ലണ്ടണ്‍: 12 വര്‍ഷത്തിന് ശേഷം സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ മടങ്ങിയെത്തിയ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വമ്പന്‍ ജയം. റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ മികവില്‍ ന്യൂകാസില്‍ യുണൈറ്റഡിന് ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. താരത്തിന് പുറമെ ബ്രൂണോ ഫെര്‍ണാണ്ടസ്, ജെസെ ലിങ്കാര്‍ഡ് എന്നിവരും യുണൈറ്റഡിനായി സ്കോര്‍ ചെയ്തു.
മത്സരത്തിന്റെ തുടക്കം മുതല്‍ യുണൈറ്റഡ് ആക്രമണ ഫുട്ബോളാണ് സ്വീകരിച്ചത്. ആദ്യ പകുതിയില്‍ മുന്നിലെത്തുക എന്ന ലക്ഷ്യം അകലുന്ന സമയത്തായിരുന്നു രക്ഷകനായി സാക്ഷാല്‍ റൊണാള്‍ഡൊ തന്നെ അവതരിച്ചത്. മാസന് ഗ്രീന്‍വുഡ് തൊടുത്ത ഷോട്ട് ന്യൂകാസിലിന്റെ പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടി റൊണാള്‍ഡോയിലേക്ക്. അനായാസം പന്ത് വലയിലെത്തിച്ചു താരം. ഓള്‍ഡ് ട്രഫോര്‍ഡ് ആര്‍ത്തിരമ്പി.
രണ്ടാം പകുതിയുടെ 56-ാം മിനിറ്റില്‍ ജാവിയര്‍ മന്ക്വിലോയിലൂടെ ന്യൂകാസില്‍ ഒപ്പമെത്തി. ആറ് മിനിറ്റ് മാത്രമായിരുന്നു സമനിലയുടെ ആയുസ്. ഷായുടെ മനോഹരമായ പാസ് സ്വീകരിച്ച് ബോക്സിനുള്ളിലേക്ക് റൊണാള്‍ഡോയുടെ മുന്നേറ്റം. ഇടം കാലുകൊണ്ട് തൊടുത്ത ഷോട്ട് തടയാന്‍ ന്യൂകാസില്‍ ഗോളിക്കായില്ല. യുണൈറ്റഡ് മുന്നിലെത്തി. രണ്ടാം ഗോളുമായി ക്രിസ്റ്റ്യാനൊ.
പിന്നീട് യുണൈറ്റഡിന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു മൈതാനത്ത്. 80-ാം മിനിറ്റില്‍ ബോക്സിന് പുറത്ത് നിന്ന് ബ്രൂണൊ ഫെര്‍ണാണ്ടസിന്റെ ഷോട്ട്. ന്യൂകാസില്‍ താരങ്ങളെ കാഴ്ച്ചക്കാരാക്കിക്കൊണ്ട് പന്ത് വലയിലെത്തി. മത്സരത്തിന്റെ അധിക സമയത്ത് പോള്‍ പോഗ്ബയുടെ അസിസ്റ്റില്‍ ജെസെ ലിങ്കാര്‍ഡും ലക്ഷ്യം കണ്ടതോടെ യുണൈറ്റഡിന്റെ ജയം സമ്പൂര്‍ണമായി.