അബുദാബി: ലീഗ് കരിയറില്‍ 500 ഗോളുകള്‍ തികച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ. സ്പോര്‍ട്ടിങ് സിപി (3), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (103), റയല്‍ മാഡ്രിഡ് (311), യുവന്റസ് (81), അല്‍ നസര്‍ (5) എന്നിങ്ങനെയാണ് താരത്തിന്റെ ഗോള്‍ വേട്ട.
സൗദി പ്രൊ ലീഗില്‍ അല്‍ വെഹ്ദയ്ക്കെതിരായ മത്സരത്തിലാണ് റൊണാള്‍ഡൊ സുവര്‍ണ നേട്ടത്തിലേക്ക് എത്തിയത്. അല്‍ വെഹ്ദയ്ക്കെതിരെ താരം നാല് തവണയാണ് വലകുലുക്കിയത്. 21, 40, 53, 61 മിനുറ്റുകളിലായിരുന്നു ഗോളുകള്‍. കഴിഞ്ഞ ലീഗ് മത്സരത്തിലും റൊണാള്‍ഡൊ ഗോള്‍ നേടിയിരുന്നു.
കഴിഞ്ഞ വാരത്തിലെ മത്സരത്തിന് മുന്‍പ് രണ്ട് തവണ മാത്രമായിരുന്നു സൗദിയിലെത്തിയതിന് ശേഷം റൊണാള്‍ഡൊ ഗോള്‍ നേടിയിരുന്നത്. സൗദി ഓള്‍ സ്റ്റാറും പാരിസ് സെന്റ് ജര്‍മനും (പി എസ് ജി) തമ്മിലുള്ള മത്സരത്തിലായിരുന്നു ഗോള്‍ പിറന്നത്. മത്സരത്തില്‍ പി എസ് ജി 5-4 എന്ന സ്കോറില്‍ വിജയിച്ചെങ്കിലും റൊണാള്‍ഡൊ രണ്ട് തവണ ലക്ഷ്യം കണ്ടു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ അവസാനിപ്പിച്ചതിന് ശേഷം ഫ്രീ ഏജന്റായി തുടരുകയായിരുന്നു റൊണാള്‍ഡൊ. ലോകകപ്പിന് ശേഷം ഏറെ നാള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിന് ശേഷമാണ് താരം അല്‍ നസറില്‍ റെക്കോര്‍ഡ് തുകയ്ക്ക് എത്തിയത്.