ജന്മദിനം.

സൗത്ത്ഗേറ്റ് എന്ന പരിശീലകന്റെ കൃത്യതയാര്‍ന്ന പദ്ധതികള്‍ ആവിഷ്കരിക്കുന്ന ഇംഗ്ലണ്ടിനെയാണ് പിന്നീട് കളത്തില്‍ കണ്ടത്. ഇറ്റലിയുടെ എല്ലാ മുന്നേറ്റങ്ങളും നിര്‍വീര്യമാക്കാന്‍ അവര്‍ക്കായി.

34-ാം മിനിറ്റില്‍ ഫെഡറിക്കൊ കിയേസ തൊടുത്ത ഷോട്ട് മാത്രമാണ് ഇറ്റലിക്ക് അവകാശപ്പെടാനായി ആദ്യ പകുതിയിലുണ്ടായിരുന്ന നിമിഷം. ഗോള്‍ നേടിയ ശേഷവും ലൂക്ക് ഷോ കളം നിറഞ്ഞു കളിച്ചു. ഇംഗ്ലണ്ടിനായി നിരവധി അവസരങ്ങള്‍ ഒരുങ്ങിയെങ്കിലും മിസ് പാസുകള്‍ പലതും വിഫലമാക്കി.

Read More: റൊണാള്‍ഡോയ്ക്ക് ഗോള്‍ഡന്‍ ബൂട്ട്; ഡൊന്നാരുമ്മ ടൂര്‍ണമെന്റിലെ താരം

ഇംഗ്ലീഷ് പടയുടെ ചടുലതയാര്‍ന്ന മുന്നേറ്റങ്ങളില്‍ പലപ്പോഴും ഇറ്റാലിയന്‍ പ്രതിരോധത്തിന് മറുപടിയില്ലായിരുന്നു. പന്തടക്കത്തില്‍ അസൂറികള്‍ ഒരു പടി മുന്നിലായിരുന്നെങ്കിലും വ്യക്തമായ പദ്ധതിയോടെ കളിച്ച ഇംഗ്ലണ്ടിന് പിഴച്ചില്ല.

രണ്ടാം പകുതി 10 മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഇറ്റാലിയൻ പരിശീലകൻ റോബർട്ട് മാൻചിനി ടീമിൽ മാറ്റങ്ങള്‍ വരുത്തി. ബാരെല്ലയ്ക്കു പകരം ബ്രയാൻ ക്രിസ്റ്റന്റയും സിറെ ഇമ്മൊബിലെയ്ക്കു പകരം ഡൊമിനിക്കോ ബെറാർഡിയുമെത്തി. തന്ത്രം ഫലിച്ചു, ഇറ്റലിയുടെ ആക്രമണങ്ങള്‍ക്ക് വേഗതയേറി.

67-ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇറ്റലി തിരിച്ചടിച്ചു. കോര്‍ണറില്‍ നിന്നാണ് ഗോളിലേക്ക് വഴിയൊരുങ്ങിയത്. വെററ്റിയുടെ ഗോള്‍ ശ്രമം പോസ്റ്റിലിടിച്ചവസാനിച്ചു. പക്ഷെ ഓടിയെത്തിയ ബൊനൂച്ചി വീണു കിട്ടിയ അവസരം മുതലെടുത്തു. സമനില ഗോള്‍.

Read More: ഡ്രസ്സിങ് റൂമിനകത്ത് ആഘോഷം: കപ്പെടുത്ത് ചുവട് വച്ച് മെസിയും സഹതാരങ്ങളും-വീഡിയോ

പിന്നീട് തുടരെ ഇറ്റാലിയന്‍ താരങ്ങള്‍ ഇംഗ്ലണ്ട് ഗോള്‍ മുഖത്ത് എത്തി. ഉജ്വലമായ അവസരങ്ങള്‍ സൃഷ്ടിച്ച കിയേസ പരുക്ക് മൂലം കളം വിട്ടത് അസൂറികള്‍ക്ക് തിരിച്ചടിയായി. എങ്കിലും നിശ്ചിത സമയത്തേയും അധിക സമയത്തേയും ഇരുടീമുകളുടേയും ശ്രമങ്ങള്‍ ഫലം കണ്ടില്ല.

മത്സരം പെനാലിറ്റി ഷൂട്ടൗട്ടിലേക്ക്. പ്രധാന ടൂര്‍ണമെന്റുകളിലെ പെനാലിറ്റി ഷൂട്ടൗട്ടുകള്‍ ഇറ്റലിക്ക് സുപരിചിതമാണ്.

ഇംഗ്ലണ്ട് താരങ്ങളായ ജെയ്ഡൻ സാഞ്ചോ, ബുകായോ സാക എന്നിവരുടെ ഷോട്ടുകൾക്ക് ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ‍ഡൊന്നാരുമയെ മറികടക്കാനായില്ല. മാർക്കസ് റാഷ്ഫോഡിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് പുറത്തുപോയി.

ഇറ്റാലിയൻ താരങ്ങളായ ആൻഡ്രിയ ബെലോട്ടി, ജോർജീഞ്ഞോ എന്നിവര്‍ക്കും ഷൂട്ടൗട്ടില്‍ പിഴച്ചു. പക്ഷെ ഡൊമിനിക്കോ ബെറാർഡി, ലിയനാർഡോ ബൊനൂച്ചി, ബെർണാദേഷി എന്നിവർ ലക്ഷ്യം കണ്ടും. ഡൊന്നാരുമ്മയുടെ തോളിലേറി അസൂറികള്‍ കിരീടം ഉറപ്പിച്ചു.

Read More: മെസി ഫൈനലിൽ ഇറങ്ങിയത് പരിക്കുമായി; വെളിപ്പെടുത്തലുമായി അർജന്റീന പരീശീലകൻ

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: England vs italy uefa euro 2020 final score goals result live streaming updates