മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ സൗദി അറേബ്യ ക്ലബ്ബായ അല്‍ നാസറിലേക്ക്. സ്പാനിഷ് മാധ്യമമായ മാഴ്സയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2030 വരെയായിരിക്കും ക്ലബ്ബുമായുള്ള താരത്തിന്റെ കരാറെന്നാണ് ലഭിക്കുന്ന വിവരം.
അതിൽ രണ്ടര വർഷം ഒരു കളിക്കാരൻ എന്ന നിലയിലും ബാക്കിയുള്ളത് 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഈജിപ്തിനും ഗ്രീസിനുമൊപ്പം സൗദി അറേബ്യയുടെ ശ്രമത്തിന്റെ അംബാസഡറായും ആയിരിക്കുമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.
2030-ലെ ലോകകപ്പ് ആതിഥേയത്വം ഏത് രാജ്യത്തിനാണെന്നത് 2024-ല്‍ നടക്കാനിരിക്കുന്ന 74-ാമത് ഫിഫ കോൺഗ്രസിൽ തീരുമാനിക്കും. റൊണാൾഡോയുടെ എതിരാളിയായ ലയണൽ മെസി സൗദി അറേബ്യയുടെ ടൂറിസം അംബാസഡർ കൂടിയാണ്.
ഫിഫ ലോകകപ്പ് സമയത്ത് അല്‍ നാസറില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ റൊണാള്‍ഡൊ തള്ളിയിരുന്നു. അത് സത്യമല്ല എന്നായിരുന്നു താരത്തിന്റെ പ്രതികരണം. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മത്സരത്തിന് ശേഷമാണ് റൊണാള്‍ഡൊ തന്റെ നിലപാട് വ്യക്തമാക്കിയത്.
റൊണാള്‍ഡൊ അല്‍ നാസറില്‍ ചേരുകയാണെങ്കില്‍ വര്‍ഷങ്ങള്‍ നീണ്ട യൂറോപ്യന്‍ ക്ലബ്ബ് കരിയറിനായിരിക്കും അവസാനമാകുക. ഇതോടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുക എന്ന താരത്തിന്റെ മോഹവും ഇല്ലാതെയാകും.
പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖം വിവാദമായതിന് പിന്നാലെ റൊണാള്‍ഡോയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിര്‍ബന്ധിതരാവുകയായിരുന്നു. അഭിമുഖത്തില്‍ യുണൈറ്റഡിനും പരിശീലകന്‍ എറിക ടെന്‍ ഹാഗിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് റൊണാള്‍ഡൊ ഉയര്‍ത്തിയത്.
യുണൈറ്റഡും റൊണാള്‍ഡോയും ഒരുമിച്ചെടുത്ത തീരുമാനത്തിന്റെ പുറത്താണ് കരാര്‍ അവസാനിപ്പിച്ചതെന്ന് ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കി. രണ്ട് കാലഘട്ടങ്ങളിലായി യുണൈറ്റഡിനുവേണ്ടി 436 മത്സരങ്ങളില്‍ നിന്ന് 145 ഗോളുകളാണ് റൊണാള്‍ഡൊ നേടിയത്. മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, എഫ്എ കപ്പ്, രണ്ട് ലീഗ് കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നിവ നേടുന്നതില്‍ നിര്‍ണായകമായി. യുണൈറ്റഡിന് വേണ്ടിയുള്ള പ്രകടനമാണ് 2008-ല്‍ റൊണാള്‍ഡോയ്ക്ക് ബാലന്‍ ദി ഓര്‍ നേടിക്കൊടുത്തത്.