റിയാദ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കി സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍. ക്ലബ്ബ് അധികൃതര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ക്രിസ്റ്റ്യാനോ അല്‍ നസര്‍ ജേഴ്സിയുമായി നില്‍ക്കുന്ന ചിത്രങ്ങളും ക്ലബ്ബിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പ്രത്യക്ഷമായി. 2025 വരെയായിരിക്കും കരാറെന്നാണ് ലഭിക്കുന്ന വിവരം.
“പുതിയ ചരിത്രം കുറിക്കുന്നു എന്നതിനേക്കാള്‍ മുകളിലാണിത്. ഈ കരാര്‍ ക്ലബ്ബിന്റെ ഉയര്‍ച്ചയ്ക്കും വിജയത്തിനും മാത്രമാകില്ല മുതല്‍ക്കൂട്ടാകുക. രാജ്യത്തിനും ഫുട്ബോള്‍ ലീഗിനും ഭാവി തലമുറയ്ക്കും പ്രചോദനമാകും. അല്‍ നസിറിലേക്ക് ക്രിസ്റ്റ്യാനോയ്ക്ക് സ്വാഗതം,” ക്ലബ്ബിന്റെ ട്വീറ്റില്‍ പറയുന്നു.
എത്ര തുകയ്ക്കാണ് ക്രിസ്റ്റ്യാനോ അല്‍ നസറുമായി കരാറിലെത്തിയതെന്നതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. എങ്കിലും റെക്കോര്‍ഡ് തുകയ്ക്കാണ് സൗദി ക്ലബ്ബ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തെ കളത്തിലെത്തിച്ചതെന്നാണ് വിവരം.
രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം 200 മില്യണ്‍ യൂറോയ്ക്ക് മുകളിലാണ് കരാര്‍ തുക. ഏകദേശം 1775 കോടി രൂപയിലധികം വരും. ക്ലബ്ബിനായി കളിക്കുന്നതിന് പുറമെ ചില പരസ്യ കരാറുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സൗദി ക്ലബ്ബിനൊപ്പം ചേര്‍ന്നതോടെ ക്രിസ്റ്റ്യാനോയുടെ യൂറോപ്യന്‍ ഫുട്ബോള്‍ ബന്ധത്തിന് അവസാനമായിരിക്കുകയാണ്. ഐതിഹാസിക കരിയറില്‍ ആദ്യമായാണ് താരം യൂറോപ്പിന് പുറത്തുള്ള ക്ലബ്ബിനൊപ്പം ചേരുന്നത്.
പോര്‍ച്ചുഗല്‍ ക്ലബ്ബായ സ്പോര്‍ട്ടിങ്ങില്‍ കരിയര്‍ ആരംഭിച്ച താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ലോകോത്തര ടീമുകളുടെ ഭാഗമായിരുന്നു. ക്ലബ്ബിനും രാജ്യത്തിനുമായി എഴുനൂറിലധികം ഗോളുകള്‍ നേടി. അഞ്ച് തവണ ബാലന്‍ ദി ഓര്‍ പുരസ്കാരവും രണ്ട് പ്രാവശ്യവും ഫിഫ ബെസ്റ്റ് അവാര്‍ഡും സ്വന്തമാക്കി.