scorecardresearch
Latest News

റയലിന്റെ വിളിക്കായി ക്രിസ്റ്റ്യാനൊ കാത്തിരുന്നത് 40 ദിവസം; ഒടുവില്‍ അല്‍ നസര്‍ തന്നെ ഉറപ്പിച്ചു

ഖത്തര്‍ ലോകകപ്പിന് ശേഷം റയല്‍ മാഡ്രിഡിന്റെ ട്രെയിനിങ് ഗ്രൗണ്ടിലായിരുന്നു ക്രിസ്റ്റ്യാനൊ പരിശീലനം നടത്തിയിരുന്നത്

Cristiano Ronaldo
Photo: Facebook/ Cristiano Ronaldo

സ്പാനിഷ് വമ്പന്മാരും തന്റെ മുന്‍ ക്ലബ്ബുമായ റയല്‍ മാഡ്രിഡില്‍ നിന്നൊരു വിളിക്കായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ കാത്തിരുന്നതായി റിപ്പോര്‍ട്ട്. സൗദി അറേബ്യ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറുന്നതിന് മുന്‍പായിരുന്നു പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തിന്റെ പ്രതീക്ഷകള്‍. സ്പാനിഷ് മാധ്യമമായ മാഴ്സയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഖത്തര്‍ ലോകകപ്പിന് ശേഷം റയല്‍ മാഡ്രിഡിന്റെ ട്രെയിനിങ് ഗ്രൗണ്ടിലായിരുന്നു ക്രിസ്റ്റ്യാനൊ പരിശീലനം നടത്തിയിരുന്നത്. താരത്തിന്റെ മകനായി ക്രിസറ്റ്യാനൊ റൊണാള്‍ഡൊ ജുനിയര്‍ റയല്‍ മാഡ്രിഡ് ക്ലബ്ബില്‍ ചേരുകയും ചെയ്തു.

എന്നാല്‍ ക്രിസ്റ്റ്യാനൊ പ്രതീക്ഷിച്ച പോലൊരു സമീപനം റയലിന്റെ ഭാഗത്തു നിന്നുണ്ടായില്ല. 40 ദിവസത്തെ കാത്തിരിപ്പിന് ശേഷം വെള്ളിയാഴ്ച അല്‍ നസറുമായി ക്രിസ്റ്റ്യാനൊ രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു.

“പുതിയ ചരിത്രം കുറിക്കുന്നു എന്നതിനേക്കാള്‍ മുകളിലാണിത്. ഈ കരാര്‍ ക്ലബ്ബിന്റെ ഉയര്‍ച്ചയ്ക്കും വിജയത്തിനും മാത്രമാകില്ല മുതല്‍ക്കൂട്ടാകുക. രാജ്യത്തിനും ഫുട്ബോള്‍ ലീഗിനും ഭാവി തലമുറയ്ക്കും പ്രചോദനമാകും. അല്‍ നസിറിലേക്ക് ക്രിസ്റ്റ്യാനോയ്ക്ക് സ്വാഗതം,” എന്നാണ് അല്‍ നസര്‍ താരത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ട്വീറ്റില്‍ പറയുന്നത്.

പുതിയ സാഹചര്യത്തില്‍ മറ്റൊരു രാജ്യത്തെ ഫുട്ബോള്‍ ആസ്വദിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്നാണ് ക്രിസ്റ്റ്യാനൊ പ്രതികരിച്ചത്.

“യൂറോപ്യന്‍ ഫുട്ബോള്‍ നേടാനുള്ളതെല്ലാം സ്വന്തമാക്കി. എന്റെ അനുഭവം ഏഷ്യയുമായി പങ്കിടുന്നതിന് ഇതാണ് കൃത്യമായ സമയമെന്ന് എനിക്ക് തോന്നുന്നു,” റൊണാള്‍ഡൊ പ്രതികരിച്ചു.

പിയേഴ്സ് മോര്‍ഗനുമായുള്ള ടിവി അഭിമുഖത്തെത്തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാര്‍ ക്രിസ്റ്റ്യാനൊ അവസാനിപ്പിച്ചിരുന്നു. യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് ക്രിസ്റ്റ്യാനോയെ തുടര്‍ച്ചയായി ബഞ്ചിലിരുത്തിയിരുന്നു. ഇതാണ് താരത്തെ ചൊടിപ്പിച്ചത്. യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായിരുന്ന താരത്തെ സ്വന്തമാക്കാന്‍ പ്രമുഖ ക്ലബ്ബുകള്‍ വിസമ്മതിച്ചു.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Cristiano ronaldo waited for a call from real madrid report