പാരിസ്: കോപ്പ അമേരിക്കയിൽ പെറുവിനെതിരെ നേടിയ വമ്പൻ ജയത്തിന് പിന്നാലെ ബ്രസീൽ ഫുട്ബോളിൽ നിന്ന് മറ്റൊരു പ്രധാനപ്പെട്ട വാർത്ത പുറത്തു വന്നു. ബ്രസീൽ നയകനും ഫ്രഞ്ച് വമ്പന്മാരായ പാരിസ് സെന്റ് ജർമ്മനും പ്രതിരോധ താരവുമായ ഡാനി ആൽവസ് ക്ലബ് വിടുന്നു. ഡാനി ആൽവസ് തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. സൂപ്പർ താരം നെയ്മറും ക്ലബ് വിടുന്ന എന്ന വാർത്തകൾ സജീവമാകുന്നതിനിടയിലാണ് ഡാനി ആൽവസിന്റെ പ്രഖ്യാപനം.
രണ്ട് തവണ പിഎസ്ജിയെ ഫ്രഞ്ച് ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ഡാനി ആൽവസ്. സ്‌പേർട്ടിങ് ഡയറക്ടറായി ലിയണാർഡോ മടങ്ങിയെത്തിയതിന് പിന്നാലെയാണ് ഡാനിയുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. അതേസമയം എങ്ങോട്ടാണ് താരം പോകുന്നതെന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. നെയ്മർ പിഎസ്ജിയിലെത്തിയ 2017ൽ തന്നെയാണ് ഡാനി ആൽവസും ക്ലബിനൊപ്പം ചേരുന്നത്.
ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസില്‍ നിന്നാണ് താരം ഫ്രാന്‍സിലേക്കെത്തുന്നത്. ടീമിന്റെ പ്രതിരോധനിരയില്‍ നിർണയക സ്ഥാനം ലഭിച്ച ആല്‍വസ് ക്ലബിനായി രണ്ട് ഗോളും നേടിയിട്ടുണ്ട്. ക്ലബ്ബിനൊപ്പം രണ്ട് ലീഗ് 1കിരീടവും ഒന്നുവീതം കോപ്പാ ഡി ഫ്രാന്‍സ്,കോപ്പാ ഡി ലാ ലീഗ്,ട്രോഫി ഡെസ് ചാംപ്യന്‍സ് എന്നീ കിരീടങ്ങളും താരം നേടിയിട്ടുണ്ട്.
ബാഴ്സ പ്രതിരോധത്തിന്റെ കരുത്തായിരുന്ന ഡാനി ആൽവസ് 2008 മുതൽ 2016 വരെ ബാഴ്സയുടെ എല്ലാ നേട്ടങ്ങളിലും പങ്കാളിയായി. 247 മത്സരത്തില്‍ നിന്ന് 14 ഗോളടക്കം ബാഴ്‌സിൽ തന്റെ കരുത്ത് കാട്ടിയ ശേഷമായിരുന്നു താരം ക്ലബ്ബ് വിട്ടത്. പിന്നീട് ഇറ്റാലിയൻ ക്ലബ്ബിലേക്ക് ചേക്കേറിയ ഡാനി അധികം വൈകാതെ പിഎസ്ജിക്കൊപ്പം ചേർന്നു. ബ്രസീലിനുവേണ്ടി 111 മത്സരങ്ങൾ കളിച്ച താരം എട്ട് ഗോളുകളും കണ്ടെത്തിയിട്ടുണ്ട്. നെയ്മറിന് പരുക്കേറ്റ് പുറത്തുപോകേണ്ടി വന്നതിന് പിന്നാലെയാണ് ബ്രസീൽ നായക സ്ഥാനത്ത് ഡാനി ആൽവസ് മടങ്ങിയെത്തുന്നത്.