ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ഫുട്ബോള്‍ കരിയറില്‍ നിര്‍ണായക പങ്കുവഹിച്ച ക്ലബ്ബാണ് റയല്‍ മാഡ്രിഡ്. നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിന്റെ ഔദ്യോഗിക താരമാണ് റൊണാള്‍ഡൊ. എങ്കിലും തന്റെ മുന്‍ ക്ലബ്ബിനോടുള്ള അടുപ്പം റൊണാള്‍ഡൊ വിട്ടുകളഞ്ഞിട്ടില്ല. സ്പാനിഷ് സൂപ്പര്‍ കോപ്പയ്ക്കായി റിയാദിലെത്തിയെ റയല്‍ മാഡ്രിഡ് സംഘത്തെ റൊണാള്‍ഡൊ നേരിട്ടെത്തി കണ്ടു.
റൊണാള്‍ഡൊ ടീം ക്യാമ്പിലെത്തിയ വീഡിയോ റയല്‍ മാഡ്രിഡാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. റയല്‍ പരിശീലകന്‍ കാര്‍ലൊ ആഞ്ചലോട്ടിയുമായി സംഭാഷത്തിലേര്‍പ്പെടുന്ന റൊണാള്‍ഡോയെ വീഡിയോയില്‍ കാണാം. ഒപ്പം റയലിന്റെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളുമുണ്ട്.
പിന്നീട് റൊണാള്‍ഡോയെ കാണാന്‍ ജിമ്മിലേക്ക് റയലിന്റെ സൂപ്പര്‍ താരങ്ങള്‍ എത്തി. വിനീഷ്യസ് ജൂനിയര്‍, റോഡ്രിഡൊ, എഡര്‍ മിലിറ്റാവൊ തുടങ്ങിയവരാണ് എത്തിയത്. മൂവരും റൊണാള്‍ഡോയ്ക്കൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്തു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട റൊണാള്‍ഡൊ റയല്‍ മാഡ്രിഡിലേക്കെത്തുന്നതായി സൂചനകള്‍ പുറത്തു വന്നിരുന്നു. ഖത്തര്‍ ലോകകപ്പിന് ശേഷം റൊണാള്‍ഡൊ പരിശീലനം നടത്തിയിരുന്നത് റയലിന്റെ ഗ്രൗണ്ടിലായിരുന്നു. താരത്തിനായി ഏജന്റ് ജോര്‍ജെ മെന്‍ഡസ് പലതവണ റയലിനെ സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അല്‍ നസറുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് 40 ദിവസത്തോളം റയലിന്റെ വിളിക്കായി റൊണാള്‍ഡൊ കാത്തിരുന്നതായും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.